അപകടകാരിയായ അജ്ഞാത ജീവി തെരുവുകളിൽ അലഞ്ഞുനടക്കുന്നുവെന്ന് വിവരം, ഈ പ്രദേശവാസികൾ ഭീതിയിൽ

Published : Jul 29, 2022, 03:13 PM ISTUpdated : Jul 29, 2022, 03:14 PM IST
അപകടകാരിയായ അജ്ഞാത ജീവി തെരുവുകളിൽ അലഞ്ഞുനടക്കുന്നുവെന്ന് വിവരം, ഈ പ്രദേശവാസികൾ ഭീതിയിൽ

Synopsis

ഇതിനെ വളർത്തുന്നതും, കൈവശം വയ്ക്കുന്നതും ശിക്ഷാർഹമാണ്. അതുകൊണ്ട് തന്നെ മൃഗത്തെ ആരെങ്കിലും രഹസ്യമായി വളർത്തിയതാകാം എന്ന സംശയത്തിലാണ് അധികൃതർ. എന്നാൽ ഇത് എങ്ങനെ തെരുവിൽ എത്തിയെന്നത് നാട്ടുകാരെ കുഴപ്പിക്കുന്നു. മൃഗത്തെ ഇപ്പോഴും കണ്ടെത്താൻ സാധിച്ചിട്ടില്ല. 

ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലെ ജനങ്ങൾ ഭീതിയിലാണ്. ഒരു അപകടകാരിയായ അജ്ഞാത ജീവി പ്രദേശത്തെ തെരുവുകളിൽ അലഞ്ഞുനടക്കുന്നു. പ്രദേശവാസികൾ സൂക്ഷിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ന്യൂയോർക്ക് പോസ്റ്റിനോട് സംസാരിച്ച സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസിലെ (SPCA) റോയ് ഗ്രോസ് പറഞ്ഞു, "നിങ്ങൾ കുട്ടികളെ സൂക്ഷിക്കുക. വളർത്തുമൃഗങ്ങളെ സംരക്ഷിക്കുക. അത് വളരെ അപകടകാരിയായ ഒരു മൃഗമാണ്. അത് ഒരുപക്ഷേ വിശന്നിരിക്കയായിരിക്കും, അല്ലെങ്കിൽ ഭയന്ന്. രണ്ടായാലും സൂക്ഷിക്കണം". അതുകൊണ്ട് തന്നെ മുന്നിൽ എത്തിപ്പെടുന്ന ആളുകളെ മൃഗം ആക്രമിക്കുമോ എന്ന സംശയത്തിലാണ്  അധികൃതർ.      

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വെസ്റ്റ് ഇസ്‌ലിപ്പിലെ റെസിഡൻഷ്യൽ കോളനിയിൽ മൃഗത്തെ ആദ്യമായി കണ്ടത്. കാഴ്ചയിൽ ഒരു പൂച്ചയുടെ വലുപ്പം മാത്രമേ അതിനുള്ളൂ. എന്നാൽ ഒരു പുള്ളിപ്പുലിയുടെതുപോലെയാണ് അതിന്റെ ശരീരം. താമസക്കാരിൽ ഒരാൾ സാഹസികമായി അതിന്റെ ഒരു ചിത്രം എടുക്കുകയുണ്ടായി. ചിത്രം കണ്ട സ്‌ട്രോങ് ഐലൻഡ് ആനിമൽ റെസ്‌ക്യൂ ലീഗ് (SIARL) അത് അപകടകാരിയായ മൃഗമാണെന്നും, മൃഗത്തെ കണ്ടാൽ അതിന്റെ സമീപം ആരും പോകരുതെന്നും ഫേസ്ബുക് വഴി മുന്നറിയിപ്പ് നൽകി. അതിനെ പിന്തുടരാനോ പ്രകോപിപ്പിക്കാനോ ശ്രമിക്കരുതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അവർ പറയുന്നു. മൃഗത്തെ കണ്ടാൽ ഉടനെ തങ്ങളെ വിളിക്കണമെന്നും നാട്ടുകാരോട് അവർ ആവശ്യപ്പെട്ടു.  

അതേസമയം ഈ മൃഗം സൈബീരിയൻ ലിങ്ക്‌സ് ആണെന്ന് ചിത്രം കണ്ടവർ അവകാശപ്പെടുന്നു. നായയുടെ വലുപ്പമുള്ള ഒരു പൂച്ചയാണ് ഇത്. അവ മനുഷ്യരുമായി ഇണങ്ങാൻ പ്രയാസമാണ്. അവ അത്യന്തം അപകടകാരികളാണ്. അവയെ വീട്ടിൽ വളർത്തുന്നത് ഒരു വെല്ലുവിളിയാണ്. അതുമല്ല അതിനെ മനുഷ്യവാസ മേഖലകളിൽ കണ്ടെത്തുന്നതും പ്രയാസമാണ്. കൂടാതെ ഇതിനെ വളർത്തുന്നതും, കൈവശം വയ്ക്കുന്നതും ശിക്ഷാർഹമാണ്. അതുകൊണ്ട് തന്നെ മൃഗത്തെ ആരെങ്കിലും രഹസ്യമായി വളർത്തിയതാകാം എന്ന സംശയത്തിലാണ് അധികൃതർ. എന്നാൽ ഇത് എങ്ങനെ തെരുവിൽ എത്തിയെന്നത് നാട്ടുകാരെ കുഴപ്പിക്കുന്നു. മൃഗത്തെ ഇപ്പോഴും കണ്ടെത്താൻ സാധിച്ചിട്ടില്ല. 

“ന്യൂയോർക്കിൽ പ്രത്യേക അനുമതിയില്ലാതെ വിദേശ പൂച്ചകളെ സ്വന്തമാക്കുന്നത് നിയമവിരുദ്ധമാണ്. ഉടമ അതിനെ വളർത്തിയതാകാം, അതിന് സ്വയം പ്രതിരോധിക്കാനുള്ള ശേഷിയുണ്ടോ എന്നറിയില്ല" റോയ് പറഞ്ഞു. അതേസമയം, പൂച്ചയുടെ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സേവ് ദി അനിമൽസ് റെസ്‌ക്യൂ (സ്റ്റാർ) ഫൗണ്ടേഷൻ അറിയിച്ചിട്ടുണ്ട്. ആപത്തൊന്നും കൂടാതെ മൃഗത്തെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ അധികൃതർ.  

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ