ലൈം​ഗികത്തൊഴിലാളികൾ ആയിരുന്നിരിക്കാം, പക്ഷേ സമൂഹത്തിലിറങ്ങാൻ മടിക്കരുത്...

By Web TeamFirst Published Jun 6, 2021, 4:00 PM IST
Highlights

എന്‍റേതിന് സമാനമായ അനുഭവങ്ങളുണ്ടായ സ്ത്രീകളോട് ഞാൻ സംസാരിക്കുകയും ചെയ്യുന്നു. എനിക്കും ഒരിക്കല്‍ ഇതേ അനുഭവത്തിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട് എന്ന് ഞാനവരോട് പറയാറുണ്ട്. 

നമുക്കറിയാത്ത ഒരുപാട് ജീവിതങ്ങള്‍ ഇവിടെ ഒരുപാട് പേർ ജീവിക്കുന്നുണ്ട്. പട്ടിണിയിൽ കഴിയുന്നവര്‍, ദാരിദ്ര്യം കൊണ്ട് പലവിധ തൊഴിലുകളിൽ ഏർപ്പെടേണ്ടി വരുന്നവർ ഒക്കെയുണ്ട് അക്കൂട്ടത്തിൽ. പല സ്ത്രീകളും സാഹചര്യങ്ങളുടെ സമ്മർദ്ദത്തെ തുടർന്ന് ലൈം​ഗികത്തൊഴിലുകളിലേക്ക് തിരിയാറുണ്ട്. പലരും പിന്നീട് അതിൽ നിന്നും വിടുതൽ കിട്ടാതെ ജീവിക്കുന്നു. എന്നാൽ, ചിലർ അവിടെനിന്നും മുന്നോട്ട് നടക്കുകയും മറ്റ് ജോലികൾ കണ്ടെത്തുകയും ചെയ്യുന്നു. ഒപ്പം തന്റെ അതേ സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടി വരുന്ന മറ്റ് സ്ത്രീകൾക്കായി പ്രവർത്തിക്കുക കൂടി ചെയ്യുന്നു. ഇത് അതുപോലെ ഒരു സ്ത്രീയുടെ അനുഭവമാണ്. ഭർത്താവ് ഉപേക്ഷിച്ചതിനെ തുടർന്ന് അവർക്ക് തന്റെ മക്കളെ പോറ്റാനായി ലൈം​ഗികത്തൊഴിലിലേക്ക് തിരിയേണ്ടി വന്നു എങ്കിലും പിന്നീട് അവർ അവിടെ നിന്നും രക്ഷ നേടി. ഇന്ന് തന്റെ അതേ അനുഭവത്തിലൂടെ കടന്നു പോകേണ്ടി വന്ന സ്ത്രീകൾക്ക് ധൈര്യവും ആത്മവിശ്വാസവും ആവുകയാണ് അവർ. ആ അനുഭവം വായിക്കാം. 

എന്‍റെ ഭര്‍ത്താവ് എന്നെയും രണ്ട് കുട്ടികളെയും ഉപേക്ഷിക്കുകയായിരുന്നു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിനടുത്തുള്ള ഒരു ചെറിയ പട്ടണമായ പൊന്നൂരിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. എനിക്ക് വരുമാന മാർഗമൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ വളരെ മോശമായ സാഹചര്യങ്ങളിലായിരുന്നു ജീവിച്ചിരുന്നത്. എന്റെ ഒരു സുഹൃത്ത് വന്ന് എനിക്ക് സഹായവും താമസിക്കാൻ ഒരു ചെറിയ സ്ഥലവും വാഗ്ദാനം ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം അവൾ എന്നോട് ചോദിച്ചു, ലൈംഗികത്തൊഴില്‍ ജോലി ചെയ്യാൻ എനിക്ക് താൽപ്പര്യമുണ്ടോ എന്ന്. ഒരുപാട് പേര്‍ ജീവിക്കാന്‍ വേണ്ടി അങ്ങനെ തൊഴില്‍ ചെയ്യുന്നുണ്ട് എന്ന് അവളെന്നെ ബോധ്യപ്പെടുത്തി. 

കാര്യങ്ങള്‍ വളരെ മോശമായിരുന്നു എങ്കിലും എനിക്ക് മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. രണ്ട് കുഞ്ഞുങ്ങളെ എനിക്ക് പോറ്റണമായിരുന്നു. ഒരാള്‍ക്ക് പകരം രണ്ടുപേര്‍ക്കൊപ്പം കഴിയേണ്ടി വന്ന സാഹചര്യങ്ങള്‍ പോലുമുണ്ടായിരുന്നു, അവര്‍ പറയുന്നതെല്ലാം എനിക്ക് അനുസരിക്കേണ്ടി വന്നു. ചിലപ്പോള്‍ അവര്‍ക്കൊപ്പം കഴിഞ്ഞതിന്‍റെ കാശ് പോലും കിട്ടിയിരുന്നില്ല. ഇറങ്ങിപ്പോ എന്ന് പറയുമ്പോള്‍ വെറും കയ്യോടെ എനിക്ക് വീട്ടിലേക്ക് പോരേണ്ടി വന്നിട്ടുണ്ടായിരുന്നു. 

അതിനിടെ എന്‍റെ മറ്റൊരു സുഹൃത്തായ മസ്താനിയാണ് എന്നെ ഗുണ്ടൂരിലെ ഒരു കമ്മ്യൂണിറ്റി ഓർഗനൈസേഷന് പരിചയപ്പെടുത്തിയത്. അത് ലൈംഗിക തൊഴിലാളികളെ മുഖ്യധാരാ തൊഴിൽ ശക്തിയിലേക്ക് പുനരധിവസിപ്പിക്കാൻ പ്രവർത്തിക്കുന്ന സംഘടനയായിരുന്നു. സാധനങ്ങള്‍ വാങ്ങുന്നതിനായി ഒരു റേഷന്‍ കാര്‍ഡ് വേണമെന്നും ആനുകൂല്യങ്ങള്‍ കിട്ടാന്‍ ഒരു ആധാര്‍ കാര്‍ഡ് വേണമെന്നും, എന്തെങ്കിലും സഹായം വേണമെങ്കിലോ, എന്‍റെ അവകാശങ്ങള്‍ സംരക്ഷിക്കാനോ പൊലീസിനെയോ വക്കീലിനെയോ കൗണ്‍സിലറെയോ കാണാമെന്നും അപ്പോള്‍ മാത്രമാണ് എനിക്ക് മനസിലാവുന്നത്. ഒരു പൂവില്‍പ്പനക്കാരിയായി തൊഴില്‍ നോക്കാനും മസ്താനി എന്നെ സഹായിച്ചു. 

പൂവില്‍പ്പനക്കാരിയായി ഞാന്‍ എന്‍റെ കുടുംബത്തിനെ നോക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഞാന്‍ ആ സംഘടനയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകയായും മാറി. ഞങ്ങളെല്ലാവരും പരസ്പരം കാര്യങ്ങളെല്ലാം തുറന്നു പറയുകയും ചെയ്യുകയും പരിഹാരം കാണാന്‍ പരസ്പരം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു. ആ സംഘത്തിന്‍റെ ഭാഗമായി മാറിയതിലൂടെ എനിക്കൊരുപാട് പഠിക്കാനുണ്ടായിരുന്നു. 

ഉദാഹരണത്തിന് ആധാര്‍ കാര്‍ഡ് പോലെയുള്ള ഔദ്യോഗികരേഖകള്‍ക്ക് സര്‍ക്കാരില്‍ നിന്നും ആനുകൂല്യം ലഭിക്കാനും മറ്റുമായി എന്തുമാത്രം പ്രാധാന്യമുണ്ട് എന്ന് ഞാന്‍ മനസിലാക്കുന്നത് അപ്പോഴാണ്. എനിക്ക് എന്തെങ്കിലും വിഷമമുണ്ടെങ്കില്‍ വിളിക്കാനായി ഒരു കൗണ്‍സിലറുമുണ്ട്. ഒപ്പം തന്നെ എന്‍റേതിന് സമാനമായ അനുഭവങ്ങളുണ്ടായ സ്ത്രീകളോട് ഞാൻ സംസാരിക്കുകയും ചെയ്യുന്നു. എനിക്കും ഒരിക്കല്‍ ഇതേ അനുഭവത്തിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട് എന്ന് ഞാനവരോട് പറയാറുണ്ട്. ഈ സംഘടനയില്‍ പങ്കുചേരാനായി അവരെ ഞാന്‍ പ്രോത്സാഹിപ്പിക്കാറുമുണ്ട്. 

ഈ സമൂഹത്തിന്‍റെ ഭാഗമാകാനും അവര്‍ക്കവകാശപ്പെട്ടതെല്ലാം നേടിയെടുക്കണമെന്നും ഞാന്‍ അവരോട് പറയുന്നു. അവര്‍ ഈ സമൂഹത്തെ അഭിമുഖീകരിക്കാന്‍ ഭയപ്പെടേണ്ടതില്ല. മറ്റാളുകളോട് സംസാരിക്കാനും ഇടപഴകാനും മടിക്കേണ്ടതില്ല എന്നും ഞാനവരോട് പറഞ്ഞു. അത് ചെയ്യാന്‍ അവര്‍ക്ക് കഴിയുമെങ്കില്‍ മറ്റുള്ളവരുടെ ജീവിതത്തിലും മാറ്റം കൊണ്ടുവരുന്നതിന് സഹായിക്കാനവര്‍ക്ക് കഴിയും. പണ്ട് ഞാനൊരു വിഡ്ഢിയായിരുന്നു, ഇന്ന് ഞാന്‍ സ്മാര്‍ട്ടായിരിക്കുന്നു എന്ന് കൂടി ഞാനവരോട് പറയുന്നു. 

(കടപ്പാട്: സോഷ്യൽ സ്റ്റോറി. ചിത്രം പ്രതീകാത്മകം.) 

click me!