നാലുവയസുകാരിയെ ബലാത്സം​ഗം ചെയ്തുകൊന്ന കുറ്റം, ബന്ധുവുംകാമുകനും അറസ്റ്റിൽ, 33 വർഷത്തിനുശേഷം മറ്റൊരു കണ്ടെത്തല്‍

By Web TeamFirst Published Jan 16, 2022, 4:41 PM IST
Highlights

1988 -ൽ ഇരുവരെയും അറസ്റ്റ് ചെയ്ത് ശിക്ഷിച്ചു. എന്നാൽ, ആരാണ് ശരിക്ക് കുഞ്ഞിനെ പീഡിപ്പിച്ചത് എന്ന് ഒരിക്കലും കണ്ടെത്തിയുമില്ല. 

1987 -ൽ നാല് വയസ്സുള്ള തന്റെ മരുമകളുടെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഒരു സ്ത്രീയും കാമുകനും കുറ്റവിമുക്തരാക്കപ്പെട്ടു. ഇപ്പോൾ സ്ത്രീക്ക് 74 വയസ്സുണ്ട്. ഏകദേശം 30 വർഷമാണ് അവർക്ക് ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കഴിയേണ്ടി വന്നത്. കാമുകൻ നേരത്തെ തന്നെ ജയിലിൽ വച്ച് മരിച്ചിരുന്നു. 1988 -ൽ ജോയ്‌സ് വാട്ട്‌കിൻസ്(Joyce Watkins) തന്റെ മരുമകൾ ബ്രാണ്ടി(Brandi)യെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷിക്കപ്പെട്ടത്. അവളും അവളുടെ കാമുകൻ ചാർലി ഡണ്ണും(Charlie Dunn) പെൺകുട്ടിയെ വളരെ ക്രൂരമായി മർദിച്ചുവെന്ന് പൊലീസും പ്രോസിക്യൂട്ടർമാരും പറഞ്ഞു. 

38 വയസ്സുള്ള വാട്ട്കിൻസ്, ബ്രാണ്ടിയെ മറ്റൊരു സ്ത്രീയുടെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അവിടെനിന്നും അവശനിലയിൽ കാണപ്പെട്ട കുഞ്ഞിനെ നാഷ്‌വില്ലെയിലെ ഒരു ആശുപത്രിയിലെത്തിച്ചു. അബോധാവസ്ഥയിലായിരുന്ന ബ്രാണ്ടി ബലാത്സംഗത്തിനിരയായിരുന്നു. ഒമ്പത് മണിക്കൂറായി കുട്ടി വാട്ട്കിൻസിന്റെയും കാമുകന്റെയും ഒപ്പമായിരുന്നു ഉണ്ടായിരുന്നത്. ആ സമയത്ത് ഇരുവരും ചേർന്ന് അവളെ ഉപദ്രവിച്ചതിന്റെ ഫലമായിട്ടാണ് അവൾ മരിച്ചതെന്നും പരിശോധിച്ച ഡോക്ടർ പറ‍ഞ്ഞു. അങ്ങനെ ഇരുവരും അറസ്റ്റ് ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു.

വാട്ട്കിൻസിന്റെ കാമുകൻ ചാർലി എന്നറിയപ്പെട്ടിരുന്ന ഡൺ 2015 -ൽ ജയിലിൽ വെച്ച് മരിച്ചു. 27 വർഷത്തെ തടവിന് ശേഷം അതേ വർഷം തന്നെ വാട്കിൻസ് മോചിതയാവുകയും ചെയ്തു. ബ്രാണ്ടി ബലാത്സംഗം ചെയ്യപ്പെടുകയും പരിക്കേൽക്കുകയും ചെയ്തത് എപ്പോഴാണ് എന്ന ഡോക്ടറുടെ വിശകലനത്തെ ചോദ്യം ചെയ്ത് 'ദ ഇന്നസെൻസ് പ്രോജക്ടാ'ണ് അപ്പീൽ നൽകിയത്. അതിനുശേഷം ബുധനാഴ്ച്ചയാണ് ഒരു ജഡ്ജി അവരുടെ ശിക്ഷാവിധികൾ അസാധുവാക്കിയത്.

പെൺകുട്ടി എപ്പോഴാണ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത് എന്നതിന് യാതൊരു തെളിവും ഇല്ലെന്നും, ആന്തരിക മുറിവുകളേക്കാൾ ബ്രാണ്ടിയുടെ ചർമ്മത്തിലെ പാടുകൾ പരിശോധിച്ചാണ് ഡോക്ടർ വാദിച്ചതെന്നും കണ്ടെത്തി. നാഷ്‌വില്ലെ ക്രിമിനൽ റിവ്യൂ യൂണിറ്റിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്, പെൺകുട്ടിയുടെ അന്ന് 19 വയസ്സുണ്ടായിരുന്ന കസിനാവാം കുട്ടിയെ ബലാത്സം​ഗം ചെയ്തത് എന്നാണ്. അയാൾ മറൈൻ സേനയിലായിരുന്നു. കുറ്റകൃത്യത്തിന് മറ്റാരെയും അറസ്റ്റ് ചെയ്തിട്ടില്ല, ഈ കസിൻ ജീവിച്ചിരിപ്പുണ്ടോ എന്നും വ്യക്തമല്ല. 

ഹിയറിംഗിന് ശേഷം, വാട്ട്കിൻസ് പറഞ്ഞു: 'ഇത് ഒരു നീണ്ട പോരാട്ടമായിരുന്നു. ജീവിതത്തിന്റെ പകുതിയും വെറുതെ നഷ്ടപ്പെടുത്തി, എങ്കിലും ഇപ്പോഴെങ്കിലും ഇതിൽ നിന്നും മോചനം കിട്ടി. അതിന് വേണ്ടി പ്രവർത്തിച്ച ഓരോരുത്തരോടും നന്ദി പറയുന്നു.' 

ചാർളി ഡണിന്റെ മകൾ ജാക്കി പറഞ്ഞു: 'ഈ ദിവസത്തിന് സാക്ഷ്യം വഹിക്കാൻ എന്റെ അച്ഛൻ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. താൻ നിരപരാധിയാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. താൻ ആ കുറ്റകൃത്യങ്ങൾ ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. എവിടെയായിരിക്കരുതോ അവിടെ കിടന്നാണ് അച്ഛൻ മരിച്ചത്.' 

ബ്രാണ്ടിയുടെ അമ്മ ലൂയിസ് ലോക്ക്ഹാർട്ട് വളരെക്കാലമായി വാട്ട്കിൻസിനെ പിന്തുണച്ചിരുന്നു. മകളെ കൊലപ്പെടുത്തിയതിന് ഉത്തരവാദി വാട്ട്കിൻസാണെന്ന് താൻ ഒരിക്കലും വിശ്വസിച്ചിരുന്നില്ലെന്ന് അവർ ബുധനാഴ്ച പറഞ്ഞു. 

റോസ് വില്ല്യംസ് എന്ന ബന്ധുവിന്റെ വീട്ടിലായിരുന്നു ബ്രാണ്ടി. വില്ല്യംസിന്റെ അഭ്യർത്ഥയെ തുടർന്നാണ് വാട്ട്കിൻസും കാമുകനും കുഞ്ഞിനെ അവിടെനിന്നും കൊണ്ടുവന്നത്. വില്ല്യംസിന്റെ കുഞ്ഞുങ്ങൾക്കൊപ്പം കുറച്ച് ദിവസം ചെലവഴിക്കാനാണ് ബ്രാണ്ടിയെ വില്ല്യംസിന്റെ വീട്ടിലാക്കിയത്. എങ്കിലും അവൾ വയ്യാത്ത അവസ്ഥയിലായിരുന്നു എന്നും ദേഹത്ത് പരിക്കുകളുണ്ടായിരുന്നു എന്നും അയൽക്കാർ തന്നെ പറ‍ഞ്ഞിരുന്നു. മാത്രമല്ല, കുട്ടിയെ കൂട്ടാനെത്തിയ വാട്ട്കിൻസിനോട് വില്ല്യംസ് അകത്ത് കയറാൻ പോലും പറഞ്ഞിരുന്നില്ല. എത്രയും പെട്ടെന്ന് കുഞ്ഞിനെയും കൊണ്ട് അവരെ പറഞ്ഞുവിടാനാണ് തിടുക്കം കാണിച്ചത്. കാറിൽ കയറിയ ‍ഉടനെ കുട്ടി വാട്ട്കിൻസിനോട് ദാഹിക്കുന്നുവെന്നും വെള്ളം വേണമെന്നും പറഞ്ഞു. വീട്ടിലെത്തി നോക്കിയപ്പോൾ കു‍ഞ്ഞിന്റെ അടിവസ്ത്രത്തിൽ ചോരയും കണ്ടു. പിറ്റേന്ന് രാവിലെ കു‍ഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച കുഞ്ഞ് മരിച്ചു. അന്ന് പരിശോധിച്ച ഡോക്ടർ ​ഗ്രേറ്റ ഹർലനാണ് കുട്ടി പീഡിപ്പിക്കപ്പെട്ടത് വാട്ട്കിൻസന്റെയും കാമുകന്റെയും പരിചരണത്തിലിരിക്കെയാണ് എന്ന് പറഞ്ഞത്. 

1988 -ൽ ഇരുവരെയും അറസ്റ്റ് ചെയ്ത് ശിക്ഷിച്ചു. എന്നാൽ, ആരാണ് ശരിക്ക് കുഞ്ഞിനെ പീഡിപ്പിച്ചത് എന്ന് ഒരിക്കലും കണ്ടെത്തിയുമില്ല. കുഞ്ഞുണ്ടായിരുന്ന വീട് ഒരു മിലിറ്ററി ബേസിലായിരുന്നു. അതിനാൽ തന്നെ എത്രയോ ആളുകൾക്ക് അങ്ങോട്ട് പ്രവേശിക്കാനാകുമായിരുന്നു. പക്ഷേ, അതൊന്നും അന്വേഷിക്കപ്പെടുകയോ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തുകയോ ഉണ്ടായില്ല. പകരം വർഷങ്ങളോളം രണ്ട് നിരപരാധികൾ ശിക്ഷ അനുഭവിച്ചു. അതിലൊരാൾ താൻ നിരപരാധിയാണ് എന്ന വിധി കേൾക്കാൻ നിൽക്കാതെ മരിക്കുകയും ചെയ്തു. 

click me!