War Crimes : പുടിന്‍ കുടുങ്ങുമോ, യുക്രൈനില്‍ കാണിക്കുന്നത് യുദ്ധക്കുറ്റങ്ങളാണോ?

Web Desk   | Asianet News
Published : Mar 18, 2022, 05:31 PM ISTUpdated : Mar 18, 2022, 05:33 PM IST
War Crimes : പുടിന്‍ കുടുങ്ങുമോ, യുക്രൈനില്‍ കാണിക്കുന്നത് യുദ്ധക്കുറ്റങ്ങളാണോ?

Synopsis

ആരാണ് ഒരു യുദ്ധക്കുറ്റവാളി? ഒരാളെ കുറ്റവാളിയായി പ്രഖ്യാപിക്കാന്‍ വേണ്ട വ്യവസ്ഥകള്‍ എന്തെല്ലാം?  

എന്നാല്‍ ഒരാളെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കുകയെന്നത് പറയുന്നപോലെ അത്ര നിസ്സാരമല്ല. ആരാണ് ഒരു യുദ്ധക്കുറ്റവാളി? ഒരാളെ കുറ്റവാളിയായി പ്രഖ്യാപിക്കാന്‍ വേണ്ട വ്യവസ്ഥകള്‍ എന്തെല്ലാം?  

 

 

റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ യുദ്ധക്കുറ്റവാളിയാണെന്ന ആരോപണങ്ങള്‍ പല കോണില്‍ നിന്നും ഉയരാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി.  ഉക്രൈനിലെ സാധാരണക്കാര്‍ക്കെതിരെ റഷ്യന്‍ സൈന്യം നടത്തുന്ന മാരകരമായ ആക്രമണങ്ങള്‍ ലോകത്തെ കുറച്ചൊന്നുമല്ല ഭയപ്പെടുത്തുന്നത്. 

അടുത്തിടെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ ഇക്കാര്യത്തില്‍ ഒരു അന്വേഷണ കമ്മീഷന്‍ രൂപീകരിക്കാനായി പ്രമേയം പാസാക്കിയിരുന്നു. അതിനെ തുടര്‍ന്ന്, യു.എസും മറ്റ് 44 രാജ്യങ്ങളും പുട്ടിന്‍ നടത്തിയ യുദ്ധ നിയമ ലംഘനങ്ങളും ദുരുപയോഗങ്ങളും അന്വേഷിക്കാന്‍ ആരംഭിച്ചിരിക്കയാണ്. നെതര്‍ലന്‍ഡ്സ് ആസ്ഥാനമായുള്ള സ്വതന്ത്ര സ്ഥാപനമായ ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതിയുടെ കീഴില്‍ മറ്റൊരു അന്വേഷണവും പുരോഗമിക്കുന്നു.  

ആരാണ് യുദ്ധക്കുറ്റവാളി?

എന്നാല്‍ ഒരാളെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കുകയെന്നത് പറയുന്നപോലെ അത്ര നിസ്സാരമല്ല. ആരാണ് ഒരു യുദ്ധക്കുറ്റവാളി? ഒരാളെ കുറ്റവാളിയായി പ്രഖ്യാപിക്കാന്‍ വേണ്ട വ്യവസ്ഥകള്‍ എന്തെല്ലാം?  

യുദ്ധസമയത്ത് രാജ്യങ്ങള്‍ പാലിക്കേണ്ട വ്യവസ്ഥകളെ കുറിച്ച് പരാമര്‍ശിക്കുന്ന ഒരു നിയമാവലി നിലവിലുണ്ട്. ലോക നേതാക്കള്‍ അംഗീകരിച്ചിട്ടുള്ള അതിനെ സായുധ സംഘര്‍ഷ നിയമം എന്നാണ് അറിയപ്പെടുന്നത്. ഇതില്‍ പറയുന്ന നിയമങ്ങള്‍ ലംഘിക്കുന്ന ആരെയും യുദ്ധകുറ്റവാളിയായി കണക്കാക്കാവുന്നതാണ്. ഈ നിയമങ്ങള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ നിരവധി തവണ പരിഷ്‌ക്കരിക്കുകയും വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്. യുദ്ധത്തില്‍ പങ്കെടുക്കാത്ത ആളുകളെയും, യുദ്ധം ചെയ്യാന്‍ കഴിയാത്തവരെയും സംരക്ഷിക്കുന്നതിനാണ് ഈ നിയമങ്ങള്‍ നിലവില്‍ വന്നിട്ടുള്ളത്. അതില്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പരിക്കേറ്റ സൈനികര്‍, യുദ്ധത്തടവുകാര്‍, സാധാരണ ജനങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.  

ഒരാളെ കുറ്റവാളിയായി പ്രഖ്യാപിക്കാന്‍ വേണ്ട വ്യവസ്ഥകള്‍ എന്തെല്ലാം?  

യുദ്ധത്തില്‍ ആരെയൊക്കെ ലക്ഷ്യം വയ്ക്കാമെന്നും, ഏതൊക്കെ ആയുധങ്ങള്‍ ഉപയോഗിക്കാമെന്നതിനെ കുറിച്ചും വ്യക്തമായ നിര്‍ദേശങ്ങളുണ്ട്. 

രാസ, ജൈവായുധങ്ങള്‍ ഉള്‍പ്പെടെ ചില ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ഒരു ശത്രുവിന് ഗുരുതരമായ പരിക്കോ അനാവശ്യമായ കഷ്ടപ്പാടുകളോ ഉണ്ടാക്കുന്നത് കുറ്റകരമാണ്. 

ഇത് കൂടാതെ, മനഃപൂര്‍വ്വമായ കൊല, വ്യാപകമായ നാശം സൃഷ്ടിക്കല്‍, അന്യായമായ സ്വത്ത് കൈക്കലാക്കല്‍ എന്നിവയും ഗുരുതരമായ യുദ്ധ നിയമ ലംഘനങ്ങളില്‍ ഉള്‍പ്പെടുന്നു. 

അതുപോലെ,  യുദ്ധത്തടവുകാരെയോ മറ്റ് സംരക്ഷിത വ്യക്തികളെയോ ശത്രുസേനയില്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിക്കുക, ഒരു യുദ്ധത്തടവുകാരന്റെയോ മറ്റ് സംരക്ഷിത വ്യക്തിയുടെയോ ന്യായമായ വിചാരണയുടെ അവകാശങ്ങള്‍ മനഃപൂര്‍വ്വം തടസ്സപ്പെടുത്തുക എന്നിവയും ഗുരുതമായ തെറ്റുകളാണ്.

സിവിലിയന്മാര്‍ക്കെതിരായി  മനഃപൂര്‍വം നടത്തുന്ന ആക്രമണം, ആനുപാതികമല്ലാത്ത ബലപ്രയോഗം, ആളുകളെ ബന്ദികളാക്കുന്നത് എന്നിവയും യുദ്ധക്കുറ്റങ്ങളില്‍  ഉള്‍പ്പെടുന്നു. ഏതൊരു ജനതയ്ക്കെതിരെയും വ്യാപകമോ ആസൂത്രിതമോ ആയ ആക്രമണം നടത്തുന്നതും കുറ്റകരമാണ്. 

കൂട്ടക്കൊല, ഉന്മൂലനം, നിര്‍ബന്ധിത നാട് കടത്തല്‍, കൈമാറ്റം, പീഡനം, ബലാത്സംഗം, ലൈംഗിക അടിമത്തം എന്നിവയും കുറ്റകൃത്യങ്ങളായി കണക്കാക്കപ്പെടുന്നു. സിവിലിയന്മാരുടെ വാസസ്ഥലങ്ങള്‍ അല്ലെങ്കില്‍ കെട്ടിടങ്ങള്‍, പട്ടണങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവയെ ഏതുവിധേനയും ആക്രമിക്കുകയോ ബോംബാക്രമണം നടത്തുകയോ ചെയ്യുന്നതും കുറ്റകരമാണ്.  

പുടിനെ കുറ്റവാളിയായി മുദ്രകുത്താന്‍ സാധിക്കുമോ?  

മുകളില്‍ പറഞ്ഞ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പുടിനെ കുറ്റവാളിയായി മുദ്രകുത്താന്‍ സാധിക്കുമോ?  

റഷ്യയ്ക്കെതിരായ ആരോപണങ്ങളുടെ പട്ടിക അനുദിനം വളരുകയാണ്. ഉക്രൈനില്‍ യാതൊരു പ്രകോപനവുമില്ലാതെയുള്ള റഷ്യയുടെ അധിനിവേശം യുദ്ധക്കുറ്റമായി കണക്കാക്കാം. മുന്‍പ് ഒരു രാജ്യത്തെ ആക്രമിച്ച്, നിരപരാധികളായ ആയിരകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയ പുടിന്‍ കുറ്റക്കാരനാണെന്ന് ഓസ്ട്രേലിയന്‍ മനുഷ്യാവകാശ അഭിഭാഷകന്‍ ജെഫ്രി റോബര്‍ട്ട്സണ്‍ ക്യുസി വാദിക്കുകയുണ്ടായി. 

മനഃപൂര്‍വം സിവിലിയന്‍മാരെയും സിവിലിയന്‍ കെട്ടിടങ്ങളെയും ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധക്കുറ്റമായി കണക്കാക്കപ്പെടുന്നു. ജനസാന്ദ്രതയുള്ള മേഖലകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവയുള്‍പ്പെടെ പലയിടത്തും റഷ്യ ആക്രമണങ്ങള്‍ അഴിച്ചു വിട്ടിരുന്നു. ഇതിന്റെ ഫലമായി ആയിരക്കണക്കിന് സിവിലിയന്‍മാരാണ് ദുരിതത്തിലായത്.  

യുക്രൈന്‍ സൈന്യം നിലയുറപ്പിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മാത്രമാണ് തന്റെ സൈന്യം ആക്രമണം നടത്തുന്നതെന്നും, സിവിലിയന്മാരെ ലക്ഷ്യമിടുന്നില്ലെന്നും പുടിന്‍ അവകാശപ്പെടുന്നവെങ്കിലും, മരിയൂപോളിലെ മറ്റേണിറ്റി ആശുപത്രിക്ക് നേരെയുണ്ടായ ബോംബാക്രമണവും,  
ഉക്രൈനിലെ പ്രീ സ്‌കൂളില്‍ റഷ്യന്‍ ക്ലസ്റ്റര്‍ ബോംബ് വീണ സംഭവവും എല്ലാം അതിനെ നിരാകരിക്കുന്നു. 

അതുപോലെ, സപ്പോരിജിയയിലെ ആണവ നിലയത്തിന് ചുറ്റും റഷ്യന്‍ സൈന്യവും ആക്രമണം നടത്തിയിരുന്നു. പ്ലാന്റിലെ ഒരു റിയാക്ടറിന്റെ കമ്പാര്‍ട്ടുമെന്റിന് കേടുപാടുകള്‍ സംഭവിച്ചത് ആണവ അപകടത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് കാരണമായി. 

കൂടാതെ, റഷ്യന്‍ സൈന്യം അടുത്തിടെ കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ അഭയം പ്രാപിച്ച മാരിയൂപോളിലെ ഒരു തിയേറ്റര്‍ നശിപ്പിച്ചിരുന്നു. ഇതെല്ലം പുടിന്‍ നിരാകരിക്കുകയാണെങ്കിലും, ന്യായീകരിക്കാനാകാത്ത കുറ്റങ്ങളായിട്ടാണ് ലോകരാജ്യങ്ങള്‍ ഇതിനെ വിലയിരുത്തുന്നത്.    

കുറ്റ വിചാരണ

സാധാരണയായി, യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കാനും നിര്‍ണ്ണയിക്കാനും നാല് വഴികളുണ്ട്. 

ഒന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി. രണ്ടാമത്തേത് ഹൈബ്രിഡ് ഇന്റര്‍നാഷണല്‍ വാര്‍ ക്രൈം ട്രിബ്യൂണല്‍. മൂന്നാമത്തേത്, നാറ്റോ, യൂറോപ്യന്‍ യൂണിയന്‍, യു.എസ് തുടങ്ങിയ രാജ്യങ്ങളും, സംഘടനകളും ട്രൈബ്യൂണലോ കോടതിയോ സൃഷ്ടിക്കുക. അവസാനമായി, യുദ്ധക്കുറ്റങ്ങള്‍ വിചാരണ ചെയ്യുന്നതിനായി ചില രാജ്യങ്ങള്‍ക്ക് അവരുടേതായ നിയമങ്ങളുണ്ട് അത് വഴി വേണമെങ്കില്‍ വിചാരണ നടത്താം. 

എന്നാല്‍ ഇതില്‍ എവിടെയായിരിക്കും പുടിനെ വിചാരണ ചെയ്യുക? അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അധികാരപരിധി റഷ്യ അംഗീകരിക്കുന്നില്ല. ഐക്യരാഷ്ട്രസഭ തിരഞ്ഞെടുക്കുന്ന ഒരു രാജ്യത്തോ, അല്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ട രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് കീഴിലോ പുടിനെ വിചാരണ ചെയ്യാം. പക്ഷേ അദ്ദേഹത്തെ വിചാരണക്ക് അവിടെ എത്തിക്കുക എന്നത് എളുപ്പമായിരിക്കില്ല. 

PREV
Read more Articles on
click me!

Recommended Stories

നാലാമതും ഗർഭിണിയായ ഭാര്യയോട് ബിസിനസ് ടൂറെന്ന് പറഞ്ഞു, വെള്ളപ്പൊക്കത്തിൽപ്പെട്ടു; അന്വേഷിച്ചപ്പോൾ കാമുകിയുടെ കൂടെ ഹോട്ടലിൽ
'വെറുപ്പ് സഹായിക്കില്ല'; സ്വന്തം രാജ്യത്തെ കുറിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിക്കരുതെന്ന് ഇന്ത്യക്കാരോട് ഫ്രഞ്ച് യുവതിയുടെ ഉപദേശം