റഷ്യയുടെ ജൈവായുധ പരീക്ഷണശാലയിൽ സ്ഫോടനം, ലാബിൽ സൂക്ഷിച്ചിരുന്നത് എബോളയടക്കമുള്ള വൈറസുകൾ

By Web TeamFirst Published Sep 18, 2019, 2:59 PM IST
Highlights

ഒരു കാലത്ത് റഷ്യയുടെ മാരകമായ ജൈവായുധങ്ങളുടെ  പരീക്ഷണകേന്ദ്രമായിരുന്നു വെക്ടർ സെന്റർ. ഇന്നിവിടം തികച്ചും സമാധാനപരമായ പരീക്ഷണങ്ങൾക്കാണ് ഉപയോഗിക്കുന്നത്. 

അമേരിക്കയുമായുള്ള ശീതയുദ്ധകാലത്ത് റഷ്യയുടെ ജൈവായുധ പരീക്ഷണശാലയായിരുന്നു വെക്ടർ സെന്റർ. സൈബീരിയാ മരുഭൂമിയ്ക്കു നടുവിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ആറു നിലയുള്ള ഈ പരീക്ഷണ ശാലയിൽ ഒരു ഗാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുനടന്ന സ്‌ഫോടനത്തിൽ ഒരാൾക്ക് ഗുരുതരമായ പൊള്ളലുകളേറ്റു. സ്ഫോടനം നടന്ന മുറിയുടെ ജനൽച്ചില്ലുകളെല്ലാം ചിന്നിച്ചിതറി.  ഭാഗ്യവശാൽ സ്ഫോടനം നടന്ന നിലയിൽ ഒരു വൈറസ് സാമ്പിളുകളും സൂക്ഷിച്ചിരുന്നില്ല.  

ഒരു കാലത്ത് റഷ്യയുടെ മാരകമായ ജൈവായുധങ്ങളുടെ  പരീക്ഷണകേന്ദ്രമായിരുന്നു വെക്ടർ സെന്റർ. ഇന്നിവിടം തികച്ചും സമാധാനപരമായ  പരീക്ഷണങ്ങൾക്കാണ് ഉപയോഗിക്കുന്നത്. വൈറൽ രോഗങ്ങളുടെ വാക്സിനുകളെപ്പറ്റിയുള്ള പഠനങ്ങളും, ചികിത്സാ മാർഗ്ഗങ്ങളെപ്പറ്റി ഗവേഷണങ്ങളും മറ്റുമാണ് ഇന്നിവിടെ നടക്കുന്നത്. എന്നാൽ, എത്രയോ വർഷങ്ങൾക്കു മുമ്പ് ലോകത്തുനിന്ന് തുടച്ചുനീക്കപ്പെട്ട സ്‌മോൾ പോക്സ് പോലുള്ള ഗുരുതരമായ പകർച്ചവ്യാധികളുടെ വൈറസുകൾ സാമ്പിളായി സൂക്ഷിച്ചിട്ടുള്ള ഇടം കൂടിയാണ് ഇവിടം. ഇവിടെ സൂക്ഷിച്ചിരിക്കുന്ന മാരകമായ വൈറസുകളുടെ സുരക്ഷിതത്വത്തെപ്പറ്റി ഈ സ്ഫോടനത്തോടെ ചോദ്യങ്ങൾ ഉയരുകയാണ്. അവസാനമായി ഒരാൾക്ക് സ്‌മോൾ പോക്സ് വന്നത് ഒരു പരീക്ഷണ ശാലയിലാണ്.  1978 -ൽ, ലണ്ടനിലെ ബിർമിങ്‌ഹാമിലെ പരീക്ഷണശാലയിൽ വെച്ച്, ഫോട്ടോഗ്രാഫറായ ജാനെറ്റ് പാർക്കറിന് പഠനങ്ങൾക്കിടെ അബദ്ധവശാൽ അണുബാധയേൽക്കുകയായിരുന്നു. 

വെക്ടർ ലാബിൽ വെച്ചും അത്തരത്തിൽ ഒരു അപകടം 2004 -ൽ നടന്നിട്ടുണ്ട്. ഗവേഷകയായ അന്റോണിയ പ്രെസ്‌നയാക്കോവ അബദ്ധവശാൽ സ്വയം 'എബോള' വൈറസ് കുത്തിവെക്കുകയായിരുന്നു. അവർ അസുഖം മൂർച്ഛിച്ച് മരണപ്പെട്ടു. നമ്മൾ എത്രകണ്ട് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയാലും അതിനെയൊക്കെ വെട്ടിച്ച് പുറത്തുചാടുന്ന ഒരു സ്വഭാവം ഈ വൈറസുകൾക്ക് ചരിത്രത്തിലുണ്ട്.  വൈറസുകളുടെ സാമ്പിളുകൾ ലബോറട്ടറികളിൽ സൂക്ഷിച്ചു വെക്കേണ്ടത് ശാസ്ത്രത്തിന്റെ ആവശ്യമാണ്. നാളെ ഒരു കാലത്ത് എന്തെങ്കിലും കാരണവശാൽ ആ രോഗങ്ങൾ ഒരു തിരിച്ചു വരവ് നടത്തിയാൽ അവയെ എതിരിടാൻ ഈ സാമ്പിളുകൾ ഉപകരിക്കും. എന്നാൽ, ആ ഉദ്ദേശ്യം വെച്ച് സൂക്ഷിക്കുന്ന സാമ്പിൾ വൈറസുകളിൽ നിന്നുതന്നെ ഈ മഹാമാരികൾ നാട്ടിൽ പടർന്നുപിടിച്ചാലോ..? ഈ ഒരു സാധ്യതയെപ്പറ്റി നമ്മൾ ഇനിയും ബോധവാന്മാരായിരിക്കണം, സുരക്ഷാ ക്രമീകരണങ്ങൾ ഇനിയും ഇരട്ടിപ്പിക്കണം എന്ന മുന്നറിയിപ്പാണ് റഷ്യൻ പരീക്ഷണ ശാലയിലെ ഈ സ്ഫോടനം നമുക്ക് നൽകുന്നത്. 

click me!