കണ്ടക്ടർ ബെല്ലടിച്ചു, ബസ് ആ പെൺകുട്ടികളെ കാത്തുനിന്നു, വലിയ കരുതലും സന്ദേശവും; ശ്രദ്ധേയമായി ഒരു കുറിപ്പ്

Published : Sep 19, 2025, 03:16 PM IST
ksrtc/ viral post

Synopsis

ആ കണ്ടക്ടറുടെ പേരു ചോദിക്കണമെന്നു കരുതി. ഇറങ്ങാനുള്ള സ്റ്റോപ്പെത്തും മുൻപ് അരികിലേക്കു ചെന്നു. ‘രാജേഷ്.!’ അതാണ് പേര്. ഇനി കണ്ടാലും തിരിച്ചറിയാൻ എളുപ്പമാണ്. കൊലുന്നനെയുള്ള, തല നിറയെ മുടിയുളള മനുഷ്യ‍ൻ. വെഞ്ഞാറമൂട് ഡിപ്പോയിലെ ജീവനക്കാരനാണ്.

കെഎസ്‍ആർടിസി ബസിലെ കണ്ടക്ടറുടെ കരുതലിന്റെ കഥ പറഞ്ഞുകൊണ്ടുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ടി. ബി. ലാൽ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റ് നിരവധിപ്പേർ ഷെയർ ചെയ്തിട്ടുണ്ട്. കഴക്കൂട്ടം ബൈപ്പാസിലൂടെ ഓടുന്ന ബസിൽ നിന്നും സ്കൂൾ വിദ്യാർത്ഥിനിയുടെ ബസ് കൺസഷൻ കാർഡ് പുറത്തേക്ക് പറന്ന് പോയപ്പോൾ കണ്ടക്ടർ എങ്ങനെയാണ് പ്രതികരിച്ചത് എന്നാണ് പോസ്റ്റിൽ പറയുന്നത്.

കുട്ടികൾക്ക് വേണ്ടി കണ്ടക്ടർ ബെല്ലടിക്കുകയും ബസ് നിർത്തി അവരെ കാത്തുനിൽക്കുകയും ചെയ്തുവെന്നും പോസ്റ്റിൽ പറയുന്നു. ഒടുവിൽ കണ്ടക്ടർ രാജേഷ് താൻ ചെയ്തതിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്; ‘അവരെ വഴിയിൽ ഇറക്കി വിട്ട് അടുത്ത ബസിന് പോരട്ടേയെന്നു നമ്മൾ വിചാരിച്ചാൽ അതിലൊരു കുഴപ്പമുണ്ട്. ആ കുട്ടികൾക്ക് ഈ സമൂഹ സെറ്റപ്പിനോടൊക്കെ തീരെ വിശ്വാസമില്ലാതെ വരും. ഒരു പ്രശ്നത്തിൽപ്പെട്ടാൽ കൂടെ നിൽക്കാൻ ആളും ആൾക്കാരുമൊക്കെയുണ്ടെന്ന് അവർക്കു തോന്നണം. അതു ചെയ്യേണ്ടത് വലിയവരാണ്. അവരു കുട്ടികളാണ്. വിശ്വാസം ഉണ്ടാക്കണം. പെൺകുട്ടികളല്ല അവര് ആൺകുട്ടികൾ ആയിരുന്നാലും ഞാൻ വണ്ടി നിർത്തിക്കൊടുക്കുമായിരുന്നു.’ എത്ര വലിയ കരുതലും സന്ദേശവുമാണ് രാജേഷ് സിംപിളായി പറഞ്ഞത് എന്ന് പറഞ്ഞുകൊണ്ടാണ് ലാൽ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

പോസ്റ്റ് വായിക്കാം:

കഴക്കൂട്ടം ബൈപ്പാസിലൂടെ കെഎസ്ആർടിസിയിൽ ബസ്സിൽ പാറ്റൂരിൽ നിന്ന് പോത്തൻകോട്ടേയ്ക്കു യാത്ര ചെയ്യുകയായിരുന്നു. വെഞ്ഞാറമ്മൂട് ബസാണ്. കഴക്കൂട്ടത്തുനിന്ന് ഒത്തിരി കുട്ടികൾ കയറി. ഏറെയും പെൺകുട്ടികൾ. തിരക്കായി. മധ്യഭാഗത്തുനിന്നും ‍ഞാനിരുന്ന സീറ്റിന് മുന്നിലൂടെ എന്തോ പുറത്തേക്കു പറന്നുപോകുന്നതു കണ്ടു.

‘അയ്യോ പോയല്ലോ..’ എന്നൊരു കുട്ടി കരച്ചിലിന്റെ വക്കിൽ നിന്നു പറയുന്നു. അവൾ നീട്ടിയ ബസ് കൺസഷൻ കാർഡ് കണ്ടക്ടർ പിടിക്കും മുൻപേ കാറ്റിൽ പുറത്തേക്കു പറന്നു പോവുകയായിരുന്നു. എല്ലാ മുഖങ്ങളും ഒരുപോലെ ബസ്സിനു പുറത്തേക്കു കണ്ണു പായിച്ചു.

കുറച്ചുദൂരം കൂടി ബസ് മുന്നോട്ടു പോയി. ‌ഓവർബ്രിഡ്ജിന്റെ പണി നടക്കുന്നതിനാൽ ഒറ്റവരിയിലാണ് ഗതാഗതം. ബെല്ലടിച്ചെങ്കിലും വണ്ടിനിറുത്താൻ ഇടമില്ല. എങ്കിലും കണ്ടക്ടർ ബെല്ലടിച്ചു വണ്ടി നിർത്തിച്ചു. ബസ് ഓരമുണ്ടാക്കി നിന്നു. കാർഡു നഷ്ടപ്പെട്ട പെൺകുട്ടിയുടെ കൂടെ കൂട്ടുകാരിയും ഇറങ്ങി. അരകിലോമീറ്റർ അപ്പുറത്ത് കാറ്റിൽ കാർഡ് ഒന്നു പൊങ്ങിപ്പറക്കുന്നതാണു കണ്ടത്. കുട്ടികൾ സംശയിച്ചും പരിഭ്രമിച്ചും അവിടെയത്തുമ്പോൾ കാർഡ് റോഡിനു നടുക്കുതന്നെയുണ്ട്. തിരക്കിൽ ഒരു കടലാസുകഷണം. ഒരു വാഹനവും ശ്രദ്ധിക്കാൻ പോകുന്നില്ല. അവർ റോഡിനു നടുവിലേക്ക് നീങ്ങി. ചുമലിൽ ഭാരമുള്ള പുസ്തകസഞ്ചിയുണ്ട്. ഒരാൾ കൈയുയർത്തി വണ്ടികൾ തടഞ്ഞു. മറ്റെയാൾ കാർഡ് തിരികെയെടുത്തു. അവർ രണ്ടുപേരും രണ്ടാളും മടങ്ങിയെത്തുന്നവരെ ബസ് ഒരേ കിടപ്പു കിടന്നു. ഞാൻ ആ ബസിനുള്ളിലുള്ളവരെ മനുഷ്യരെ നോക്കി. ധിറുതിയിൽ വീടെത്തേണ്ട സ്ത്രീകളുണ്ട്. കൈക്കുഞ്ഞുങ്ങളെ മടിയിൽ വച്ച അമ്മമാരുണ്ട്. വയോധികരുണ്ട്. മറ്റു കുട്ടികളുണ്ട്. ആറും ധിറുതി വയ്ക്കുന്നില്ല. പെണ്‍കുട്ടികൾ കാർഡുമായി മടങ്ങിയെത്തുന്ന ഏതാണ്ടു മിനിറ്റുനേരത്തിനിടയിലൊന്നും ‘നമുക്കു പോകാം, അവർ അടുത്ത ബസ്സിൽ കയറി വരട്ടെ’ എന്നാരും പറഞ്ഞില്ല, ആരും കയർത്തില്ല, ആരും മുഷിഞ്ഞില്ല. ബസു കാത്തുകിടക്കുന്നതു കണ്ട് കുട്ടികൾ ഓടിവന്ന് കയറി.

ഡബിൾ ബെല്ലു മുഴങ്ങി. ഒന്നും സംഭവിക്കാത്തതു പോലെ വണ്ടി നീങ്ങി. പോത്തൻകോടിനു മുൻപായുള്ള ഒരു സ്റ്റോപ്പിൽ കാർഡു തിരിച്ചുകിട്ടിയ പെൺകുട്ടി ഇറങ്ങി. അവളുടെ മുഖത്ത് ആശ്വാസവും സമാധാനവുമുണ്ട്. ആ കണ്ടക്ടറുടെ പേരു ചോദിക്കണമെന്നു കരുതി. ഇറങ്ങാനുള്ള സ്റ്റോപ്പെത്തും മുൻപ് അരികിലേക്കു ചെന്നു. ‘രാജേഷ്.!’ അതാണ് പേര്. ഇനി കണ്ടാലും തിരിച്ചറിയാൻ എളുപ്പമാണ്. കൊലുന്നനെയുള്ള, തല നിറയെ മുടിയുളള മനുഷ്യ‍ൻ. വെഞ്ഞാറമൂട് ഡിപ്പോയിലെ ജീവനക്കാരനാണ്.

‘ആ കുട്ടികൾക്ക് അത്ര നേരം ബസ്സു നിർത്തിക്കൊടുത്തത് നന്നായി.’ ഞാൻ പറഞ്ഞു. അയാൾ സന്തോഷത്തോടെ നോക്കി. താനൊരു വലിയ മാതൃകയായെന്നോ സദ്പ്രവൃത്തി ചെയ്തെന്നോ ഉള്ള ഭാവമൊന്നുമില്ലാതെ രാജേഷ് പറഞ്ഞു, ‘അവരെ വഴിയിൽ ഇറക്കി വിട്ട് അടുത്ത ബസിന് പോരട്ടേയെന്നു നമ്മൾ വിചാരിച്ചാൽ അതിലൊരു കുഴപ്പമുണ്ട്. ആ കുട്ടികൾക്ക് ഈ സമൂഹ സെറ്റപ്പിനോടൊക്കെ തീരെ വിശ്വാസമില്ലാതെ വരും. ഒരു പ്രശ്നത്തിൽപ്പെട്ടാൽ കൂടെ നിൽക്കാൻ ആളും ആൾക്കാരുമൊക്കെയുണ്ടെന്ന് അവർക്കു തോന്നണം. അതു ചെയ്യേണ്ടത് വലിയവരാണ്. അവരും കുട്ടികളാണ്. വിശ്വാസം ഉണ്ടാക്കണം. പെൺകുട്ടികളല്ല അവര് ആൺകുട്ടികൾ ആയിരുന്നാലും ഞാൻ വണ്ടി നിർത്തിക്കൊടുക്കുമായിരുന്നു.’ എത്ര വലിയ കരുതലും സന്ദേശവുമാണ് രാജേഷ് സിംപിളായി പറഞ്ഞത്!

 

 

PREV
Read more Articles on
click me!

Recommended Stories

എഐ ചിത്രങ്ങളോടുള്ള പ്രതിഷേധം: സഹപാഠിയുടെ കലാസൃഷ്ടികൾ ചവച്ചരച്ച് വിഴുങ്ങി വിദ്യാർത്ഥി, പിന്നാലെ അറസ്റ്റിൽ
ഇരട്ട സഹോദരന്മാരെ ഒരേസമയം ഡേറ്റ് ചെയ്ത് യുവതി; പിന്തുണച്ച് ഇരുകുടുംബങ്ങളും