പാടത്ത് നിന്നും ക്യാമറയ്ക്ക് മുന്നിലേക്ക്: ഈ അമ്പത്തിയെട്ടുകാരി കര്‍ഷകയ്ക്ക് ഇന്ന് ആരാധകരേറെയാണ്...

By Web TeamFirst Published Jul 3, 2019, 12:49 PM IST
Highlights

കര്‍ഷകയായിരുന്നു ഗംഗവ്വ. ജീവിതത്തിന്‍റെ മുക്കാല്‍പങ്കും കൃഷിയിടത്തില്‍ ചെലവഴിച്ചൊരു സാധാരണക്കാരി. മൈ വില്ലേജ് ഷോ തുടങ്ങിയ ശ്രീകാന്ത് ശ്രീറാമാണ് ഗംഗവ്വയോട് അവരുടെ ടീമില്‍ ചേരാന്‍ അഭ്യര്‍ത്ഥിക്കുന്നത്.

മില്‍ക്കുരി ഗംഗവ്വ... 58 വയ്യസ്സുകാരിയായ വെറും മില്‍ക്കുരി ഗംഗവ്വയല്ല, യ്യൂട്യൂബില്‍ ഡസന്‍ കണക്കിന് ആരാധകരുള്ള അല്‍ മില്‍ക്കുരി ഗംഗവ്വ... പാടത്ത് നിന്നും ക്യമാറയ്ക്ക് മുന്നിലെത്തിയപ്പോള്‍ അഭിനയം ഗംഗവ്വയ്ക്ക് പൂ പറിക്കും പോലെ നിഷ്പ്രയാസമായിരുന്നു. ഓരോ എപ്പിസോഡ് കഴിയുമ്പോഴും ആരാധകര്‍ കൂടിക്കൊണ്ടേയിരുന്നു... 

മൈ വില്ലേജ് ഷോ എന്ന കോമഡി/സര്‍ക്കാസ്റ്റിക് പരിപാടിയിലൂടെയാണ് ഈ അമ്പത്തിയെട്ടുകാരി ഇത്രയധികം ആരാധകരെ സമ്പാദിച്ചത്. തെലങ്കാനയിലെ ഓരോ ദിവസത്തേയും ജീവിതത്തെ ഹാസ്യത്തിന്‍റെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിക്കുന്ന പരിപാടിയാണ് മൈ വില്ലേജ് ഷോ. ഒരുപാട് പേരുടെ ഇഷ്ടതാരമാണ് മില്‍ക്കുരി ഗംഗവ്വ. 

കര്‍ഷകയായിരുന്നു ഗംഗവ്വ. ജീവിതത്തിന്‍റെ മുക്കാല്‍പങ്കും കൃഷിയിടത്തില്‍ ചെലവഴിച്ചൊരു സാധാരണക്കാരി. മൈ വില്ലേജ് ഷോ തുടങ്ങിയ ശ്രീകാന്ത് ശ്രീറാമാണ് ഗംഗവ്വയോട് അവരുടെ ടീമില്‍ ചേരാന്‍ അഭ്യര്‍ത്ഥിക്കുന്നത്. ഫോണോ, യൂ ട്യൂബോ, സോഷ്യല്‍ മീഡിയയോ ഒന്നും പരിചയമില്ലാതിരുന്ന ഗംഗവ്വ പക്ഷെ അന്തിച്ച് നില്‍ക്കാന്‍ തയ്യാറായില്ല. ഒരു കൈ നോക്കിക്കളയാമെന്ന് തന്നെ വെച്ച് യെസ് പറഞ്ഞു. 

2012 -ലാണ് ശ്രീകാന്ത് ചാനല്‍ തുടങ്ങുന്നത്. പിന്നീട്, അനില്‍ ഗീല എന്ന മാത്തമാറ്റിക്സ് പ്രൊഫസറും ശ്രീകാന്തിനൊപ്പം ചേര്‍ന്നു. വൈറലായ, വയലില്‍ നിന്നുള്ള കി കി ചലഞ്ച് ചെയ്തതോടെയാണ് ഇവര്‍ ശ്രദ്ധിക്കപ്പെടുന്നത്. അത് ക്ലിക്കായതോടെ യൂട്യൂബറാവാനുള്ള ആത്മവിശ്വാസം വന്നു ഇരുവര്‍ക്കും. അതിനായി ആളുകളെയും അന്വേഷിച്ചു തുടങ്ങി. സ്ക്രിപ്റ്റ് റൈറ്ററും, അഭിനേതാക്കളും ഒക്കെ വന്നു. ഇന്ന് എല്ലാവരും കൂടി എട്ട് അംഗങ്ങളുണ്ട് മൈ വില്ലേജ് ഷോ ടീമില്‍. 

ശ്രീകാന്തിന്‍റെ സുഹൃത്തിന്‍റെ അമ്മയാണ് ഗംഗവ്വ. വയസ്സായ ഒരു സ്ത്രീക്ക് വേണ്ടിയുള്ള ടീമിന്‍റെ തെരച്ചില്‍ എത്തി നിന്നത് ഗംഗവ്വയിലാണ്. ശ്രീകാന്താണ് തന്നെ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാനും അഭിനയിക്കാനും ഒക്കെ പ്രോത്സാഹിപ്പിച്ച് കൂടെനിന്നത് എന്ന് ഗംഗവ്വ പറയും. ഗംഗവ്വയുടെ മകനും കര്‍ഷകനാണ്. മകനൊപ്പം പണിയെടുക്കും ഗംഗവ്വ. അതിനോടൊപ്പം തന്നെ ഈ അഭിനയവും. ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാനും ഈ വീഡിയോയുടെ ഭാഗമാകാനും തനിക്ക് ഏറെ ഇഷ്ടമുണ്ടെന്നും ഗംഗവ്വ പറയുന്നു. 

സ്ക്രിപ്റ്റ് ഒന്നും നല്‍കാറില്ല. സന്ദര്‍ഭം പറഞ്ഞുകൊടുക്കും. എങ്ങനെയാണോ ചെയ്യാന്‍ തോന്നുന്നത് അങ്ങനെ സ്വാഭാവികമായി ചെയ്യാനാണ് പറയാറ് ഗംഗവ്വയോട്. സ്ക്രിപ്റ്റ് വായിക്കുമ്പോള്‍ ഗംഗവ്വ ശ്രദ്ധയോടെ കേള്‍ക്കും. എന്നിട്ട് ഷൂട്ടിന്‍റെ സമയത്ത് തനിക്ക് നല്ലത് എന്ന് തോന്നുന്ന തരത്തില്‍ ആ രംഗം അഭിനയിക്കും. ഏതായാലും സ്വാഭാവികമായുള്ള ഗംഗവ്വയുടെ അഭിനയത്തിന് ആരാധകര്‍ ഏറെയാണ്. 

ഗ്രാമത്തിലെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ഹാസ്യത്തില്‍ കലര്‍ത്തി അവതരിപ്പിക്കാനാണ് മൈ വില്ലേജ് ഷോ ടീം ശ്രമിക്കുന്നത്. അതിന്‍റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ തനിക്ക് ഏറെ സംതൃപ്തിയുണ്ട്. ആരാധകരുണ്ട്, ആളുകള്‍ തിരിച്ചറിയുന്നുണ്ട്, ഒരുപാട് പ്രശസ്തരെ കാണാനായി... അതെല്ലാം സന്തോഷം തരുന്നുവെന്നും ഈ അമ്പത്തിയെട്ടുകാരി പറയുന്നു. 

click me!