'യാചിക്കുകയാണ്, നമ്മുടെ ആൺകുട്ടികൾക്ക് സ്നേഹത്തിന്റെയും സഹനത്തിന്റെയും ധൈര്യം പകർന്നു നൽകേണമേ'

By Web TeamFirst Published Mar 13, 2019, 5:55 PM IST
Highlights

ഞാനെന്റെ ദൈവത്തോട് യാചിക്കുകയാണ്, പെൺകുട്ടികളുടെ വളർച്ചയെ സമചിത്തതയോടെ നേരിടാനുള്ള ആത്മശേഷി എന്റെ ആൺകുട്ടികളിലുണ്ടാക്കണമേ.. ബലമുള്ളവന്റെ ആ അന്ധത അവനിൽ നിന്നെടുത്തു മാറ്റേണമേ..

പ്രണയത്തിന്‍റേയും, സ്നേഹത്തിന്‍റെയും പേര് പറഞ്ഞ് പെണ്‍കുട്ടികള്‍ പലതരത്തില്‍ അക്രമിക്കപ്പെടുന്നത് വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് തിരുവല്ലയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്‍റെ പേരില്‍ പെണ്‍കുട്ടിയെ യുവാവ് തീ കൊളുത്തിയത്. ഇതിനോടുള്ള പ്രതികരണം രേഖപ്പെടുത്തിയിരിക്കുകയാണ് സാഹിത്യകാരി ശാരദക്കുട്ടി. അച്ഛനമ്മമാരോടും, അധ്യാപകരോടും യാചിക്കുകയാണ് അധികാരത്തിന്‍റെ ഭാഷയ്ക്ക് പകരം നമ്മുടെ ആണ്‍കുട്ടികള്‍ക്ക് സ്നേഹത്തിന്‍റേയും സഹനത്തിന്‍റേയും ധൈര്യം പകര്‍ന്നു നല്‍കേണമേ.. വീരപുരുഷന്മാരുടെ കാലം കഴിഞ്ഞുപോയെന്നവനെ നിമിഷംപ്രതി ഓര്‍മ്മിപ്പിക്കേണമേ എന്നും ശാരദക്കുട്ടി എഴുതിയിരിക്കുന്നു. 

ഫേസ്ബുക്ക് പോസ്റ്റ്: ഞാനെന്റെ നാട്ടിലെ അച്ഛനമ്മമാരോടും അധ്യാപകരോടും യാചിക്കുകയാണ്. അധികാരത്തിന്റെ ഭാഷയ്ക്കു പകരം നമ്മുടെ ആൺകുട്ടികൾക്ക് സ്നേഹത്തിന്റെയും സഹനത്തിന്റെയും ധൈര്യം പകർന്നു നൽകേണമേ..വീരപുരുഷന്മാരുടെ കാലം കഴിഞ്ഞു പോയെന്നവനെ നിമിഷം പ്രതി ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കണമേ.. തലമുറകളായി നമ്മൾ അവന്റെ കണ്ണടച്ചുകെട്ടിയ ആ ആണത്തത്തിന്റെ കറുത്ത കട്ടിശീല അഴിച്ചു മാറ്റേണമേ..

ഞാനെന്റെ ദൈവത്തോട് യാചിക്കുകയാണ്, പെൺകുട്ടികളുടെ വളർച്ചയെ സമചിത്തതയോടെ നേരിടാനുള്ള ആത്മശേഷി എന്റെ ആൺകുട്ടികളിലുണ്ടാക്കണമേ.. ബലമുള്ളവന്റെ ആ അന്ധത അവനിൽ നിന്നെടുത്തു മാറ്റേണമേ..

ഞാനെന്റെ ആൺകുട്ടികളോട് യാചിക്കുകയാണ്, നിങ്ങളുടെ കൂടെ വളരുന്ന പെൺകുട്ടികൾക്ക് വഴിയിൽ മുള്ളുടക്കാത്ത യാത്ര അനുവദിക്കണമേ... അവരുടെ തിളങ്ങുന്ന സ്വപ്നങ്ങളുറങ്ങുന്ന കണ്ണുകളെ ശവക്കുഴികളാക്കരുതേ..

പെൺകുട്ടികൾക്ക് അഗ്നിപരീക്ഷകൾ ഒരുക്കുന്ന മഹാശിലാശാസനങ്ങളുടെ എല്ലാ ഓർമ്മകളും പാഠങ്ങളും നിങ്ങളിൽ നിന്ന് എന്നെന്നേക്കുമായി ഇല്ലാതായി പോകട്ടെ എന്ന് എന്റെ ആൺകുട്ടികളേ നിങ്ങളെ നെഞ്ചിൽ ചേർത്ത് ഞാൻ പ്രാർഥിക്കുകയാണ്.

എസ്.ശാരദക്കുട്ടി
13.3.2019


 

click me!