
മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലെ ഒരു ക്ഷേത്രത്തില്‍ ഭക്തര്‍ ചമ്പ എന്ന ആനയെ കാണാന്‍ കാത്തുനില്‍ക്കുകയാണ്. അവര്‍, ഭക്തിയോടെ ചമ്പയെ തൊട്ടു വണങ്ങുകയും അനുഗ്രഹം വാങ്ങുകയും ചെയ്യുന്നു. എന്നാല്‍, ദൈവത്തെ പോലെ വണങ്ങുന്ന ചമ്പയുടെ കാര്യമോ, മഹാകഷ്ടത്തിലായിരുന്നു. ക്ഷേത്രത്തിലെ കാര്യങ്ങളില്‍ മാത്രം പോരായിരുന്നു ചമ്പയുടെ സാന്നിധ്യം.. നാട്ടിലുള്ള വിവാഹങ്ങളിലും മതപരമായ ചടങ്ങുകളിലുമെല്ലാം ചമ്പയുടെ സാന്നിധ്യം വേണമായിരുന്നു. അധിക ചുമതല പോലെ ആ പാവം ആന ഇതും ചെയ്തുപോന്നു. അതും ആവശ്യത്തിന് വെള്ളമോ, ഭക്ഷണമോ നല്‍കാതെ.. ചങ്ങലയ്ക്കിടുന്നതാകട്ടെ നട്ടപ്പൊരിയുന്ന വെയിലിലും.
''വളരെ മോശമായ അവസ്ഥയിലാണ് ചമ്പയെ നമ്മള്‍ കാണുന്നത്. കണ്ണുകള്‍ക്കും ശരീരത്തില്‍ മറ്റ് പല അവയവങ്ങളിലും കാര്യമായ അസുഖങ്ങള്‍ ബാധിച്ചിരുന്നു, വര്‍ഷങ്ങളുടെ ചൂഷണം കാരണം. നല്ല ഭക്ഷണമോ, വെള്ളമോ ഒന്നും നല്‍കാതെ ചൂടില്‍ ചങ്ങലയ്ക്കിട്ടിരിക്കുകയായിരുന്നു.'' ടിന മോഹന്‍ദാസ് പറയുന്നു. 'റെസ്ക്യൂ' എന്ന മൃഗങ്ങളുടെ സംരക്ഷണത്തിനും പുനരധിവാസത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഭാരവാഹിയാണ് ടിന.
ചമ്പയെ കാണാനെത്തുന്നവരാണ് ഈ അവസ്ഥയില്‍ കഷ്ടം തോന്നി റെസ്ക്യൂവിനെ വിവരമറിയിച്ചത്. റെസ്ക്യൂ ടീമിന് ചമ്പയുടെ ദുരവസ്ഥ മനസ്സിലാകുന്ന തരത്തിലുള്ള വീഡിയോയും അയച്ചു നല്‍കി. റെസ്ക്യൂ സ്ഥാപകയായ നേഹ, ഫോറസ്റ്റ് ഡിപാര്‍ട്മെന്‍റിനെ സമീപിക്കുകയും ചമ്പയുടെ കാര്യം അറിയിക്കുകയും ചെയ്തു. ഫോറസ്റ്റ് ഡിപാര്‍ട്മെന്‍റാണ് ചമ്പയുടെ ആരോഗ്യകാര്യങ്ങളും പുനരധിവാസവും റെസ്ക്യൂവിനെ ഏല്‍പ്പിക്കുന്നത്. പൂനെയില്‍ നിന്നും റെസ്ക്യൂ ടീം അഹമ്മദ്നഗറിലെത്തുകയും മൂന്നാഴ്ച അവിടെ താമസിക്കുകയും ചമ്പയെ ശുശ്രൂഷിക്കുകയും ചെയ്തു.
പിന്നീട്, ചമ്പയെ റെസ്ക്യൂ ടീം ഏറ്റെടുത്തു. ചമ്പയെന്ന പേര് മാറ്റി പുനര്‍ജന്മം എന്നര്‍ത്ഥ വരുന്ന 'ലിലി' എന്ന പേരും നല്‍കി. കൃത്യമായ ശുശ്രൂഷയും, ഭക്ഷണവും ലിലിയുടെ ആരോഗ്യം മെച്ചപ്പെടുത്തി. പൂര്‍ണമായും സുഖപ്പെടുന്നതോടെ ആന പരിപാലന കേന്ദ്രത്തിലേക്ക് ലിലിയെ മാറ്റും.