തിരുവിതാംകൂര്‍ സര്‍വകലാശാലാ വി.സിയാകാന്‍ സര്‍ സിപി ഐന്‍സ്റ്റീനെ ക്ഷണിച്ചിരുന്നോ?

By Web TeamFirst Published Jul 20, 2019, 3:42 PM IST
Highlights

ആധികാരികമായ തെളിവുകള്‍ ഒന്നുമില്ലാത്ത ഈ കഥകള്‍ അടുത്ത കാലത്തായി വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. എന്താണ് ഇതിന്റെ അടിസ്ഥാനം? ചരിത്രം എന്താണ് ഇക്കാര്യത്തില്‍ പറയുന്നത്?  ഇക്കാര്യം പരിശോധിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസം പുറത്തുവന്നു. മാധ്യമപ്രവര്‍ത്തകനായ ആര്‍ കെ ബിജുരാജ് ആണ് ഫേസ്ബുക്കിലൂടെ പ്രചരിക്കുന്ന കഥകളുടെ നിജസ്ഥിതി അന്വേഷിച്ചത്. 

തിരുവനന്തപുരം: ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന് കേരളത്തിലേക്ക് ക്ഷണമുണ്ടായിരുന്നോ? രാജഭരണകാലത്ത് സ്ഥാപിതമായ തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ വിസി ആയി ആധുനിക ഭൗതിക ശാസ്ത്രത്തിന് അടിത്തറയിട്ട ആപേക്ഷികതാ സിദ്ധാന്തത്തിന്റെ സ്രഷ്ടാവായ വിഖ്യാത ശാസ്ത്രജ്ഞന്‍ ഐന്‍സ്റ്റീനെ അന്നത്തെ ദിവാന്‍ സര്‍ സിപി രാമസ്വാമി അയ്യര്‍ ക്ഷണിച്ചിരുന്നതായും അദ്ദേഹം അത് നിരസിച്ചതായുമുള്ള കഥകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ആധികാരികമായ തെളിവുകള്‍ ഒന്നുമില്ലാത്ത ഈ കഥകള്‍ അടുത്ത കാലത്തായി വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. എന്താണ് ഇതിന്റെ അടിസ്ഥാനം? ചരിത്രം എന്താണ് ഇക്കാര്യത്തില്‍ പറയുന്നത്?  ഇക്കാര്യം പരിശോധിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസം പുറത്തുവന്നു. മാധ്യമപ്രവര്‍ത്തകനായ ആര്‍ കെ ബിജുരാജ് ആണ് ഫേസ്ബുക്കിലൂടെ പ്രചരിക്കുന്ന കഥകളുടെ നിജസ്ഥിതി അന്വേഷിച്ചത്. 

ഇതാണ് ബിജുരാജിന്റെ പോസ്റ്റ്: 

തിരുവിതാംകൂര്‍ സര്‍വകലാശാല (കേരള സര്‍വകലാശാലയുടെ ആദ്യ രൂപം) സ്ഥാപിക്കുന്ന ഘട്ടത്തില്‍ അതിന്റെ വൈസ് ചാന്‍സലറാകാന്‍ ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ ദിവാന്‍ സര്‍.സി.പി. രാമസ്വാമി അയ്യര്‍ ക്ഷണിച്ചിരുന്നോ? ഉണ്ടെന്ന മട്ടില്‍, ഒരാധികാരിക തെളിവുമില്ലാത്ത പ്രചാരണം നടക്കുന്നുണ്ട്?.ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ആ പ്രചാരണം പലരൂപത്തില്‍ കാണാം.

സത്യത്തില്‍ അങ്ങനെ ഒന്ന്? സംഭവിച്ചതിന് ഒരു തെളിവുമില്ല. വൈസ് ചാന്‍സലര്‍ പദവിയിലേക്ക് ഐന്‍സ്റ്റീന്? പ്രതിമാസം 6000 രൂപ സര്‍ സി.പി വാഗ്ദാനംചെയ്?തിരുന്നുവെന്ന അനുബന്ധവാദം തെളിയിക്കുന്ന ഒരു രേഖയും ഇതുവരെ കണ്ടെത്തിയിട്ടില്ല. ചെന്നൈയിലെ സി.പി.രാമസ്വാമി അയ്യര്‍ ഫൗണ്ടേഷന്റെയും മറ്റും ധനസഹായത്തിന്‍ കീഴില്‍ നടന്നുകൊണ്ടിരിക്കുന്ന, സര്‍.സി.പിയെ വെള്ളപൂശുന്നതി?െന്റയും വാഴ്ത്തുന്നതിന്റെയും  ഭാഗമാണ് ഈ തെറ്റായ പ്രചാരണം. 

വാസ്തവം മറിച്ചാണ്. സര്‍വകലാശാല തുടങ്ങുന്നതിന് മുമ്പ് സര്‍ സി.പി തിരുവിതാംകാര്‍ മഹാരാജാവിന് എഴുതിയ കത്ത് അത് വ്യക്തമാക്കും.1937 മെയ് 21 ന് സി.പി, അന്ന് വിദേശത്തായിരുന്ന രാജാവിന് എഴുതിയ കത്ത് എ ശ്രീധരമേനോന്‍ തന്റെ പുസ്തകത്തില്‍ (സര്‍.സി.പി.യും സ്വതന്ത്ര തിരുവിതാംകൂറും-ചരിത്ര രേഖകളിലൂടെ, പ്രൊഫ.എ.ശ്രീധരമേനോന്‍, ഡി.സി.ബുക്‌സ്,കോട്ടയം,1999 )ഉദ്ധരിക്കുന്നുണ്ട്: ''മേല്‍നോട്ടത്തിനും അനാമത്തു ചെലവുകള്‍ക്കുമായി പണം നഷ്ടപ്പെടുത്താനേ പാടില്ലെന്ന് തിരുമനസ്സിനെ ഉപദേശിക്കാനാണ് എന്റെ സുചിന്തമായ തീരുമാനം. തിരുമനസ്സുകൊണ്ട് ചാന്‍സലറും അമ്മ മഹാറാണി പ്രോ-ചാന്‍സലറും ആയിരിക്കും. വൈസ് ചാന്‍സലറുടെ ചുമതല ഞാന്‍ ഏറ്റെടുക്കാം. യൂണിവേഴ്‌സിറ്റി നിലവില്‍ വരുമ്പേഴേക്കും അടുത്ത ബജറ്റിന്റെ പണി കഴിയുമെന്നതിനാല്‍ എനിക്ക് വലിയ ജോലിത്തിരക്കുണ്ടാവുകയില്ല. പ്രശസ്തനായൊരു വ്യക്തിയെ വൈസ്ചാന്‍സലറായി നിയമിച്ച് പ്രതിമാസം ആയിരത്തിഅഞ്ഞൂറോ രണ്ടായിരം രൂപയോ ശമ്പളം കൊടുക്കാതെ കഴിക്കാം..'' (പേജ് 79). 

ഈ കത്ത് സ്വയം ചിലതെല്ലാം വെളിപ്പെടുത്തുന്നുണ്ട്. സി.പി 1945 ല്‍ ഐന്‍സ്റ്റീന് പ്രൊഫസര്‍ പദവി വാഗ്ദനം ചെയ്ത് കത്തെഴുതിയതായി രേഖയുണ്ട്. അതാണ് വൈസ് ചാന്‍സലര്‍ പദവി വാഗ്ദാനമായി പറഞ്ഞു പരത്തിയത്.

ഒടുവില്‍ സി.പിയുടെ മുന്‍കൈയില്‍ സര്‍വകലാശാല തുടങ്ങിയപ്പോള്‍ അതിന്റെ ചാന്‍സലറായി രാജാവും പ്രോ- ചാന്‍സലറായി അമ്മറാണിയും വന്നു. വൈസ് ചാന്‍സലറായി സര്‍ സി പി സ്വയം അവരോധിക്കുകയും ചെയ്തു.

വൈസ് ചാന്‍സലര്‍ ആയി സ്വയം അവരോധിച്ച സി.പി. തിരുവിതാംകൂര്‍ സര്‍വകലാശാലക്ക് (പിന്നീട് കേരള സര്‍വകലാശാല) തന്നെ നാണക്കേടായ തെറ്റായ കീഴ് വഴക്കവും സൃഷ്ടിച്ചു. സര്‍വകലാശാലയുടെ ആദ്യത്തെ ബഹുമതി ബിരുദമായ ഡോക്ടര്‍ ഓഫ് ലോസ് (എല്‍.എല്‍.ഡി) 1939 നവംബര്‍ 11 ന് സ്വയം ഏറ്റുവാങ്ങി. ഒരു സര്‍വകലാശാലയുടെ ആദ്യ ബഹുമതി സ്വയം ഏറ്റുവാങ്ങിയ വൈസ് ചാന്‍സലര്‍മാര്‍ എത്രപേരുണ്ടാകും? ഇത്തരം നൂറുകണക്കിന് അല്‍പത്തരങ്ങളിലും ധാര്‍ഷ്ട്യങ്ങളിലുമാണ് സി.പിയെന്ന ബിംബം നിര്‍മിക്കപ്പെട്ടത്.

click me!