
വിദ്യാർത്ഥികളുടെ കഴിവുകളെ വിലയിരുത്തുമ്പോൾ കോളജ് ബിരുദത്തിനും സ്ഥാപനത്തിന്‍റെ പേരിനും ഇന്ത്യയിൽ നൽകുന്ന അമിത പ്രാധാന്യത്തെ ചോദ്യം ചെയ്ത് സംരംഭകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അങ്കുർ വാരികൂ പങ്കുവെച്ച അനുഭവക്കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി. ഇൻഡോറിൽ നിന്നുള്ള നമൻ എന്ന യുവാവിന്‍റെ ജീവിതമാണ് അദ്ദേഹം ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.
പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ രണ്ടുതവണ എഴുതിയെങ്കിലും രണ്ട് തവണയും നമന് പരാജയമായിരുന്നു ഫലം. എന്നാൽ, തോൽവിയിൽ മനസ് പതറാതെ സ്വന്തം കഴിവുകൾ കണ്ടെത്താനും വികസിപ്പിക്കാനും അദ്ദേഹം തീരുമാനിച്ചു. അങ്ങനെ രാത്രികളിൽ യൂട്യൂബ് വീഡിയോകൾ കണ്ട് നമൻ, പ്രോഡക്റ്റ് ഡിസൈൻ സ്വയം പഠിച്ചു. പിന്നീട് സ്വന്തമായി മികച്ചൊരു പോർട്ട്ഫോളിയോയും ഒരുക്കി. ഇന്ന് ഫ്രീലാൻസ് ഡിസൈനറായി ജോലി ചെയ്യുന്ന നമൻ പ്രതിമാസം ഏകദേശം രണ്ട് ലക്ഷം രൂപ വരുമാനം നേടുന്നതായാണ് വാരികൂയുടെ കുറിപ്പിൽ അവകാശപ്പെട്ടത്. നമന്‍റെ പോർട്ട്ഫോളിയോ പല ഐഐടി ബിരുദധാരികളുടേതിനെയും മറികടക്കുന്നതാണെന്നും വാരികൂ അഭിപ്രായപ്പെട്ടു. കഴിവുള്ളവരെ തിരിച്ചറിയുന്നതിൽ ഇന്ത്യയ്ക്ക് പ്രശ്നമില്ലെന്നും, എന്നാൽ അവരെ വിലയിരുത്തുന്ന രീതിയിലാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. മികച്ച കോളജ്, ബിരുദം, കമ്പനി എന്നിവയുടെ പേരിനൊപ്പം വരുമ്പോഴാണ് കഴിവിനെ അംഗീകരിക്കുന്ന രീതിയാണ് നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ക്രെഡൻഷ്യലുകൾ ഒരാൾ ഇതുവരെ എവിടെയെത്തിയെന്ന് പറയാം. എന്നാൽ അയാൾക്ക് ഇനി എത്ര ദൂരം പോകാനാകുമെന്ന് അവയ്ക്ക് പറയാനാകില്ല” എന്ന ആശയമായിരുന്നു തന്‍റെ എഴുത്തിലൂടെ വാരികൂ മുന്നോട്ടുവച്ചത്.
സമ്മിശ്ര പ്രതികരണം
പോസ്റ്റിന് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. പലതും ഇത് യഥാർത്ഥമാണെന്ന് കരുതുന്നില്ലെന്ന് എഴുതി. അതേസമയം മറ്റ് ചിലർ, അത്യപൂർവ്വമായ കേസെന്ന് എഴുതി. ഇന്ത്യയിൽ നിരവധി ഐഐടി ബിരുദധാരികൾ പോലും ചെറുപ്രായത്തിൽ തന്നെ പ്രതിമാസം 2 ലക്ഷം രൂപ സമ്പാദിക്കുന്നില്ലെന്ന് മറ്റ് ചിലർ കുറിച്ചു. അതേസമയം മികച്ച കോർപ്പറേറ്റ് പ്രകടനം ഉണ്ടായിരുന്നിട്ടും മിക്ക ഐഐടി വിദ്യാർത്ഥികളും അല്ലാത്തവരും 40 വയസ്സിന് മുമ്പ് ഒരു ലക്ഷം രൂപ പ്രതിമാസ ശമ്പളത്തിലെത്താൻ പാടുപെടുകയാണെന്ന് മറ്റ് ചിലർ ചൂണ്ടിക്കാണിച്ചു. സ്വയം പഠിച്ച് മുന്നേറുന്നവരെ കൂടുതൽ അംഗീകരിക്കണമെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, ഐഐടിയിൽ പഠിച്ച എല്ലാവർക്കും ഉയർന്ന ശമ്പളം ലഭിക്കണമെന്നില്ലെന്നും ചിലർ ചൂണ്ടിക്കാട്ടി. ടയർ -2 നഗരങ്ങളിൽ നിന്നുള്ളവർക്ക് കോളജ് പേരിനേക്കാൾ സ്വന്തം ജോലിയാണ് കഴിവ് തെളിയിക്കാനുള്ള പ്രധാന വഴിയെന്നും മറ്റ് ചിലരെഴുതി. ലോകത്തിലെ ഏറ്റവും കഠിനമായ പ്രവേശന പരീക്ഷകളിൽ ഒന്ന് 17 വയസ്സിൽ വിജയിക്കുന്നത് തന്നെ പ്രശ്നപരിഹാര കഴിവിന്‍റെ തെളിവാണെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്. നിരവധി വിജയകരമായ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ഐഐടി പൂർവ്വ വിദ്യാർത്ഥികളാണ് സ്ഥാപിച്ചതെന്നും, സംരംഭകത്വത്തിൽ ഐഐടി വിദ്യാർത്ഥികൾ വേറിട്ടുനിൽക്കുന്നതിന് ഒരു കാരണമുണ്ടെന്നും മറ്റ് ചിലരെഴുതി.