വ്യാജ ഡിഗ്രി സ‍ർട്ടിഫിക്കറ്റ്, ചൈനീസ് സൗന്ദര്യറാണിക്ക് 240 ദിവസം തടവ്

Published : May 19, 2025, 08:24 AM ISTUpdated : May 19, 2025, 10:54 AM IST
വ്യാജ ഡിഗ്രി സ‍ർട്ടിഫിക്കറ്റ്, ചൈനീസ് സൗന്ദര്യറാണിക്ക് 240 ദിവസം തടവ്

Synopsis

പിജി കോഴ്സിന് ചേരുന്നതിനാണ് ചൈനീസ് സൗന്ദര്യ റാണി, ന്യൂയോ‍ക്കിലെ കൊളംബിയ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. 


വിദ്യാഭ്യാസം ഇന്നൊരു കച്ചവടമായി മാറിയിരിക്കുന്നു. സ‍ർക്കാർ, സ്വകാര്യ ജോലികൾക്ക് വിദ്യാഭ്യാസ യോഗ്യത നിർബന്ധമാക്കിയതോടെ സർട്ടിഫിക്കറ്റുകൾ മാത്രം വിതരണം ചെയ്യുന്ന വ്യാജ സര്‍വ്വകലാശാലകൾ എല്ലാ രാജ്യങ്ങളിലും ഉയ‍ർന്നു. ഇത്തരം വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി ലഭിച്ചാല്‍ തന്നെ, ഏതെങ്കിലും ഒരു അവസരത്തില്‍ തട്ടിപ്പ് പുറത്ത് വരും. സമാനമായ ഒരു അവസ്ഥയിലൂടെയാണ് ചൈനീസ് സൗന്ദര്യ റാണി കടന്ന് പോകുന്നതെന്ന് റിപ്പോര്‍ട്ട്. 

ഹോങ്കോങ് സ‍ർവകലാശാലയില്‍ ഐവി ലീഗ് യോഗ്യതകൾക്കായി, കൊളംബിയ സര്‍വകലാശാലയുടെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയതാണ് ചൈനീസ് സൗന്ദര്യ റാണിക്ക് കുരുക്കായത്.  വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ 28- കാരി ലി സിക്സ്‌സുവാന് 240 ദിവസം (എട്ട് മാസം) ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്. 

ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയില്‍ വച്ച് ഭാഷാശാസ്ത്രത്തില്‍ ഡിഗ്രി പാസായെന്നാണ് ലി സിക്സ്‌സുവാൻ അവകാശപ്പെട്ടത്. ഹോങ്കോങ് സ‍ർവകലാശാലയില്‍ ഭാഷാശാസ്ത്രം പിജി കോഴ്സിന് അപേക്ഷിക്കുന്നതിനായാണ് ലി സിക്സ്‌സുവാൻ കൊളംബിയ സര്‍വകലാശാലയുടെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് 2021 -ല്‍ ഹാജരാക്കിയത്. 2022 -ല്‍ ലി സിക്സ്‌സുവാന് അഡ്മിഷനും ലഭിച്ചു. അതിന് ശേഷം 2024 -ലാണ് ലി, ഷെൻകൻഷിൻ മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തില്‍ വിജയിയാകുന്നത്. 

 

കൊളംബിയ സര്‍വകലാശാലയുടേത് മാത്രമല്ല, ഹോങ്കോങ് സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റും ലി സർവകലാശാലയില്‍ സമർപ്പിച്ചിരുന്നു. ആ സർട്ടിഫിക്കറ്റില്‍ ലിക്ക് ഡിഗ്രി കോഴ്സിന് ഡിസ്റ്റിംഗ്ഷന്‍ മാര്‍ക്കാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ കോഴ്സ് ലി പാസാവുക മാത്രമേ ചെയ്തിട്ടൊള്ളൂവെന്ന് സർവകലാശാല റിക്കോർഡുകൾ പറയുന്നു. ഹോങ്കോങ് സ‍ർവകലാശാല നടത്തിയ അന്വേഷണത്തില്‍ അങ്ങനെയൊരു വിദ്യാര്‍ത്ഥി തങ്ങളുടെ സ‍ർവകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് കൊളംബിയ സര്‍വകലാശാല അറിയിച്ചു. 

വ്യാജ സർട്ടിഫിക്കറ്റിന് 45 ലക്ഷം രൂപ ചെലവായെന്ന് ലി, പോലീസിനോട് പറഞ്ഞു. സൊംഗ്‌നാന്‍ സർവകലാശാലയ്ക്ക് കീഴിലുള്ള വുഹാന്‍ കോളേജില്‍ നിന്നും 2020 -ല്‍ സാമ്പത്തിക ശാസ്ത്രത്തിലും നിയമത്തിലുമാണ് ലി ഡിഗ്രി കഴിഞ്ഞത്. പിന്നെ കൊളംബിയ സര്‍വകലാശാലയുടെ ഒരു ഓണ്‍ലൈന്‍ കോഴ്സിലും പങ്കെടുത്തിട്ടുണ്ടെന്നും ലി പോലീസിനോട് സമ്മതിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റില്‍ പിടികൂടപ്പെട്ടിട്ടും ലി ചൈനയിലേക്ക് തിരികെ പോകാന്‍ വിസമ്മതിച്ചു. ഇതേതുട‍ർന്ന് ലിയെ അതിര്‍ത്തിയില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഷാട്ടിന്‍ മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ 8 -ാം തിയതി 300 ദിവസത്തെ തടവായിരുന്നു ലിയ്ക്ക് വിധിച്ചത്. പിന്നീട് അത് 240 ദിവസമാക്കി കുറയ്ക്കുകയായിരുന്നു. 

 


 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ