
ഹിമാചൽപ്രദേശിൽ ട്രെക്കിംഗ് നടത്തുന്നതിനിടെ അപരിചിതനായ പുരുഷൻ തന്നെ പിന്തുടരുന്നതിന്‍റെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് പോളിഷ് ട്രാവലർ ആയ യുവതി. വീഡിയോയിൽ യുവതിയെ പിന്തുടരുന്ന പുരുഷൻ തന്നോടൊപ്പം നിന്ന് ഫോട്ടോ എടുക്കണമെന്ന് യുവതിയോട് തുടർച്ചയായി ആവശ്യപ്പെടുന്നതും കാണാം. ഇൻസ്റ്റാഗ്രാമിൽ ട്രാവൽ കണ്ടന്‍റ് ക്രീയേറ്ററായ കാസിയ ആണ് തനിക്കുണ്ടായ ദുരനുഭവം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ട്രക്കിങ്ങിനായി താൻ താമസിച്ചിരുന്ന വീട്ടിൽ നിന്നും ഇറങ്ങി നടക്കുന്നതിനിടയിലാണ് അപരിചിതൻ പിന്നാലെ കൂടിയത്. നിരവധി തവണ തന്നെ പിന്തുടരുതെന്ന് കാസിയ ഇയാളോട് ആവശ്യപ്പെട്ടെങ്കിലും അതൊന്നും ഗൗനിക്കാതെ ഇയാൾ പിന്നാലെ കൂടുകയായിരുന്നു.
ഹിന്ദിയിൽ തന്നോട് ഇയാൾ ദേഷ്യപ്പെട്ടതായും നിരവധി തവണ തന്നെ പിന്തുടരുതെന്ന് പറഞ്ഞിട്ടും അത് കേൾക്കാതെ ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്നുമാണ് കാസിയ സംഭവത്തെക്കുറിച്ച് പറയുന്നത്. അപരിചിതനായ ഒരു വ്യക്തിയോടൊപ്പം നിന്ന് ഫോട്ടോ എടുക്കാൻ താൻ ആഗ്രഹിക്കുന്നില്ലന്ന് അവർ വ്യക്തമാക്കി. ഒടുവിൽ അയാളിൽ നിന്നും രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് താൻ വീഡിയോ ചിത്രീകരിക്കാൻ തുടങ്ങിയതെന്നും കാസിയ പറയുന്നു.
വീഡിയോ ചിത്രീകരിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതും അയാൾ പിന്തിരിഞ്ഞു നടന്നെന്നും ഇവർ കൂട്ടിച്ചേര്‍ത്തു. വരുന്നവർക്കും പോകുന്നവർക്കും ഫോട്ടോ എടുക്കാൻ താൻ കാഴ്ചബംഗ്ലാവിലെ മൃഗം അല്ലെന്നും സമൂഹ മാധ്യമ കുറിപ്പില്‍ കാസിയ പറയുന്നു. ഇന്ത്യയിലെ തന്‍റെ യാത്രയിൽ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത് ചില പുരുഷന്മാരിൽ നിന്നുമുള്ള ഇത്തരം പ്രവർത്തികളാണെന്നും അവർ വ്യക്തമാക്കി. വിദേശ വനിതകളെ കാണുമ്പോൾ വിചിത്ര വസ്തുക്കളെ പോലെ നോക്കരുതെന്നും അത് തങ്ങളിൽ അറപ്പും വെറുപ്പുാണ് ഉളവാക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.