വ്യാജഡിഗ്രികളും കോപ്പിയടിപ്രബന്ധങ്ങളും - നേതാക്കളുടെ തട്ടിപ്പുകഥകൾ..!

By Web TeamFirst Published Apr 9, 2019, 11:37 AM IST
Highlights

ഇന്ത്യയിൽ സ്‌മൃതി ഇറാനിയാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കൊടുത്ത വിദ്യാഭ്യാസ യോഗ്യതകളിൽ വന്ന മാറ്റങ്ങളുടെ പേരിൽ പുലിവാല് പിടിച്ചിട്ടുള്ള ഒരു നേതാവ്. 

പല നേതാക്കളെയും മറ്റുള്ളവരുടെ മുന്നിൽ ചെന്നുനിൽക്കുമ്പോൾ അപകർഷതാ ബോധം അലട്ടാറുണ്ട്. അതിനെ മറികടക്കാൻ ചിലർ പണം നൽകി, മറ്റുചിലർ സ്വാധീനം ചെലുത്തി വിദ്യാഭ്യാസ യോഗ്യതകൾ സ്വന്തമാക്കും. ഇത് ഇന്ത്യയിൽ മാത്രമുള്ള അഭ്യാസമല്ല, ലോകത്തെങ്ങും നടക്കുന്നത് ഏറെക്കുറെ ഇതൊക്കെത്തന്നെയാണ്. അങ്ങനെയുള്ള ചില തട്ടിപ്പുവീരന്മാരായ നേതാക്കളുടെ കഥയാണിനി. 

ഗുട്ടന്‍ബര്‍ഗ്
ജർമനിയിൽ പണ്ടൊരു പ്രതിരോധവകുപ്പുമന്ത്രിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് -  'ബാരൺ കാൾ തിയോഡോർ മരിയാ നിക്കോളാസ്‌ യോഹാൻ  ജേക്കബ് ഫിലിപ്പ് ഫ്രാൻസ് ജോസഫ് സിൽവസ്റ്റർ ബുൾഫ്രൈയർ വോൺ ഉൻത് സു ഗുട്ടൻബർഗ്' എന്നായിരുന്നു. ഇത്രയും ദീർഘമായൊരു പേര് അച്ഛനമ്മമാർ ഇട്ടിട്ടും അതൊന്നും പോരാഞ്ഞിട്ടാവും അദ്ദേഹം അതിനു മുന്നിലായി ഒരു ഡോ. കൂടി കൂട്ടിച്ചേർത്തു. ജർമനിയിലെ ബേറൗത്ത് സർവകലാശാലയിൽ നിന്നും നിയമത്തിൽ ഒരു ഡോക്ടറേറ്റ് 'സ്വന്ത'മാക്കി എന്ന് അദ്ദേഹം അവകാശപ്പെട്ടു. യൂറോപ്പിലെയും അമേരിക്കയിലെയും നിയമ വ്യവസ്ഥകൾ തമ്മിൽ താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു പ്രബന്ധമായിരുന്നു പുള്ളിയുടേത്. 2011 -ൽ അദ്ദേഹത്തിന്റെ പ്രബന്ധത്തിലെ കോപ്പിയടികൾ തെളിവുസഹിതം പൊക്കി പരസ്യമാക്കിയ  ഇന്റർനെറ്റ് സിഐഡികൾ അദ്ദേഹത്തിന്  പുതിയൊരു വിളിപ്പേരുതന്നെ സമ്മാനിച്ചു, 'ഗൂഗിൾ ബെർഗ്'. എയ്ഞ്ചലാ മെർക്കലിന് ശേഷം ചാൻസലർ ആവേണ്ടിയിരുന്നയാളിന്റെ രാഷ്ട്രീയ ഭാവി അതോടെ കൂമ്പടഞ്ഞു. 

വിക്ടർ പോണ്ട
റൊമാനിയൻ പ്രധാനമന്ത്രിയായിരുന്ന വിക്ടർ പോണ്ട, 2012 -ൽ  സത്യപ്രതിജ്ഞ ചെയ്ത് ഏറെനാളാവും മുമ്പ് ഇതേപോലെ ഗവേഷണ പ്രബന്ധത്തിലെ പകർത്തിയെഴുത്തിന് ആരോപണ വിധേയനായി. അന്താരാഷ്‌ട്ര ക്രിമിനൽ നിയമം എന്ന വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ അക്കാദമിക് പ്രബന്ധം. വളരെ ധീരമായി ആ ആരോപണങ്ങളൊക്കെയും നിഷേധിച്ചു കൊണ്ട് അന്നദ്ദേഹം പറഞ്ഞത്, "ഓരോ പേജിലും ക്രെഡിറ്റ് കൊടുത്തില്ലെന്ന ഒറ്റ കുറ്റമേ ഞാൻ ചെയ്തുള്ളൂ. എന്റെ എഴുത്തിനെ സ്വാധീനിച്ചിട്ടുള്ള എല്ലാ എഴുത്തുകാരുടെയും പേര്  അക്ഷരമാലാക്രമത്തിൽ ഒടുവിൽ ഒരു അനുബന്ധപട്ടികയായി കൊടുത്തിട്ടുണ്ട്... അങ്ങനെ പോരാ എന്നെനിക്ക് സത്യമായും അറിയില്ലായിരുന്നു.." 2015 -ൽ പലവിധം അഴിമതിയാരോപണങ്ങൾ നേരിട്ട് ഒടുവിൽ രാജിവെച്ചു പുറത്തുപോരേണ്ടി വന്നപ്പോൾ അദ്ദേഹം മറ്റൊരു നെടുങ്കൻ പ്രസ്താവനയിറക്കി.. "രാഷ്ട്രീയം മടുത്തു. ഇനി ഞാൻ അടുത്ത ഡോക്ടറേറ്റിന് ശ്രമിക്കാൻ പോവുകയാണ്. ഇത്തവണ ഇവിടത്തെ മഹാന്മാരായ പരിശോധകരൊക്കെ പറഞ്ഞുവെച്ചിട്ടുള്ള എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ടുള്ള ഒരു പ്രബന്ധം തന്നെ ഞാനെഴുതും." 

വ്ളാദ്മിര്‍ പുടിന്‍
റഷ്യൻ പ്രസിഡന്റായ വ്ലാദിമിർ പുടിനും നേരിട്ടിട്ടുണ്ട്  ഒരു കോപ്പിയടി ആരോപണം. അദ്ദേഹത്തിന്റെ പേരിൽ 1997 -ൽ പുറത്തുവന്ന ഒരു പ്രബന്ധമുണ്ട്. അല്പം സങ്കീർണ്ണമാണ് അതിന്റെ ശീർഷകം, "ധാതുക്കളും, അസംസ്കൃത വസ്‌തു സമ്പത്തും, റഷ്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഒരു വികസന രൂപരേഖ' 2006 -ൽ ബ്രൂക്കിങ്സ് ഇൻസ്റ്റിട്യൂഷൻ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അദ്ദേഹത്തിന്റെ ഈ മോഷണം പുറത്തായത്. 200  പേജ് നീളമുള്ള അദ്ദേഹത്തിന്റെ പ്രബന്ധത്തിൽ 16  പേജിലധികം മറ്റുള്ളവരുടെ ഗവേഷണപ്രബന്ധങ്ങളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് എന്ന് അവർ ആരോപിച്ചു. പിന്നെയും പന്ത്രണ്ടു വർഷം കഴിഞ്ഞ് അതിലും ദയനീയമായ മറ്റൊരു വിവരം പുറത്തുവന്നു. മേൽപ്പറഞ്ഞ കോപ്പിയടി പോലും നടത്തിയത് പുടിൻ നേരിട്ടല്ല എന്ന്. ഓൾഗാ ലിത്വിനെങ്കോ എന്ന റഷ്യൻ ലെജിസ്ളേറ്റർ അവകാശപ്പെട്ടത്, തന്റെ പിതാവും സെന്റ് പീറ്റേഴ്സ് ബെർഗ് മൈനിങ് യൂണിവേഴ്‌സിറ്റി റെക്ടറും, സർവോപരി പുടിന്റെ അക്കാദമിക് അഡ്‌വൈസറുമായ വ്ലാദിമിർ ലിത്വിനെങ്കോയാണ് പുടിനുവേണ്ടി ആ അതിക്രമം പ്രവർത്തിച്ചതെന്നാണ്.

 

പുടിന്റെ പ്രബന്ധത്തിന്റെ നിർമ്മിതിയ്ക്കായി ഏറ്റവും കൂടുതൽ അദ്ധ്വാനിച്ചിട്ടുള്ളത് ഒരു ഫോട്ടോകോപ്പിയർ മെഷീനായിരുന്നു എന്നാണ് അവരുടെ ആരോപണം. തൊണ്ണൂറുകളിൽ ലഭ്യമായിരുന്ന ഒരേയൊരു 'കട്ട് ആൻഡ് പേസ്റ്റ് ' സംവിധാനം നമ്മുടെ കത്രിക മാത്രമായിരുന്നു. തന്റെ പിതാവ് സ്വന്തം കത്രികകൊണ്ട് പല പ്രബന്ധങ്ങളിൽ നിന്നായി മുറിച്ചെടുത്ത ചിത്രങ്ങളും ടെക്സ്റ്റുകളും മറ്റും ഒരു വെള്ളപ്പേപ്പറിൽ ഒട്ടിച്ചെടുത്ത് അതിന്റെ ഫോട്ടോകോപ്പി എടുത്ത് ഏറെ പണിപെട്ടായിരുന്നത്രെ പുടിന്റെ പ്രബന്ധത്തിന്റെ ഓരോ പേജും തയ്യാർ ചെയ്തെടുത്തത്.

സ്മൃതി ഇറാനി
ഇന്ത്യയിൽ സ്‌മൃതി ഇറാനിയാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കൊടുത്ത വിദ്യാഭ്യാസ യോഗ്യതകളിൽ വന്ന മാറ്റങ്ങളുടെ പേരിൽ പുലിവാല് പിടിച്ചിട്ടുള്ള ഒരു നേതാവ്. 2004 -ലെ തെരഞ്ഞെടുപ്പിന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ അവർ പറഞ്ഞത്, തനിക്കുള്ള കൂടിയ വിദ്യാഭ്യാസ യോഗ്യത 1996 -ൽ ദില്ലി സർവകലാശാലയിൽ നിന്നും കറസ്പോണ്ടൻസ് വഴി നേടിയ ഒരു ബിരുദമാണ് എന്നാണ്. എന്നാൽ 2011 -ൽ ഗുജറാത്തിൽ നിന്നും രാജ്യസഭയിലേക്ക് പോരാൻ വേണ്ടി അവർ സമർപ്പിച്ച മറ്റൊരു സത്യവാങ്മൂലത്തിൽ അവർ കൊടുത്ത കൂടിയ വിദ്യാഭ്യാസ യോഗ്യത ദില്ലി യൂണിവേഴ്‌സിറ്റിയിൽ നിന്ന് തന്നെ കറസ്പോണ്ടൻസ് വഴി ചെയ്ത ബി കോം പാർട്ട് - 1  മാത്രമായിരുന്നു. ഇതും പിന്നീട് അവർ നടത്തിയ യേൽ യൂണിവേഴ്‌സിറ്റി ഡിഗ്രി അവകാശവാദവും ഒക്കെ വിവാദാസ്പദമായിരുന്നു. 

ജിതേന്ദർ സിങ്ങ് തോമർ 
അടുത്ത വ്യാജബിരുദധാരി ദില്ലിയിൽ അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി സർക്കാരിൽ നിയമവകുപ്പ്‌ മന്ത്രിയായിരുന്ന ജിതേന്ദർ സിങ്ങ് തോമർ ആണ്. 2015 -ൽ അദ്ദേഹത്തിന് മന്ത്രിസഭയിൽ നിന്നും രാജിവെച്ച് നേരെ ജയിലിലേക്കാണ് പോവേണ്ടിവന്നത്. കാരണമോ, ബാർ കൗൺസിൽ ഓഫ് ഡൽഹിയിൽ നിന്നും എൻറോൾ ചെയ്യാൻ അദ്ദേഹം അടിസ്ഥാനമായി സമർപ്പിച്ചിരുന്ന ഭാഗൽപൂർ സർവകലാശാലയിൽ നിന്നും നേടിയ ബിരുദം വ്യാജമായിരുന്നു എന്നതും. അദ്ദേഹം ഇപ്പോഴും ജയിലിലാണ്. 

ഉയർന്ന വിദ്യാഭ്യാസ യോഗ്യതകളൊന്നും തന്നെ ആവശ്യമില്ല നല്ലൊരു ഭരണാധികാരി എന്ന നിലയിൽ ജനങ്ങളെ സേവിക്കാൻ. കേരളം കണ്ട മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളായ അച്യുതാനന്ദന്റെ വിദ്യാഭ്യാസ യോഗ്യത വെറും ഏഴാം ക്ലാസ് മാത്രമാണ്. വിദ്യാഭ്യാസ യോഗ്യത ഒരിക്കലും ഒരു രാഷ്ട്രീയക്കാരന്റെ ഭരണമികവിനെ അളക്കാനുള്ള ഒരു മുഴക്കോലല്ല. പക്ഷേ, അതിൽപ്പോലും കള്ളം കാണിക്കുമ്പോൾ വെളിപ്പെടുന്നത് ഭരിക്കാൻ അത്യാവശ്യമുള്ള ഒരു നേതൃഗുണത്തിന്റെ അഭാവമാണ്, 'സത്യസന്ധത'..!
 

click me!