കാമുകന്മാരുള്ളവര്‍ മാത്രം വാലന്റൈൻസ് ഡേയിൽ കോളേജിൽ കയറിയാൽ മതി, പ്രിൻസിപ്പലിന്റെ അറിയിപ്പ്, ഒടുവില്‍

By Web TeamFirst Published Jan 30, 2023, 1:22 PM IST
Highlights

നോട്ടീസ് കണ്ട് വിദ്യാർത്ഥികളും അധ്യാപകരും ഒരുപോലെ അമ്പരന്നു എന്ന് മാത്രമല്ല, സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളിൽ ഇത് വ്യാപകമായി പ്രചരിക്കുകയും അതോടെ മാധ്യമങ്ങളിലെല്ലാം വാർത്തയാവുകയും ചെയ്തു.

വാലന്റൈൻസ് ഡേ എങ്ങനെ കളർ ആക്കാമെന്ന ആലോചന കലാലയങ്ങളിൽ തുടങ്ങിക്കഴിഞ്ഞു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഒഡീഷയിലെ ഒരു കോളേജും അവിടുത്തെ പ്രിൻസിപ്പാളും മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും നിറയുകയാണ്. കാരണം മറ്റൊന്നുമല്ല പ്രിൻസിപ്പാളിന്റെ ഒപ്പോടുകൂടി വിദ്യാർത്ഥികൾക്ക് നൽകിയ ഒരു നോട്ടീസ് ആണ് അതിന് കാരണമായിത്തീർന്നത്. 

വാലന്റൈൻസ് ഡേ ദിനത്തിൽ കാമുകന്മാർ ഉള്ള പെൺകുട്ടികൾ മാത്രം കോളേജിൽ എത്തിയാൽ മതിയെന്നും കോളേജിൽ വരുന്നവരെല്ലാം തങ്ങളുടെ കാമുകന്മാർക്കൊപ്പം വേണം വരാൻ എന്നുമാണ് പ്രിൻസിപ്പാളിന്റെ ഒപ്പോടുകൂടി പുറത്തിറങ്ങിയ നോട്ടീസിൽ പറയുന്നത്. ഇതുകൂടാതെ ഇരുവരും ഒരുമിച്ചുള്ള ഏറ്റവും പുതിയ ഫോട്ടോയും റിലേഷൻ സ്റ്റാറ്റസ് സത്യമാണ് എന്ന് തെളിയിക്കുന്നതിനായി കാണിക്കണമെന്നും നോട്ടീസിൽ പറഞ്ഞിരുന്നു.

നോട്ടീസ് കണ്ട് വിദ്യാർത്ഥികളും അധ്യാപകരും ഒരുപോലെ അമ്പരന്നു എന്ന് മാത്രമല്ല, സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളിൽ ഇത് വ്യാപകമായി പ്രചരിക്കുകയും അതോടെ മാധ്യമങ്ങളിലെല്ലാം വാർത്തയാവുകയും ചെയ്തു. ഒഡീഷയിലെ എസ്‌വിഎം ഓട്ടോണമസ് കോളേജ് പ്രിൻസിപ്പൽ ബിജയ് കുമാർ പത്രയുടെ പേരിലാണ് ഇത്തരത്തിൽ ഒരു നോട്ടീസ് വ്യാപകമായ പ്രചരിച്ചത്. എന്നാൽ, താൻ ഇത്തരത്തിൽ ഒരു നോട്ടീസ് പുറപ്പെടുവിച്ചിട്ടില്ലെന്നും ഇത് വ്യാജമാണെന്നും ബിജയ് കുമാർ പറഞ്ഞു.  

ഇതുമായി ബന്ധപ്പെട്ട് ജഗത്സിംഗ്പൂർ പൊലീസ് സ്റ്റേഷനിൽ പത്ര കേസും ഫയൽ ചെയ്തിട്ടുണ്ട്. കൂടാതെ തന്റെ ഡിജിറ്റൽ ഒപ്പ് വ്യാജമായി തയ്യാറാക്കി ഉപയോഗിക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. കോളേജിൻറെ യശസ് തകർക്കുന്നതിനായി ആരോ മനപൂർവ്വം ചെയ്തതാണ് ഇതെന്നും കുറ്റക്കാരായവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

‌ഇത് സംബന്ധിച്ച് കോളേജ് പ്രിൻസിപ്പലിൽ നിന്ന് പരാതി ലഭിച്ചതായി ജഗത്സിംഗ്പൂർ പൊലീസ് സ്റ്റേഷനിലെ  ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

click me!