
പ്രണയം ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്ന് പറയാറില്ലേ. അത് സത്യമാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് ഈ പ്രണയജോഡികൾ. മഹാരാഷ്ട്രയിലെ കോലാപൂരിലെ ഒരു അഗതി മന്ദിരത്തിലെ അന്തേവാസികളായ 76 -കാരൻ ബാബുറാവു പാട്ടീലും 70 -കാരി അനുസയ ഷിൻഡെയുമാണ് തങ്ങളുടെ പ്രണയസാഫല്യത്തിലൂടെ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം കയ്യൊഴിഞ്ഞപ്പോൾ വൃദ്ധസദനത്തിൽ അഭയം തേടിയ ഇവർ ഇപ്പോൾ പരസ്പരം തുണയാവുകയാണ്.
കോലാപൂരിലെ ജാങ്കി വൃദ്ധസദനത്തിലെ അന്തേവാസികളാണ് ഇവർ. കഴിഞ്ഞ രണ്ടു വർഷക്കാലമായി ഇവർ ഇരുവരും ഇവിടെയാണ് താമസിക്കുന്നത്. ഇരുവരും തമ്മിൽ ആദ്യം വലിയ പരിചയമൊന്നുമില്ലായിരുന്നെങ്കിലും എല്ലാദിവസവും പരസ്പരം കാണാൻ തുടങ്ങിയതോടെ വീണു കിട്ടുന്ന ഇടവേളകളിൽ പരസ്പരം സംസാരിക്കാനും അവർ സമയം കണ്ടെത്തി. അങ്ങനെ തങ്ങളുടെ ജീവിതത്തെക്കുറിച്ച് ബാബുറാവുവും അനുസയയും പരസ്പരം പങ്കുവെച്ചു. കൂടുതൽ അടുത്തറിഞ്ഞതോടെ ഇരുവരും നല്ല സുഹൃത്തുക്കളായി മാറി. വൃദ്ധസദനത്തിലെ അന്തേവാസികളും അവരുടെ സൗഹൃദത്തെ പ്രോത്സാഹിപ്പിച്ചു. ഒടുവിലത് പ്രണയമായി മാറുകയും ഇനിയുള്ള ജീവിതം എന്തുകൊണ്ട് ഒരുമിച്ച് ജീവിച്ചുകൂടാ എന്ന ചിന്ത ഇരുവരിലും ഉണ്ടാവുകയും ചെയ്തു.
പിന്നെ മടിച്ചില്ല തങ്ങളുടെ ആഗ്രഹം അവർ വൃദ്ധസദന അധികാരികളെ അറിയിച്ചു. വൃദ്ധസദനത്തിന്റെ അധികാരികളുടെയും അന്തേവാസികളുടെയും ഭാഗത്തുനിന്ന് വലിയ പിന്തുണയായിരുന്നു അവർക്ക് ലഭിച്ചത്. എല്ലാവരുടെയും സമ്മതത്തോടെ ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചു. അതിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു.
ഇവർ താമസിച്ചിരുന്ന വൃദ്ധസദനത്തിലെ തന്നെ മറ്റൊരു അന്തേവാസിയായ ഡ്രൈവർ ബാബാസാഹേബ് പൂജാരിയാണ് ഇരുവരുടെയും വിവാഹത്തിന് ആവശ്യമായ എല്ലാ നിയമനടപടികളും പൂർത്തിയാക്കിയത്. അദ്ദേഹം തന്നെയാണ് തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ വിവാഹത്തിന് സാക്ഷിയായി ഒപ്പിട്ടതും. സുഹൃത്തുക്കളായ അന്തേവാസികൾക്ക് മുൻപിൽ വെച്ച് തന്നെയാണ് ഇരുവരും വിവാഹിതരായത്. ജാങ്കി വൃദ്ധസദനത്തിൽ നടന്ന ചടങ്ങുകൾക്ക് വൃദ്ധസദന അധികാരികളും സാക്ഷികളായി. ഇവരുടെ വിവാഹത്തിൻറെ വീഡിയോയും ചിത്രങ്ങളും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
ബാബു റാവുവിന്റെയും അനുസയയുടെയും മുൻ പങ്കാളികൾ ഏറെ വർഷക്കാലം മുൻപേ മരിച്ചിരുന്നു. ബാബുറാവു പാട്ടീൽ ശിവനക്വാഡി സ്വദേശിയും അനുസയ ഷിൻഡെ, വാഗോലി സ്വദേശിയുമാണ്. വൃദ്ധസദനത്തിൽ നിന്നും വിവാഹത്തോടെ താമസം മാറിയ ഇരുവരും ഇപ്പോൾ വൃദ്ധസദനത്തിന് സമീപത്തു തന്നെയായി മറ്റൊരു വീട്ടിലാണ് താമസം. ഒറ്റപ്പെടലിന്റെ വേദനയിൽ പരസ്പരം കൂട്ടാകാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇവർ ഇരുവരും ഇപ്പോൾ.