
ഉക്രൈനിലെ ആയിരക്കണക്കിന് കുട്ടികളിപ്പോൾ റഷ്യയുടെ കയ്യിലാണെന്നും ഇത് ആധുനിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിർബന്ധിത നാടുകടത്തലെന്നും ഉക്രേനിയൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ. ഉക്രൈനിലെ കുട്ടികളെ റഷ്യ മോഷ്ടിച്ചു എന്നത് ഏറ്റവും ഭയാനകമായ കുറ്റകൃത്യമാണ് എന്നും കുലേബ പറഞ്ഞു. ജനീവയിൽ യുഎൻ മനുഷ്യാവകാശ കൗൺസിൽ സെഷന്റെ ഉദ്ഘാടന ദിവസം വീഡിയോ സന്ദേശത്തിലാണ് കുലേബ ഇക്കാര്യം വ്യക്തമാക്കിയത്. ഉക്രൈനിലെ റഷ്യയുടെ യുദ്ധക്കുറ്റങ്ങളെയും സെഷനിൽ അഭിസംബോധന ചെയ്തു.
ഇത്തരത്തിൽ കുട്ടികളെ കടത്തിക്കൊണ്ടു പോവുക എന്നത് വംശഹത്യക്ക് തുല്യം തന്നെ എന്നും കുലേബ പറഞ്ഞു. ഫെബ്രുവരി ആദ്യം യുഎസ് പിന്തുണയോടെ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പറയുന്നത്, റഷ്യയുടെ അധീനതയിലുള്ള ക്രിമിയയിലെയും റഷ്യയിലെയും പ്രദേശങ്ങളിൽ കുറഞ്ഞത് 6,000 ഉക്രേനിയൻ കുട്ടികളെയെങ്കിലും റഷ്യ പാർപ്പിച്ചിട്ടുണ്ട് എന്നാണ്. റഷ്യയുടെ ലക്ഷ്യം രാഷ്ട്രീയ പുനർ വിദ്യാഭ്യാസമാണ് എന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. 2022 ഫെബ്രുവരിയിൽ ഉക്രൈനിൽ അധിനിവേശം നടത്തിയത് മുതലിങ്ങോട്ട് ഇതുപോലെ ഉള്ള 43 ക്യാമ്പുകളിലെങ്കിലും ഉക്രേനിയൻ കുട്ടികളെ പാർപ്പിച്ചിട്ടുണ്ട് എന്ന് യേൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകരും പറയുന്നു.
ജർമ്മൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്കും ഉക്രൈനിലെ റഷ്യൻ അധിനിവേശ പ്രദേശങ്ങളിൽ നിന്ന് കുട്ടികളെ ആസൂത്രിതമായി നാടുകടത്തുന്നതിനെ ശക്തമായി അപലപിച്ചു. നമ്മുടെ കുട്ടികളെ നമ്മുടെ വീടുകളിൽ നിന്നും കടത്തിക്കൊണ്ടു പോവുക, അവരുടെ കൂട്ടുകാരിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നും വളരെ വളരെ അകലെയാക്കുക എന്നതിനേക്കാൾ നിന്ദ്യമായ മറ്റെന്തുണ്ട് എന്നാണ് അവർ ചോദിച്ചത്. കെർസണിൽ റഷ്യയുടെ അധിനിവേശം ആരംഭിച്ചപ്പോൾ തട്ടിക്കൊണ്ടുപോകപ്പെട്ട 15 കുട്ടികളെ കുറിച്ചും അവർ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. അതിൽ ഏറ്റവും ചെറിയ കുട്ടിയുടെ പ്രായം ഒമ്പത് വയസ് മാത്രമാണ്.
റഷ്യ കടത്തിക്കൊണ്ടുപോയിരിക്കുന്ന ഓരോ കുട്ടിയേയും വീട്ടിലെത്തിക്കുന്നത് വരെ തങ്ങൾക്ക് വിശ്രമമില്ല. കുട്ടികളുടെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടിരിക്കുകയാണ് എന്നും ബെയർബോക്ക് പറഞ്ഞു.