പ്രണയം വീട്ടുകാരെതിർത്തു, യുവതി പൊലീസിനടുത്ത്, സ്റ്റേഷൻവളപ്പിലെ ക്ഷേത്രത്തിൽ മാം​ഗല്യം

Published : Jul 22, 2024, 12:42 PM ISTUpdated : Jul 22, 2024, 02:04 PM IST
പ്രണയം വീട്ടുകാരെതിർത്തു, യുവതി പൊലീസിനടുത്ത്, സ്റ്റേഷൻവളപ്പിലെ ക്ഷേത്രത്തിൽ മാം​ഗല്യം

Synopsis

വീട്ടുകാർ പറഞ്ഞത് യുവതി കണ്ടെത്തിയ യുവാവിന് പണമില്ലെന്നും കുറച്ചേ സമ്പാദിക്കുന്നുള്ളൂ എന്നുമായിരുന്നു. അവൻ പിന്നീട് യുവതിയെ ഉപേക്ഷിച്ചാൽ അവളുടെ അവസ്ഥ എന്താവും എന്ന ആശങ്കയും യുവതിയുടെ വീട്ടുകാർക്ക് ഉണ്ടായിരുന്നത്രെ.

പ്രണയവിവാഹം കുറച്ചൊക്കെ നമ്മുടെ നാട്ടിൽ അം​ഗീകരിക്കപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴും പ്രണയിച്ച് വിവാഹിതരാവാൻ പറ്റാത്ത അനേകം പ്രണയികളും ഇവിടെയുണ്ട്. വിവാഹത്തിന്റെ കാര്യം വരുമ്പോൾ പ്രണയിച്ചു എന്നത് പോലും എന്തോ പോരായ്മയായി കാണുന്നവരാണ് ഭൂരിഭാ​ഗം പേരും. അങ്ങനെ വീട്ടിലെ എതിർപ്പ് കാരണം വിവാഹിതരാവാൻ സാധിക്കാത്ത പ്രണയികൾക്ക് ഒടുവിൽ പൊലീസ് സ്റ്റേഷനിൽ മാം​ഗല്യം. 

സംഭവം നടന്നത് ഉത്തർപ്രദേശിലെ ബാന്ദ ജില്ലയിലാണ്. താൻ പ്രണയിച്ച യുവാവിനെ വിവാഹം കഴിക്കാൻ വീട്ടുകാർ സമ്മതിക്കുന്നില്ല എന്ന പരാതിയുമായി ആദ്യം പൊലീസ് സ്റ്റേഷനിൽ എത്തിയത് യുവതി തന്നെയാണ്. വീട്ടുകാരുടെ എതിർപ്പ് രൂക്ഷമായതിനെ തുടർന്ന് യുവതി നേരെ പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. പിന്നീട്, പൊലീസുകാരോട് തന്റെ പ്രണയത്തെ കുറിച്ചും വീട്ടുകാരുടെ എതിർപ്പിനെ കുറിച്ചും വിശദമായി പറയുകയും ചെയ്തു. ഇതേത്തുടർന്ന് യുവതിയുടെ വീട്ടുകാരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും അവരോട് എല്ലാ കാര്യങ്ങളും സംസാരിക്കുകയും ചെയ്തു. ഒടുവിൽ‌ വീട്ടുകാർ വിവാഹത്തിന് സമ്മതിക്കുകയും പൊലീസ് സ്റ്റേഷനിൽ വച്ച് തന്നെ വിവാഹം നടത്തുകയുമായിരുന്നു. 

അടാര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഇവിടെ താമസിക്കുന്ന യുവതി കഴിഞ്ഞ 5 വർഷമായി മധ്യപ്രദേശിലെ ചിത്രകൂട് സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നുവത്രെ. റിപ്പോർട്ടുകൾ പ്രകാരം, വിവാഹത്തിന് മുമ്പ്, പൊലീസ് ഉദ്യോഗസ്ഥർ യുവതിയുടെ വീട്ടുകാരെ വിളിച്ച് വിവാഹത്തിന് സമ്മതിക്കാത്തതിന്റെ കാരണത്തെ കുറിച്ച് അന്വേഷിച്ചിരുന്നു. വീട്ടുകാർ പറഞ്ഞത് യുവതി കണ്ടെത്തിയ യുവാവിന് പണമില്ലെന്നും കുറച്ചേ സമ്പാദിക്കുന്നുള്ളൂ എന്നുമായിരുന്നു. 

അവൻ പിന്നീട് യുവതിയെ ഉപേക്ഷിച്ചാൽ അവളുടെ അവസ്ഥ എന്താവും എന്ന ആശങ്കയും യുവതിയുടെ വീട്ടുകാർക്ക് ഉണ്ടായിരുന്നത്രെ. പക്ഷേ, കാര്യങ്ങളെ കുറിച്ച് പൊലീസ് വിശദീകരിച്ചതോടെ വീട്ടുകാർ വിവാഹത്തിന് സമ്മതം അറിയിക്കുകയായിരുന്നു. ഒടുവിൽ പൊലീസുകാരുടെ സാന്നിധ്യത്തിൽ സ്റ്റേഷൻ വളപ്പിലെ ക്ഷേത്രത്തിലായിരുന്നു ഇവരുടെ വിവാഹം. 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?