മണ്ണൊരുക്കം ചാക്കില്‍, ചേന വളരുക ആളുയരത്തില്‍! ടെറസില്‍ ചേനയും നെല്ലും വിളയിച്ച് കർഷക കുടുംബം

Published : Aug 20, 2025, 11:47 AM IST
family growing Yam and paddy on the terrace

Synopsis

വീടിന്‍റെ ടെറസ് മുഴുവനും ചേന. അതും ആളുയരത്തില്‍. മധുസൂതനന്‍ മാഷും കുടുംബവും കൃത്യമായ കണക്ക് കുട്ടലിലാണ് മട്ടുപ്പാവ് കൃഷി ചെയ്യുന്നതും നൂറ് മേനി വിളവ് കൊയ്യുന്നതും. 

 

കൃഷി ചെയ്യാന്‍ മനസ് മാത്രമുണ്ടായാല്‍ മണ്ണൊരുങ്ങുമെന്ന് പറഞ്ഞ പോലെയാണ് നമ്പിക്കൊല്ലി കഴമ്പുകുന്ന് നീലകണ്ഠ മന്ദിരത്തില്‍ ധനേഷ്‌ കുമാര്‍ എന്ന അധ്യാപകന്‍റെയും ഭാര്യ സജിതയുടെയും മകന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി അമൃത് ശങ്കറിന്‍റെയും കാര്യം. ടെറസില്‍ വ്യത്യസ്ത കൃഷി രീതികള്‍ പരീക്ഷിച്ച് നൂറുമേനി വിളവ് കണ്ടെത്തുന്ന സമര്‍പ്പണമാണ് മൂവരുടെതും. കെട്ടിട നിര്‍മാണ സ്ഥലത്ത് നിന്ന് ശേഖരിച്ച കാലി സിമന്‍റ് ചാക്കും സെറാമിക് റൂഫിങ് ടൈലും മാത്രം വെച്ച് ഇത്തവണ ചേനയാണ് ഇവര്‍ മട്ടുപ്പാവില്‍ നട്ടുവളര്‍ത്തിയത്. ഇതിന് മുമ്പ് നെല്ലും കാന്താരിയും ചെണ്ടുമല്ലിയും വിളയിച്ച കുടുംബം 'ടെറസ് കൃഷി'യിലും വ്യത്യസ്തത തേടുകയാണ്.

അഞ്ച് വര്‍ഷത്തിലേറെയായി മൂവരും 'മട്ടുപ്പാവ് കൃഷി'യില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ട്. കഴിഞ്ഞ തവണ നെല്‍കൃഷിയായിരുന്നു. നല്ല വിളവാണ് ഉണ്ടായത്. അത് ഇത്തവണത്തെ ചേനക്കൃഷിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചുവെന്ന് കുടുംബം പറയുന്നു. അധികമാരും ടെറസ് ഫാമിംഗില്‍ ചെയ്യാത്ത ഇനമാണ് ചേനക്കൃഷി. നിര്‍മാണ സ്ഥലത്ത് ബാക്കിയാകുന്ന കാലി സിമന്‍റ് ചാക്കുകള്‍ ശേഖരിച്ച് കഴുകി വൃത്തിയാക്കി ഗ്രോബാഗുകൾ പോലെ ഉപയോഗിച്ചാണ് ചേനക്കൃഷി.

50 ചാക്കുകളിലായി ശ്രദ്ധയോടെ വിത്ത് നട്ടുപരിപാലിച്ചാണ് നൂറുമേനിയുടെ വിളവുണ്ടാക്കിയത്. ആദ്യം പറമ്പില്‍നട്ട ചേന വിത്താക്കി മാറ്റി. സിമന്‍റ് ചാക്കുകള്‍ രണ്ട് ഭാഗവും മുറിച്ചെടുത്ത് ഒരുഭാഗം കെട്ടിവെച്ച് മറുഭാഗം തുറന്നുവെക്കും. ചാക്ക് തലതിരിച്ച് ഉള്‍ഭാഗം പുറമേ വരുന്ന രീതിയിലേക്ക് മാറ്റി ഗ്രോബാഗ് പോലെയാക്കും. ഇതിന്‍റെ മുക്കാല്‍ ഭാഗത്തോളം പറമ്പില്‍ നിന്ന് അടിച്ചു വാരിയെടുത്ത കരിയില നിറയ്ക്കും. കരിയിലയുടെ മുകളിലാണ് വിത്തുവെക്കുക. വിത്തോടുകൂടിയ മുകള്‍ഭാഗത്ത് ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ രണ്ടുപിടി വീതം വിതറും. ശേഷം കുറച്ച് മണ്ണ് മുകളിലായി വിതറും.

ചേനയുടെ ഓരോ ഘട്ടത്തിലുമുള്ള വളര്‍ച്ച നിരീക്ഷിച്ച് വീണ്ടും ആവശ്യമുള്ള മണ്ണ് ബാഗുകളില്‍ ഇട്ടുകൊടുക്കും. ഇതുവരെയുള്ള എല്ലാ കൃഷികള്‍ക്കും ജൈവവളങ്ങളും ജൈവ കീടനാശിനികളുമാണ് ഉപയോഗിച്ച് വരുന്നത്. പുകയില കഷായമാണ് കീടനാശിനിയായി ഉപയോഗിക്കുന്നത്. മട്ടുപ്പാവ് കൃഷിയിലെ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ പ്രധാനം ജലസേചനമാണ്. കൂടുതല്‍നേരം സൂര്യപ്രകാശം നേരിട്ട് പതിക്കുന്നതിനാല്‍ ചെടികള്‍ക്ക് വാട്ടമുണ്ടാകാന്‍ സാധ്യതയേറെയാണ്. ഇത് പരിഹരിക്കാന്‍ രണ്ട് സംഭരണികളിലായി മട്ടുപ്പാവില്‍ ശേഖരിക്കുന്ന വെള്ളമുപയോഗിച്ച് രണ്ട് നേരം നനക്കും. ചെടി കരുത്തോടെ വളരാന്‍ അമിത വെയിലില്‍ നിന്നും സംരക്ഷണം കിട്ടണമെന്ന് ഈ കര്‍ഷകര്‍ പറയുന്നു.

ഓരോ കൃഷിയിനങ്ങളുടെയും തെരഞ്ഞെടുപ്പ്, ജലസേചനം, വളപ്രയോഗം തുടങ്ങിയവയെല്ലാം കുടുംബം ഒരുമിച്ചാണ് ചെയ്യുന്നത്. സെറാമിക് റൂഫിങ് ടൈല്‍ കഷ്ണങ്ങള്‍ ടെറസില്‍ നിരത്തി അതിനുമുകളില്‍ ചാക്ക് ബാഗുകള്‍ വെക്കുന്നതിനാല്‍ ടെറസിന് കേടുപാടുണ്ടാകാനിടയില്ല. ചേനക്കൃഷി ക്ലച്ച് പിടിച്ചതോടെ അടുത്ത കൃഷി ഏതിനമാകണമെന്ന ചിന്തയിലാണ് മൂവരും. പട്ടികയില്‍ കാച്ചില്‍, നിലക്കടല, എള്ള്, ചെറുപയര്‍ എല്ലാമുണ്ട്. ഓരോന്നിന്‍റെയും കൃഷി രീതികളെപ്പറ്റി മനസ്സിലാക്കിവരികയാണ് ഇവര്‍. ബത്തേരി മെക്ലോഡ്സ് ഇംഗ്ലീഷ് സ്‌കൂള്‍ ഗണിത ശാസ്ത്ര അധ്യാപകനാണ് ധനേഷ് കുമാര്‍. ചെണ്ടവാദ്യ കലാകാരന്‍ കൂടിയായ ഇദ്ദേഹത്തിന് ഓയിസ്‌ക ഇന്‍റര്‍നാഷണല്‍ ബത്തേരി ചാപ്റ്ററിന്‍റെ കഴിഞ്ഞവര്‍ഷത്തെ ഗുരുശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ