
26 കാരനായ ഒരു കണ്ണൂർ സ്വദേശിയുടെ സമൂഹ മാധ്യമ കുറിപ്പ് വൈറല്‍. സ്വന്തം നാടിനെയും നാല് വര്‍ഷത്തോളം ജീവിച്ച നഗരത്തെയും താരതമ്യപ്പെടുത്തി യുവാവ് എഴുതിയ കുറിപ്പാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടിയത്. ഇരു ദേശങ്ങളിലെയും പ്രണയ, വിദ്വേഷ സങ്കല്പങ്ങളെ കുറിച്ച് യുവാവ് തന്‍റെ കുറിപ്പിലെഴുതി. ജോലിയുമായി ബന്ധപ്പെട്ട് നാല് വര്‍ഷത്തിലേറെയായി ബെംഗളൂരുവില്‍ താമസിക്കുന്ന കണ്ണൂർ സ്വദേശിയാണ് റെഡ്ഡിറ്റില്‍ കുറിപ്പെഴുതിയത്.
കാലാവസ്ഥയെ കുറിച്ച് പറഞ്ഞ് കൊണ്ടാണ് അദ്ദേഹം തന്‍റെ കുറിപ്പ് ആരംഭിക്കുന്നത്. രാവിലെ വളരെ വെയിലായിരിക്കും... പിന്നെ ഒരു കൂറ്റൻ മഴ, ഭ്രാന്തമായ മഴ. നിങ്ങൾ ഒരു മണ്ടനെപ്പോലെ ഗതാഗതക്കുരുക്കിൽ നിൽക്കും. പൂർണ്ണമായും നനഞ്ഞിരിക്കും. തൊട്ടടുത്ത നിമിഷമാകും നിങ്ങൾക്ക് നഗരത്തിലെ ഊഷ്മളമായ രാവിലത്തെ തണുത്ത കാറ്റ് നഷ്ടമായെന്ന് നിങ്ങൾ തിരിച്ചറിയുകയെന്ന് യുവാവ് എഴുതി. രാവിലത്തെ കാലാവസ്ഥയില്‍ തന്നെ ബെംഗളൂരുവിലെ കാറ്റും കുളിരും നഷ്ടമായത് തിരിച്ചറിയുമെന്നും യുവാവ് എഴുതി.
പിന്നാലെ ബെംഗളൂരുവിനും കേരളത്തിനും ഇടയിലുള്ള സാംസ്കാരിക വ്യത്യാസങ്ങളെ താരതമ്യം ചെയ്ത് കൊണ്ട് യുവാവ് എഴുതി. ജിമ്മിൽ 16 നും 18 നും ഇടയിൽ പ്രായമുള്ള കൗമാരക്കാരായ ചില സഹയാത്രികർ തനിക്കുണ്ടെന്നും വീട്ടിലെ യാഥാസ്ഥിതിക അന്തരീക്ഷവുമായി താരതമ്യപ്പെടുത്തുമ്പോൾ അവരുടെ ജീവിതം എത്ര ധീരവും തുറന്നതുമാണെന്നും യുവാവ് എഴുതുന്നു. അവര്‍ പറയുന്നത് കേട്ട് താന്‍ അത്ഭുതപ്പെട്ടെന്നും എന്തൊക്കെയോ തനിക്ക് നഷ്ടമായെന്നും യുവാവ് പരിതപിച്ചു. കേരളത്തിലെ ഓരോ കണ്ണുകളും നിങ്ങളെ അളന്ന് മുറിച്ചാകും കടന്ന് പോകുക. അയല്‍ക്കാരുടെയും ബന്ധുക്കളുടെയും വിമർശനവും ശകാരവും എപ്പോഴും നിങ്ങളെ പിന്തുടർന്ന് കൊണ്ടിരിക്കും. പക്ഷേ. ബെംഗളൂരുവില്‍ നിങ്ങൾക്ക് അത്തരമൊരു ചോദ്യം ചെയ്യല്‍ അനുഭവപ്പെടില്ലെന്നും ബെംഗളൂരുവിലെ സ്വാതന്ത്ര്യം തനിക്ക് നഷ്ടമായെന്നും യുവാവ് എഴുതുന്നു.
ബെംഗൂരുവില്‍ നില്‍ക്കുമ്പോൾ നിങ്ങൾക്ക് വീട്ടിലേക്ക് പോകാന്‍ തോന്നും. എന്നാല്‍ കേരളത്തില്‍ തൊടുന്ന നിമിഷം മുതല്‍ നിങ്ങൾ ബെംഗളൂരുവിനെ മിസ് ചെയ്യും. താന്‍ കേരളത്തിലെയും ഇന്ത്യയിലെയും ചില നഗരങ്ങളില്‍ താമസിച്ചിട്ടുണ്ടെന്നും ചില ദേശങ്ങളെ ഇഷ്ടപ്പെടുമ്പോൾ മറ്റുള്ളവരെ വെറുക്കുന്നുവെന്നും യുവാവ് എഴുതി. പക്ഷേ, സ്നേഹത്തിന്‍റെയും വെറുപ്പിന്‍റെയും അവസാനിക്കാത്ത ലൂപ്പ് തനിക്ക് അനുഭവപ്പെട്ടത് ബെംഗളൂരു നഗത്തില്‍ നിന്നാണെന്നും അതൊരു പക്ഷേ നിരവധി മലയാളികളും മലയാളി റെസ്റ്റോറന്‍റുകളും ഉള്ളതിനാലാകാമെങ്കിലും തനിക്ക് മറ്റൊരു നഗരത്തിലേക്ക് ജോലി തേടി മാറാന്‍ കഴിയില്ലെന്നും യുവാവ് കുറിച്ചു. ബെംഗളൂരു നഗരത്തിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്ത് എന്ന ചോദ്യത്തോടെയാണ് യുവാവ് തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. നിരവധി പേര്‍ യുവാവിന്‍റെ കുറിപ്പിനോട് പ്രതികരിച്ച് രംഗത്തെത്തി.