കേടായ ഓക്സിമീറ്റർ കാരണം, മരിച്ച യുവാവ് ജീവിച്ചിരിപ്പുണ്ട് എന്ന് തെറ്റിദ്ധരിച്ചത് 18 മാസം

By Web TeamFirst Published Oct 2, 2022, 2:42 PM IST
Highlights

എന്നാൽ, വിവരമറിഞ്ഞെത്തിയ പൊലീസ് വിംലേഷിന്റെ വീട്ടിൽ പരിശോധന നടത്തി. പ്രത്യേകിച്ച് വിംലേഷിനെ കിടത്തിയിരുന്ന മുറി വിശദമായി പരിശോധിച്ചു. കൂടാതെ വീട്ടിലെ ഓരോരുത്തരെയും വെവ്വേറെ ചോദ്യം ചെയ്യുകയും ചെയ്തു.

തകരാറായ ഒരു ഓക്സിമീറ്റർ കാരണം ഒരു യുവാവിന്റെ മൃതദേഹം അടക്കം ചെയ്യാതെ വീട്ടിൽ സൂക്ഷിച്ചത് 18 മാസം. ഒരു ഇൻകംടാക്സ് ജീവനക്കാരന്റെ മൃതദേഹമാണ് 18 മാസം അടക്കം ചെയ്യാതെ വച്ചത്. 

ആ വീട്ടിലുണ്ടായിരുന്നത് തകരാറിലായ ഒരു ഓക്സിമീറ്ററാണ്. അതുവച്ചാണ് രാം ദുലാരി എന്ന സ്ത്രീ തന്റെ മകൻ വിംലേഷ് ജീവിച്ചിരിപ്പുണ്ട് എന്ന് തെറ്റിദ്ധരിച്ചത്. ആ ഓക്സിമീറ്റർ എപ്പോഴും വിംലേഷിന്റെ ആദ്യത്തെ വിരലിൽ വച്ചിരുന്നു. അതിൽ റീഡിം​ഗും കാണിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് ദുലാരി മകന് കുഴപ്പമൊന്നുമില്ല ജീവിച്ചിരിപ്പുണ്ട് എന്ന് വിശ്വസിച്ചത്. അവർ മാത്രമല്ല കുടുംബവും അങ്ങനെ വിശ്വസിച്ചു. അസുഖമായി കിടക്കുന്ന കാലത്ത് പരിചരിച്ചിരുന്ന പോലെ മൃതദേഹം പരിചരിച്ചു എന്നും പൊലീസിന്റെ റിപ്പോർട്ട് പറയുന്നു. ഒപ്പം വിംലേഷിന്റെ അമ്മയടക്കം വലിയ അന്ധവിശ്വാസി ആണ് എന്നും പറയപ്പെടുന്നു. 

എന്നാൽ, വിവരമറിഞ്ഞെത്തിയ പൊലീസ് വിംലേഷിന്റെ വീട്ടിൽ പരിശോധന നടത്തി. പ്രത്യേകിച്ച് വിംലേഷിനെ കിടത്തിയിരുന്ന മുറി വിശദമായി പരിശോധിച്ചു. കൂടാതെ വീട്ടിലെ ഓരോരുത്തരെയും വെവ്വേറെ ചോദ്യം ചെയ്യുകയും ചെയ്തു. വിംലേഷിന്റെ ഭാര്യ മിതാലി ദിക്ഷിത് പറഞ്ഞത്, അദ്ദേഹം മരിച്ചു എന്ന് തനിക്ക് അറിയാമായിരുന്നു. എന്നാൽ, അത് വീട്ടിലെ മറ്റുള്ളവരോട് പറഞ്ഞപ്പോൾ അവരത് വിശ്വസിക്കാൻ തയ്യാറായില്ല. മാത്രമല്ല, വിംലേഷ് മരിച്ചു എന്ന് പറഞ്ഞതിന് തന്നെ അവർ കുറ്റപ്പെടുത്തുകയും ചെയ്തു എന്നാണ്. 

അവൾ വിംലേഷ് മരിച്ചു എന്ന് കാണിച്ച് അദ്ദേഹത്തിന്റെ ഓഫീസിൽ ഒരു കത്ത് നൽകി. എന്നാൽ, പിന്നീട് വീട്ടുകാർ ചെന്ന് വിംലേഷ് ജീവിച്ചിരിപ്പുണ്ട് എന്ന് ഓഫീസിൽ അറിയിക്കുകയായിരുന്നു. ഏതായാലും ആ മാസങ്ങളിൽ വിംലേഷിനെ പരിശോധിച്ച ഡോക്ടർമാരെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറയുന്നു. ഏതായാലും പിന്നീട് പൊലീസിന്റെയും മറ്റും ഇടപെടലോടെ മൃതദേഹം ദഹിപ്പിച്ചു. ഇന്ത്യാടൈംസ് ആണ് വാര്‍ത്ത റിപ്പോര്ർട്ട് ചെയ്തിരിക്കുന്നത്. കാണ്‍പൂരിലാണ് സംഭവം. 

എന്നാൽ, വിംലേഷിന്റെ സഹോദരൻ ദിനേഷ് പറയുന്നത്, തന്റെ സഹോദരന്റെ മൃതദേഹം നിർബന്ധിതമായി ദഹിപ്പിക്കുകയായിരുന്നു എന്ന് കാണിച്ച് താൻ പൊലീസിനും ഡോക്ടർക്കും എതിരെ മന്ത്രിക്ക് ഒരു പരാതി കൊടുക്കും എന്നാണ്.  

click me!