കർഷകന് പാട്ടത്തിനെടുത്ത ഭൂമിയിൽ നിന്നും കിട്ടിയത് 30 ലക്ഷം രൂപ വിലയുള്ള വജ്രം!

By Web TeamFirst Published Aug 30, 2021, 9:28 AM IST
Highlights

വജ്രം ലേലം ചെയ്യുമെന്നും അതിൽ നിന്ന് ലഭിക്കുന്ന തുകയിൽ നിന്ന് 11 ശതമാനം നികുതിയും സർക്കാർ റോയൽറ്റിയും കുറച്ചശേഷം ബാക്കിയുള്ളത് കർഷകന് നൽകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 

മധ്യപ്രദേശിലെ പന്ന ജില്ലയിലെ ഒരു കർഷകന് മണ്ണിൽ നിന്ന് കിട്ടിയത് ഉയർന്ന നിലവാരമുള്ള വജ്രം. സർക്കാരിൽ നിന്ന് പാട്ടത്തിനെടുത്ത ഭൂമിയിൽ നിന്നാണ് മുപ്പത് ലക്ഷം രൂപ വിലമതിക്കുന്ന വജ്രം ലഭിച്ചത്. ഇതിലെ രസകരമായ കാര്യമെന്തെന്നാൽ, ഇത് ആദ്യമായല്ല അദ്ദേഹത്തിനെ ഭാഗ്യം തുണക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആറ് തവണയാണ് അദ്ദേഹത്തിന് ആ ഭൂമിയിൽ നിന്ന് വജ്രം ലഭിച്ചത്. ഇപ്രാവശ്യം 6.47 കാരറ്റ് വജ്രമാണ് അദ്ദേഹം കുഴിച്ചെടുത്തത്.

ജില്ലയിലെ ജരുവാപൂർ ഗ്രാമത്തിലാണ് സംഭവം. കർഷകന്റെ പേര് പ്രകാശ് മജുംദാർ. ഈ വജ്രം ലേലത്തിൽ വയ്ക്കുമെന്നും സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വില നിശ്ചയിക്കുമെന്നും വജ്ര ശേഖരത്തിന്റെ ചുമതലയുള്ള ഓഫീസർ നൂതൻ ജെയിൻ പറഞ്ഞു. ഇത് കുഴിച്ചെടുക്കാൻ തന്നെ സഹായിച്ച തന്റെ നാല് പങ്കാളികളുമായി താൻ ലേലത്തിൽ ലഭിച്ച തുക പങ്കിടുമെന്ന് പ്രകാശ് പറഞ്ഞു. "ഞങ്ങൾ അഞ്ച് പേരാണ്. ഞങ്ങൾക്ക് ലഭിച്ച 6.47 കാരറ്റ് തൂക്കമുള്ള വജ്രം ഞങ്ങൾ സർക്കാരിന്റെ വജ്ര ഓഫീസിൽ ഏല്പിച്ചിട്ടുണ്ട്” അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ വർഷം അദ്ദേഹത്തിന് ലഭിച്ചത് 7.44 കാരറ്റ് വജ്രമായിരുന്നു. കൂടാതെ, കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ രണ്ട് മുതൽ 2.5 കാരറ്റ് വരെ ഭാരമുള്ള മറ്റ് നാല് വിലയേറിയ കല്ലുകളും അദ്ദേഹം കുഴിച്ചെടുത്തിരുന്നു.  

വജ്രം ലേലം ചെയ്യുമെന്നും അതിൽ നിന്ന് ലഭിക്കുന്ന തുകയിൽ നിന്ന് 11 ശതമാനം നികുതിയും സർക്കാർ റോയൽറ്റിയും കുറച്ചശേഷം ബാക്കിയുള്ളത് കർഷകന് നൽകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പന്ന ജില്ലയിൽ 12 ലക്ഷം കാരറ്റിന്റെ വജ്ര ശേഖരം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ജില്ലയിലെ വജ്രഖനികൾ കർഷകർക്കും തൊഴിലാളികൾക്കും വജ്രങ്ങൾ ഖനനം ചെയ്യാൻ സർക്കാർ പാട്ടത്തിന്  നല്കിയിരിക്കയാണ്. ഇങ്ങനെ ലഭിക്കുന്ന വജ്രശേഖരം ജില്ലാ ഖനന ഓഫീസർക്ക് കൈമാറുകയും അവർ അതിനെ ലേലത്തിൽ വിറ്റ്, നികുതിയും, റോയൽറ്റിയും കഴിച്ചുള്ള തുക കുഴിച്ചെടുത്തവർക്ക് നൽകുകയും ചെയ്യുന്നു. 

click me!