
ബാങ്കുകൾ സാധാരണക്കാരോട് കാണിക്കുന്ന വിവേചനത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി ഒരു കർഷകൻ. കർണാടകയിലെ ഹാസൻ ജില്ലയിലുള്ള സകലേശ്പുരിലെ കാനറ ബാങ്ക് ശാഖയിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ചൊക്കണ്ണ ഗൗഡ എന്ന കർഷകനാണ് തന്റെ അവകാശത്തിനായി ബാങ്ക് അധികൃതരോട് പോരാടിയത്. കഴിഞ്ഞ 15-20 വർഷമായി കാനറ ബാങ്കിലെ വിശ്വസ്തനായ ഇടപാടുകാരനാണ് ചൊക്കണ്ണ ഗൗഡ. നേരത്തെ എടുത്ത 50,000 രൂപയുടെ വായ്പ അദ്ദേഹം കൃത്യമായി അടച്ച് തീർത്തിരുന്നു. എന്നാൽ, അടുത്തിടെ പുതിയൊരു വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചപ്പോഴാണ് അധികൃതർ അപ്രതീക്ഷിതമായ ഒരു നിബന്ധന മുന്നോട്ടുവെച്ചത്. പഴയ വായ്പയിൽ 9.34 രൂപ കൂടി കുടിശ്ശികയുണ്ടെന്നും അത് അടച്ചുതീർക്കാതെ പുതിയ വായ്പ അനുവദിക്കില്ലെന്നുമായിരുന്നു ബാങ്കിന്റെ നിലപാട്.
ഈ ചെറിയ തുകയ്ക്കായി ബാങ്ക് നിരന്തരം സമ്മർദ്ദം ചെലുത്തിയതോടെയാണ് ചൊക്കണ്ണ ഗൗഡ പ്രതിഷേധിക്കാൻ തീരുമാനിച്ചത്. അദ്ദേഹം ബാങ്കിലെത്തി 10 രൂപ നൽകി. കുടിശ്ശിക തുകയായ 9.34 രൂപ കഴിച്ച് ബാക്കി വരേണ്ട 66 പൈസ തിരികെ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ബാങ്ക് അധികൃതർ ചില്ലറയില്ലെന്ന കാരണത്താൽ പണം നൽകാൻ തയ്യാറായില്ല. ഇതോടെ, തന്റെ ബാക്കി പണം ലഭിക്കാതെ ബാങ്കിൽ നിന്ന് മാറില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
"ഇത് വെറും 66 പൈസയുടെ പ്രശ്നമല്ല, മറിച്ച് നീതിയുടേതാണ്. കോടിക്കണക്കിന് രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത സമ്പന്നർക്കെതിരെ നടപടിയെടുക്കാൻ മടിക്കുന്ന ബാങ്കുകൾ, കൃത്യമായി പണമടയ്ക്കുന്ന പാവപ്പെട്ട കർഷകരെ വെറും 9 രൂപയ്ക്ക് വേണ്ടി ശല്യം ചെയ്യുന്നു. ഓരോ പൈസയും ബാങ്കിന് പ്രധാനമാണെങ്കിൽ, ഇടപാടുകാരനും തന്റെ ബാക്കി പണം പ്രധാനമാണ്" എന്നാണ് വിഷയത്തോട് പ്രതികരിച്ച ചൊക്കണ്ണ ഗൗഡ വ്യക്തമാക്കിയത്.
ബാങ്കുകൾ സാധാരണക്കാരോട് കാണിക്കുന്ന ഇരട്ടത്താപ്പിനെതിരെയുള്ള ഈ പ്രതിഷേധം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. പാവപ്പെട്ടവരോടുള്ള ബാങ്കിന്റെ സമീപനത്തെ ചോദ്യം ചെയ്ത ചൊക്കണ്ണ ഗൗഡയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.