
ചികിത്സയിൽ ഡോക്ടർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളായ ChatGPT ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് ഒരു എൻആർഐ പ്രൊഫസർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ വലിയ തർക്കങ്ങൾക്ക് വഴിതെളിച്ചു. വീഡിയോ വലിയ തോതിലുള്ള തെറ്റിദ്ധാരണകൾക്ക് കാരണമായി എന്ന് വാദിച്ച് ഹൈദരാബാദിലെ ഒരു കാർഡിയോളജിസ്റ്റ് രംഗത്തെത്തി. ഒരു ഡോക്ടർ രോഗിയുടെ പരിശോധനാ റിപ്പോർട്ടിന്റെ ഫോട്ടോ എടുക്കുന്ന വീഡിയോ ആണ് എൻആർഐ പ്രൊഫസർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. റിപ്പോർട്ട് വിശകലനം ചെയ്യാൻ ഡോക്ടർ ചാറ്റ് ജിപിടി ഉപയോഗിക്കുകയാണെന്ന് ആരോപിച്ച പ്രൊഫസർ, 'ChatGPT ഡോക്ടർമാരെക്കുറിച്ച് ബോധവാന്മാരായിരിക്കുക' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.
എന്നാൽ, ഈ പോസ്റ്റിനെതിരെ രൂക്ഷമായ വിമർശനവുമായി ഹൈദരാബാദിലെ ഒരു കാർഡിയോളജിസ്റ്റ് രംഗത്തെത്തി. പ്രൊഫസറുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഡോക്ടർമാർ പല കാരണങ്ങളാൽ റിപ്പോർട്ടുകളുടെ ഫോട്ടോ എടുക്കാറുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. മറ്റ് ഡോക്ടർമാരുമായി കൂടിയാലോചിക്കുന്നതിനും ഡിജിറ്റൽ റെക്കോർഡുകൾ നിർമ്മിക്കുന്നതിനും ടെലികൺസൾട്ടേഷനുമൊക്കെ ഇത് ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എഐ ശരിയായ രോഗനിർണ്ണയം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ താൻ പലപ്പോഴും ഇത് ചെയ്യാറുണ്ടെന്നും അതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
ഒരു ഡോക്ടറുടെ അനുവാദമില്ലാതെ വീഡിയോ എടുക്കുന്നത് തീർത്തും തെറ്റാണന്നും ഡോക്ടർ എക്സ് പോസ്റ്റിൽ വ്യക്തമാക്കി. എഐ ഒരു സഹായി മാത്രമാണെന്നും, ചികിത്സയിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഡോക്ടർ തന്നെയാണെന്നും കാർഡിയോളജിസ്റ്റ് ഊന്നിപ്പറഞ്ഞു. വീഡിയോ എടുത്തവർ സാഹചര്യങ്ങൾ മനസ്സിലാക്കാതെയാണ് പ്രതികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സംഭവം സാമൂഹിക മാധ്യമങ്ങളിൽ അനുകൂലവും പ്രതികൂലവുമായ നിരവധി പ്രതികരണങ്ങൾക്ക് കാരണമായി. എഐ ആരോഗ്യരംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്നും, എഐ ഉപയോഗിക്കുന്നത് ചികിത്സയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്നും പലരും അഭിപ്രായപ്പെട്ടു. രോഗികൾ സ്വന്തമായി എഐ ഉപയോഗിക്കുന്നതിനേക്കാൾ സുരക്ഷിതമാണ് ഡോക്ടർമാർ എഐ-യുടെ സഹായം തേടുന്നത് എന്നും ഇവർ വാദിക്കുന്നു. എന്നാൽ രോഗികളുടെ സമ്മതമില്ലാതെ അവരുടെ ഡാറ്റ അപ്‌ലോഡ് ചെയ്യുന്നത് തെറ്റാണെന്നും, ഇത് ഡാറ്റാ സുരക്ഷയെ ബാധിക്കുമെന്നും ചിലർ ആശങ്ക പ്രകടിപ്പിച്ചു.