
ഒഡിഷയിലെ ഫാമിൽ നിന്ന് കിലോയ്ക്ക് രണ്ടരലക്ഷം രൂപ വിലവരുന്ന ഒരു കിലോ മാമ്പഴം മോഷണം പോയി. ഒഡീഷയിലെ നുവാപാഡ ജില്ലയിലെ ലക്ഷ്മി നാരായണൻ എന്നയാളുടെ ഫാമിലാണ് മോഷണം നടന്നത്. 38 -ലധികം മാമ്പഴങ്ങളുടെ ശ്രദ്ധേയമായ ശേഖരമാണ് ഇദ്ദേഹത്തിന്റെ ഫാമിൽ ഉള്ളത്. കഴിഞ്ഞ ദിവസം ലക്ഷ്മി നാരായണൻ തന്റെ ഫാമിൽ ഉണ്ടായ ലക്ഷങ്ങൾ വിലമതിക്കുന്ന മാമ്പഴങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് ഫാമിൽ മോഷണം നടന്നത് എന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.
ഏറെ അഭിമാനത്തോടെ താൻ ചെയ്ത ഒരു കാര്യം ഇപ്പോൾ തനിക്ക് തന്നെ വിനയായതിന്റെ ഞെട്ടലിലാണ് ലക്ഷ്മി നാരായണൻ. മാമ്പഴത്തോടൊപ്പം മാവിന്റെ ചിത്രവും ഇദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റിന് വലിയ സ്വീകാര്യതയും സോഷ്യൽ മീഡിയയിൽ ലഭിച്ചു. പോസ്റ്റ് ഇട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് ഫാമിൽ മോഷണം നടക്കുകയും കിലോയ്ക്ക് 2.5 ലക്ഷം രൂപ വിലമതിക്കുന്ന മാമ്പഴങ്ങൾ മോഷണം പോവുകയും ചെയ്തത്. ഒരു കിലോയോളം മാമ്പഴം മോഷണം പോയതായാണ് ലക്ഷ്മി നാരായണൻ പറയുന്നത്.
അടുത്തിടെ വിലയേറിയ മാമ്പഴങ്ങളെ കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച തന്നെ നടന്നിരുന്നു. പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ നടന്ന മാംഗോ ഫെസ്റ്റിവലിന്റെ ഏഴാമത് സീസണിൽ ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴമായ മിയാസാക്കി ഇടംപിടിച്ചെന്ന വാർത്തയാണ് രസകരമായ ചർച്ചകൾക്ക് ഇടയാക്കിയത്. അൽഫോൻസോ, ലാൻഗ്ര, അമ്രപാലി തുടങ്ങിയ പേരുകേട്ട മാമ്പഴങ്ങൾ ഉൾപ്പെടെ 262 -ലധികം ഇനം മാമ്പഴങ്ങൾ പ്രദർശിപ്പിച്ച മാമ്പഴ ഫെസ്റ്റിവലിൽ ആണ് മിയാസാക്കി താരമായത്. മാമ്പഴ ഫെസ്റ്റിവൽ കാണാനും ഇഷ്ടപ്പെട്ട മാമ്പഴങ്ങൾ സ്വന്തമാക്കാനും ആയി വിദൂര ദേശങ്ങളിൽ നിന്നു പോലും നിരവധി ആളുകൾ ആണ് ഇവിടേക്ക് എത്തിയിരുന്നത്.