ദില്ലിയിൽ ആദ്യം രേഖപ്പെടുത്തിയ എഫ്ഐ‍ആർ, മോഷ്ടിച്ചത് പാത്രങ്ങൾ, ഹുക്ക, സ്ത്രീകളുടെ വസ്ത്രങ്ങൾ, കുൽഫി

By Web TeamFirst Published Oct 22, 2021, 2:30 PM IST
Highlights

ആ കാലത്ത് രജിസ്റ്റർ ചെയ്ത നിരവധി കേസുകളുടെ രേഖകളും ഇപ്പോഴും സബ്സി മണ്ടി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച് വച്ചിട്ടുണ്ട്.

രാജ്യതലസ്ഥാനമായ ഡൽഹിയിൽ ആദ്യമായി രേഖപ്പെടുത്തിയ കുറ്റകൃത്യം ഏതാണ് എന്ന് നിങ്ങൾക്കറിയാമോ? 160 വർഷങ്ങൾക്ക് മുമ്പായിരുന്നു അത്. കൃത്യമായി പറഞ്ഞാൽ, 1861 ഒക്ടോബർ 18 -ന് ഡൽഹി പൊലീസ്(Delhi Police) ആദ്യമായി പൊലീസ് ആക്ട് പ്രകാരം എഫ്ഐആർ(FIR) രജിസ്റ്റർ ചെയ്തു. മൊയ്ദീൻ എന്നൊരാളാണ് പരാതി നൽകിയിരുന്നത്. 19 -ാം നൂറ്റാണ്ടിൽ ഈ പ്രദേശത്തെ ഔദ്യോഗിക ഭാഷയായ ഉറുദുവിലായിരുന്നു പരാതി. വീട്ടിൽ നിന്ന് പാചക പാത്രങ്ങൾ, ഒരു ഹുക്ക (സ്മോക്കിംഗ് പൈപ്പ്), സ്ത്രീകളുടെ വസ്ത്രങ്ങൾ, ഒരു കുൽഫി (ഐസ്ക്രീം) എന്നിവ മോഷണം പോയി എന്നായിരുന്നു എഫ്ഐആറിൽ എഴുതിയിരിക്കുന്നത്.  

ആകെ മൊത്തം 45 അണ (ഏകദേശം 2.81 രൂപ) വിലയുള്ള വസ്തുക്കളാണ് മോഷണം പോയതെന്നും പരാതിയിൽ പറയുന്നു. വടക്കൻ ഡൽഹിയിലെ സബ്സി മണ്ടി പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ ഫയൽ ചെയ്തത്. ഇന്റലിജൻസ് ബ്യൂറോയുടെ മുൻ സ്പെഷ്യൽ ഡയറക്ടർ യശോവർധൻ ആസാദ് ട്വീറ്റ് ചെയ്ത 160 വർഷം പഴക്കമുള്ള എഫ്ഐആറിന്റെ ചിത്രം ഇപ്പോൾ വൈറലാണ്. ‘ചരിത്രം സവിശേഷമാണ്’ എന്നർത്ഥമുള്ള #KhaasHaiItihaas എന്ന ഹാഷ്‌ടാഗിലാണ് ഫോട്ടോ പ്രത്യക്ഷപ്പെട്ടത്. ഡൽഹി പൊലീസ് മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നതിന് നോർത്ത് ഡൽഹി പൊലീസാണ് എഫ്ഐആറിന്റെ ഫോട്ടോ ഫ്രെയിം ചെയ്തത്. ഔദ്യോഗിക രേഖകൾ അനുസരിച്ച്, ഡൽഹിയിൽ അഞ്ച് പൊലീസ് സ്റ്റേഷനുകൾ മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ, അതിലൊന്നാണ് സബ്സി മണ്ടി. മുണ്ട്ക, മെഹ്റൗലി, കോട്വാലി, സദർ ബസാർ എന്നിവയായിരുന്നു മറ്റ് സ്റ്റേഷനുകൾ.

ആ കാലത്ത് രജിസ്റ്റർ ചെയ്ത നിരവധി കേസുകളുടെ രേഖകളും ഇപ്പോഴും സബ്സി മണ്ടി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച് വച്ചിട്ടുണ്ട്. അന്നത്തെ ചില രസകരമായ പരാതികളിൽ 1895 ഏപ്രിൽ 30 -ന് ഒരു കഴുത മോഷണം പോയതും, രണ്ട് അണ വിലയുള്ള 11 ഓറഞ്ച് മോഷ്ടിക്കപ്പെട്ടതും, 1897 മാർച്ച് 15 -ന് അഞ്ച് അണ വിലയുള്ള പൈജാമ മോഷണം പോയതും ഉൾപ്പെടുന്നു. 

1861 record of first FIR filed by Delhi police. A priceless piece and a treasured information ⁦⁩ pic.twitter.com/m0MRp6Lcpu

— Yashovardhan Azad (@yashoazad)


 

click me!