ജെഎന്‍യു -വില്‍ 18 വിദ്യാര്‍ത്ഥിനികളുമായി ആദ്യ എന്‍സിസി ബാച്ച്; രാജ്യസ്നേഹം വര്‍ധിപ്പിക്കുമെന്ന് വൈസ് ചാന്‍സലര്‍

By Web TeamFirst Published Oct 8, 2019, 1:55 PM IST
Highlights

'എൻ‌സി‌സി പരിശീലനം വിദ്യാർത്ഥികളെ അവരുടെ വ്യക്തിപരമായ ജീവിതത്തിൽ അച്ചടക്കമുള്ളവരാക്കുക മാത്രമല്ല, അവരെ രാജ്യത്തെ ഉത്തരവാദിത്തമുള്ള പൗരന്മാരാക്കുകയും ചെയ്യും...'

ദില്ലി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‍സിറ്റി (ജെഎന്‍യു) -യിലെ ആദ്യത്തെ എന്‍സിസി യൂണിറ്റ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യപ്പെട്ടു. 18 വിദ്യാര്‍ത്ഥിനികള്‍ മാത്രമടങ്ങുന്ന യൂണിറ്റാണിത്. എന്‍സിസി ഡെല്‍ഹി ബറ്റാലിയനിലെ മൂന്ന് വനിതകളാണ് ഈ വിദ്യാര്‍ത്ഥിനികള്‍ക്ക് പരിശീലനം നല്‍കിയത്. എന്‍സിസി യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിയമം കാക്കാനും രാജ്യത്തോടുള്ള സ്നേഹം വര്‍ധിപ്പിക്കാനുമുള്ള കാരണമാകുമെന്ന് ജെഎന്‍യു വൈസ് ചാന്‍സലര്‍ ജഗദേഷ് കുമാര്‍ പറഞ്ഞു.

ഈ എന്‍സിസി കാഡറ്റുകള്‍ക്ക് സ്കൂള്‍, കോളേജ്, സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്ന് പ്രാഥമിക പരിശീലനം ലഭിച്ചിട്ടുണ്ട്. എന്നിരുന്നാലും, പരിശീലനം പൂർത്തിയാക്കിക്കഴിഞ്ഞാൽ സജീവമായ സൈനിക സേവനത്തിന് ചേരണമെന്ന് നിർബന്ധമില്ല. വിദ്യാർത്ഥികളിൽ 'ദേശസ്നേഹപരമായ പ്രതിബദ്ധത' വളർത്തുകയെന്ന ലക്ഷ്യത്തോടെ എൻ‌എൻ‌സി യൂണിറ്റ് കാമ്പസിൽ ആരംഭിക്കുമെന്ന് 2017 ജൂലൈയിൽ തന്നെ പ്രഖ്യാപിച്ചിരുന്നുവെന്ന് ജെഎൻയു- എൻസിസി യൂണിറ്റ് ചെയർപേഴ്‌സൺ ബുദ്ധ സിംഗ് പറഞ്ഞു. 'എൻ‌സി‌സി പരിശീലനം വിദ്യാർത്ഥികളെ അവരുടെ വ്യക്തിപരമായ ജീവിതത്തിൽ അച്ചടക്കമുള്ളവരാക്കുക മാത്രമല്ല, അവരെ രാജ്യത്തെ ഉത്തരവാദിത്തമുള്ള പൗരന്മാരാക്കുകയും ചെയ്യും...' -അദ്ദേഹം പറഞ്ഞു.

70 വിദ്യാര്‍ത്ഥികള്‍ എന്‍സിസി -യില്‍ ചേരുന്നതിനായി അപേക്ഷിച്ചിരുന്നു. അതില്‍ വയസ്സിന്‍റേയും ഫിസിക്കല്‍ ഫിറ്റ്‍നെസ്സിന്‍റെയും അടിസ്ഥാനത്തില്‍ ഈ 18 പെണ്‍കുട്ടികളെ തെരഞ്ഞെടുക്കുകയായിരുന്നു. ഈ 18 പേരില്‍ 16 പേര്‍ സ്‍കൂള്‍ ഓഫ് ലാംഗ്വേജില്‍ നിന്നാണ് ബാക്കി രണ്ടുപേരില്‍ ഒരാള്‍ സോഷ്യല്‍ സയന്‍സില്‍ നിന്നും മറ്റൊരാള്‍ കംപ്യൂട്ടര്‍ സയന്‍സില്‍ നിന്നുമാണ്. 'എന്നെങ്കിലും സൈന്യത്തില്‍ ചേരാനാകുമെന്നും ഈ രാജ്യത്തെ സേവിക്കാനുള്ള അവസരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിന്നാണ് എന്‍സിസി -യില്‍ ചേര്‍ന്നത്' എന്ന് ബി എ ഫ്രഞ്ച് വിദ്യാര്‍ത്ഥിനിയായ ശൗര്യ ആത്രി എന്ന പത്തൊമ്പതുകാരി പറയുന്നു. 

മറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്കെല്ലാം മാതൃകയാകണമെന്ന് എന്‍സിസി -യില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥിനികളോട് ജഗദേഷ് കുമാര്‍ ആവശ്യപ്പെട്ടു. 'എന്‍സിസി ട്രെയിനിങ് നിങ്ങളെ നല്ലൊരു വ്യക്തിയാക്കും. മറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നിങ്ങള്‍ മാതൃകയാവണം. ജെഎൻ‌യു വിദ്യാർത്ഥികൾക്ക് ജീവിത നൈപുണ്യവും ധാർമ്മികതയും മൂല്യങ്ങളും പഠിക്കാൻ എൻ‌സി‌സി മികച്ച അവസരം നൽകും.' അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം ആണ്‍കുട്ടികള്‍ക്കും പരിശീലനം നല്‍കും. 

ജെഎന്‍യു മുന്‍ യൂണിയന്‍ നേതാവ് ഐജാസ് റാത്തർ ഇതിനെ വിശേഷിപ്പിച്ചത് 'ടോക്കണ്‍ നാഷണലിസം' എന്നാണ്. 'ജെഎന്‍യു -വിലെ വിദ്യാര്‍ത്ഥികള്‍ നേരത്തെ തന്നെ നിയമം അനുസരിക്കുന്നവരും രാജ്യസ്നേഹികളുമാണ്. എന്‍സിസി -യില്‍ ചേരുന്നതുമായി രാജ്യസ്നേഹത്തിന് എന്ത് ബന്ധമാണ്...' എന്നും അദ്ദേഹം പറഞ്ഞു. 

tags
click me!