അതിക്രമം, വെടിവെപ്പ്, സുരക്ഷയില്ലായ്മ; ലോകത്തിലെ ഏറ്റവും അപകടം പിടിച്ച അഞ്ച് ന​ഗരങ്ങൾ

By Web TeamFirst Published Sep 30, 2022, 3:43 PM IST
Highlights

2017 -ൽ ലോകത്തിലെ ഏറ്റവും അപകടകരമായ തലസ്ഥാനമായി കാരക്കാസിനെ ഇതിനകം തിരഞ്ഞെടുത്തിട്ടുണ്ട്. 5 വർഷത്തിന് ശേഷവും, ലോകത്തിലെ ഏറ്റവും അപകടകരമായ മൂന്ന് സ്ഥലങ്ങളുടെ പട്ടികയിൽ ഇത് ഇപ്പോഴും ഉൾപ്പെടുത്തിയിട്ടുണ്ട്.  

കഴിഞ്ഞ വർഷം, താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കുകയും മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിക്കുകയും ചെയ്തപ്പോൾ, കാബൂൾ ലോകത്തിലെ ഏറ്റവും മാരകമായ സ്ഥലങ്ങളിൽ ഒന്നായി മാറിയതെങ്ങനെയെന്ന് ലോകം മുഴുവൻ കണ്ടതാണ്.  എന്നാൽ, രാഷ്ട്രീയ അശാന്തിയുടെയും ആഭ്യന്തരയുദ്ധങ്ങളുടെയും രൂപത്തിൽ മാത്രമല്ല അപകടം പതിയിരിക്കുന്നതെന്ന് ഓർമ്മിക്കേണ്ടതാണ്. ലോകത്തിലെ ചില സ്ഥലങ്ങൾ അവയില്ലാതെ പോലും അത്യന്തം അപകടമെന്ന് അറിയപ്പെടാറുണ്ട്.

ലോകത്ത് ജീവിക്കാൻ ഏറ്റവും അപകടകരമായ 5 നഗരങ്ങൾ ഏതാണെന്ന് അറിയണോ? സിറ്റിസൺ കൗൺസിൽ ഫോർ പബ്ലിക് സെക്യൂരിറ്റി ആൻഡ് ക്രിമിനൽ ജസ്റ്റിസ് തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം ലാറ്റിനമേരിക്കൻ നഗരങ്ങളാണ് ലോകത്തിലെ ഏറ്റവും അപകടകാരികൾ. ഇതാണ് ആ അഞ്ച് നഗരങ്ങൾ:

ടിജുവാന - മെക്സിക്കോ

ജനസംഖ്യ: 20,49,413
കൊലപാതക നിരക്ക്: 100,000 നിവാസികൾക്ക് 138

ലോകത്തിലെ ഏറ്റവും അപകടകരമായ നഗരമാണ് ടിജുവാന.  ഇവിടെ ഒരു ലക്ഷം ആളുകൾക്ക് 138 കൊലപാതകങ്ങൾ നടക്കുന്നു. ദാരിദ്ര്യത്തിനും ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ അക്രമ കുറ്റകൃത്യങ്ങൾക്കും നഗരം കുപ്രസിദ്ധമാണ്.  മനുഷ്യക്കടത്തും മയക്കുമരുന്ന് കച്ചവടവും അതിന്റെ ഉച്ചസ്ഥായിയിലാണ്.

അകാപുൽകോ - മെക്സിക്കോ

ജനസംഖ്യ: 7,79,566
കൊലപാതക നിരക്ക്: 100,000 നിവാസികൾക്ക് 111.  

നഗരം മുമ്പ് ഹോളിവുഡ് സെറ്റുകളുടെ പശ്ചാത്തലമായിരുന്നു, എന്നാൽ ഇപ്പോൾ തെരുവുകൾ ആൾക്കൂട്ട ആക്രമണങ്ങളിൽ കുടുങ്ങിയിരിക്കുകയാണ്.  200 -ലധികം ഗുണ്ടാ സംഘങ്ങളുടെ ശക്തികേന്ദ്രമാണ് ഇതിന്റെ മലയോര പ്രദേശങ്ങൾ.

കാരക്കാസ് - വെനിസ്വേല

ജനസംഖ്യ: 26,82801
കൊലപാതക നിരക്ക്: 100,000 നിവാസികൾക്ക് 100

2017 -ൽ ലോകത്തിലെ ഏറ്റവും അപകടകരമായ തലസ്ഥാനമായി കാരക്കാസിനെ ഇതിനകം തിരഞ്ഞെടുത്തിട്ടുണ്ട്. 5 വർഷത്തിന് ശേഷവും, ലോകത്തിലെ ഏറ്റവും അപകടകരമായ മൂന്ന് സ്ഥലങ്ങളുടെ പട്ടികയിൽ ഇത് ഇപ്പോഴും ഉൾപ്പെടുത്തിയിട്ടുണ്ട്.  100,000 നിവാസികൾക്ക് 100 കൊലപാതകങ്ങൾ ഇതിനെ ലോകത്തെ ഏറ്റവും മാരകമായ നഗരങ്ങളിൽ ഒന്നാക്കി മാറ്റുന്നു. ദാരിദ്ര്യവും തൊഴിലില്ലായ്മയും വളരെ മോശമായ ക്രമസമാധാനവും ദുരിതങ്ങൾ വർദ്ധിപ്പിക്കുന്നു.

സിയുഡാഡ് വിക്ടോറിയ, മെക്സിക്കോ

ജനസംഖ്യ: 3,49,688
കൊലപാതക നിരക്ക്: 100,000 നിവാസികൾക്ക് 86

മെക്സിക്കോയിലെ ഏറ്റവും അപകടകരമായ നഗരങ്ങളിലൊന്നാണ് സിയുഡാഡ് വിക്ടോറിയ. മയക്കുമരുന്ന് കാർട്ടലുകളും ആൾക്കൂട്ട സംഘങ്ങളും ഇടയ്ക്കിടെയുള്ള ഗുണ്ടാ യുദ്ധങ്ങൾക്കും കാർട്ടലും പൊലീസും തമ്മിലുള്ള വെടിവയ്പ്പിലേക്കും നയിക്കുന്നു. ഇത് ജീവൻ നഷ്ടപ്പെടുന്നതിലേക്ക് വരെ എത്തിച്ചേരും. സിയുഡാഡ് വിക്ടോറിയ ജയിലുകൾ അക്രമങ്ങൾക്കും ജയിൽ പോരാട്ടങ്ങൾക്കും കുപ്രസിദ്ധമാണ്.

സിയുഡാഡ് ജുവാരസ്, മെക്സിക്കോ

ജനസംഖ്യ: 15,12,450
കൊലപാതക നിരക്ക്: 100,000 നിവാസികൾക്ക് 86

കുയിഡാഡ് ജുവാരസ്  നൈറ്റ്ക്ലബ്ബുകൾക്കും രാത്രി ജീവിതത്തിനും പേരുകേട്ടതാണ്, ഒരുകാലത്ത് വിനോദസഞ്ചാര കേന്ദ്രമായിരുന്നു.  വിനോദസഞ്ചാരം സമീപകാലത്ത് ഗണ്യമായി കുറഞ്ഞു. ഇപ്പോൾ സ്ത്രീകൾക്ക് ഒട്ടും സുരക്ഷിതമല്ലാത്ത നഗരമാണ്.  ദിനംപ്രതി സ്ത്രീകൾക്കെതിരെയുള്ള നിരവധി അതിക്രമങ്ങൾ ആണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

click me!