അമ്മ ആശുപത്രിയിൽ കഴിയുമ്പോൾ ഇൻഷുറൻസ് രേഖകളുടെ പ്രിന്റൗട്ടുമായി എത്തിയ ബ്ലിങ്കിറ്റ് ഡെലിവറി ഏജന്‍റ് കരുണയോടെ ചോദിച്ച ചോദ്യത്തെ കുറിച്ച് ഓര്‍ത്തെടുത്ത് ദില്ലിയില്‍ നിന്നുള്ള യുവതി. സോഷ്യല്‍ മീഡിയയിലാണ് ഇതുമായി ബന്ധപ്പെട്ട കുറിപ്പ് പങ്കുവച്ചത്. 

ഒരു ബ്ലിങ്കിറ്റ് ഡെലിവറി പാർട്ണറുടെ നല്ല മനസിനെ പ്രകീർത്തിച്ച് ഒരു കസ്റ്റമർ ഷെയർ ചെയ്ത പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. തന്റെ അമ്മ ആശുപത്രിയിൽ കിടന്നപ്പോൾ ബ്ലിങ്കിറ്റ് ഡെലിവറി പാർട്ണർ തന്റെ ജോലിക്കും കടമയ്ക്കുമപ്പുറം തന്നെ സഹായിച്ചതായിട്ടാണ് ഡൽഹിയിൽ നിന്നുള്ള ഈ ഫിൻടെക് എക്സിക്യൂട്ടീവ് പറയുന്നത്. 2024 ഡിസംബറിലാണ് സംഭവം. അമ്മയുടെ ഇൻഷുറൻസ് പോളിസിയുടെ പ്രിന്റ്ഔട്ടുകൾ ബ്ലിങ്കിറ്റ് വഴി എത്തിക്കാൻ ശ്രമിച്ചപ്പോഴാണ് ഈ സംഭവമുണ്ടായത് എന്ന് മോണിക്ക ജസുജ എന്ന സ്ത്രീ കുറിക്കുന്നു.

പ്രിന്റ് ഔട്ടുമായി എത്തിയ ഡെലിവറി പാർട്ണർ അതും ഏല്പിച്ച് മടങ്ങുന്നതിന് പകരം ചോദിച്ചത്, ഇനിയെന്തെങ്കിലും സഹായം താൻ ചെയ്യണോ എന്നാണ് എന്ന് എക്സിൽ (ട്വിറ്റർ) കുറിച്ച തന്റെ പോസ്റ്റിൽ മോണിക്ക പറയുന്നു. 2024 ഡിസംബറിന്റെ അവസാനമാണ് സംഭവമെന്നും ആ കൊടും തണുപ്പത്ത് രാത്രി വൈകിയ സമയം അമ്മയുടെ ഇൻഷുറൻസ് പോളിസി പ്രിന്റ്ഔട്ടുകൾ താൻ ബ്ലിങ്കിറ്റിൽ ഓർഡർ ചെയ്തുവെന്നും മോണിക്ക കുറിക്കുന്നു.

Scroll to load tweet…

'പിന്നാലെ, ബ്ലിങ്കിറ്റിന്റെ റൈഡർ പ്രിന്റൗട്ടുമായി എത്തി വിളിച്ചു. ആശുപത്രിക്ക് പുറത്തുള്ള ചായക്കടയുടെ അടുത്തേക്ക് വരാമോ എന്നാണ് തന്നോട് ചോദിച്ചത്. താൻ ആ ചായക്കടയുടെ അടുത്ത് തന്നെയാണ് ഉണ്ടായിരുന്നത്. പ്രിന്റൗട്ട് കൈമാറിക്കഴി‍ഞ്ഞപ്പോൾ കൂടുതൽ എന്തെങ്കിലും സഹായം വേണോയെന്ന് ആ യുവാവ് തന്നോട് ചോദിച്ചു' എന്നും മോണിക്കയുടെ പോസ്റ്റിൽ പറയുന്നു. 'എന്നാൽ, അപ്പോൾ തനിക്ക് പെട്ടെന്ന് എമർജൻസി വാർഡിലേക്ക് തിരികെ പോകേണ്ടതായി വന്നു. അതിനാൽ, താൻ ആ യുവാവിനോട് ശരിക്കും എന്തെങ്കിലും മറുപടി പറഞ്ഞോ എന്നുപോലും ഓർമ്മയില്ല. എന്നാൽ, ഇപ്പോഴും ആ ആശുപത്രി കടന്ന് പോകുമ്പോൾ താൻ ആ ബ്ലിങ്കിറ്റ് ഡ്രൈവറെ സ്നേഹപൂർവം ഓർക്കാറുണ്ട്' എന്നാണ് പോസ്റ്റിൽ പറയുന്നത്. 'താൻ മൗനമായിരുന്ന് അയാളെ അനു​ഗ്രിക്കാറുണ്ട്' എന്നും അവർ പറയുന്നു.

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. യുവാവിന്റെ കരുണാവായ്പിനെ പ്രകീർത്തിച്ചാണ് പലരും പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്.