
മനുഷ്യന്റെയോ മൃഗങ്ങളുടെയോ രൂപത്തിലുള്ള റോബോട്ടുകളുമായി യാത്ര ചെയ്യുന്നതിന് യാത്രക്കാർക്ക് കർശന വിലക്കേർപ്പെടുത്തി പ്രമുഖ വിമാനക്കമ്പനിയായ സൗത്ത് വെസ്റ്റ് എയർലൈൻസ്. ഒരു ഹ്യൂമനോയിഡ് റോബോട്ട് കാരണം വിമാനം വൈകിയതിന് പിന്നാലെയാണ് കമ്പനി തങ്ങളുടെ യാത്രാനയത്തിൽ അടിയന്തര ഭേദഗതി വരുത്തിയത്. ഇനി മുതൽ ഇത്തരം റോബോട്ടുകളെ വിമാനത്തിന്റെ ക്യാബിനിലോ ചെക്ക്-ഇൻ ബാഗേജിലോ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് സൗത്ത് വെസ്റ്റ് എയർലൈൻസ് ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.
'മനുഷ്യരോടോ മൃഗങ്ങളോടോ സാദൃശ്യമുള്ള റോബോട്ടുകളെ, അവയുടെ വലിപ്പമോ ഉപയോഗമോ എന്തുതന്നെയായാലും, വിമാനത്തിനുള്ളിലോ ലഗേജിലോ കൊണ്ടുപോകാൻ അനുവദിക്കില്ല' എയർലൈൻ പ്രസ്താവനയിൽ അറിയിച്ചു. രൂപത്തിലോ, ചലനങ്ങളിലോ, പെരുമാറ്റത്തിലോ മനുഷ്യനെ അനുകരിക്കുന്ന രീതിയിലുള്ള റോബോട്ടുകളെയാണ് ഹ്യൂമനോയിഡ് ബോട്ട് എന്ന് കമ്പനി നിർവചിക്കുന്നത്. ഇതേ രീതിയിൽ മൃഗങ്ങളോട് സാദൃശ്യമുള്ളവയാണ് 'അനിമൽ-ലൈക്ക് റോബോട്ടുകൾ'. എന്നാൽ കളിപ്പാട്ടങ്ങൾ ഉൾപ്പെടെയുള്ള മറ്റ് സാധാരണ റോബോട്ടുകൾക്ക് വിമാനത്തിൽ വിലക്കില്ല. ഇവ കൈയിൽ കരുതുന്ന ബാഗിന്റെ വലിപ്പത്തിന് ഉള്ളിലായിരിക്കണമെന്നും ലിഥിയം ബാറ്ററി നിയന്ത്രണങ്ങൾ പാലിച്ചിരിക്കണമെന്നും എയർലൈൻ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച കാലിഫോർണിയയിലെ ഓക്‌ലൻഡിൽ നിന്ന് സാൻ ഡിയാഗോയിലേക്ക് പോകേണ്ടിയിരുന്ന വിമാനത്തിൽ 'ബിബോപ്പ്' (Bebop) എന്ന റോബോട്ടിനെ കയറ്റിയതാണ് പുതിയ വിവാദങ്ങൾക്ക് കാരണമായത്. 'എലൈറ്റ് ഇവന്റ് റോബോട്ടിക്സ്' എന്ന കമ്പനിയുടെ ഏകദേശം 32 കിലോഗ്രാം തൂക്കമുള്ള ഹ്യൂമനോയിഡ് റോബോട്ടായിരുന്നു അത്. റോബോട്ടിനെ വെക്കുന്ന ബോക്സിന് അമിത ഭാരമായതിനാൽ അത് ലഗേജായി കൊണ്ടുപോകാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് കമ്പനി ഭാരവാഹികൾ റോബോട്ടിനായി വിമാനത്തിൽ ഒരു പ്രത്യേക സീറ്റ് തന്നെ ബുക്ക് ചെയ്യുകയായിരുന്നു.
വിമാനത്തിലെ യാത്രക്കാരുടെ സീറ്റിൽ ബിബോപ്പിനെ സുരക്ഷിതമായി ബെൽറ്റ് ധരിപ്പിച്ചു ഇരുത്തിയിരുന്നെങ്കിലും, വിമാന ജീവനക്കാർ ഇതിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉന്നയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ റോബോട്ടിൽ ഉപയോഗിച്ചിരുന്ന ലിഥിയം ബാറ്ററികൾ വിമാനങ്ങളിൽ അനുവദനീയമായ പരിധിയിലും വളരെ വലുതാണെന്ന് കണ്ടെത്തുകയും അധികൃതർ ഇത് പിടിച്ചെടുക്കുകയും ചെയ്തു. ഈ പരിശോധനകളെ തുടർന്ന് വിമാനം ഒരു മണിക്കൂറിലധികം വൈകിയാണ് പുറപ്പെട്ടത്. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് ബാറ്ററി പിടിച്ചെടുത്തതെന്നും, ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനാണ് റോബോട്ടുകൾക്ക് പൂർണ്ണ വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതെന്നും എയർലൈൻ മാനേജ്‌മെന്റ് വ്യക്തമാക്കി.