Latest Videos

വെള്ളപ്പൊക്കത്തിൽ വലഞ്ഞ് ഉത്തരകൊറിയ, സൈന്യത്തോട് സഹായമെത്തിക്കണമെന്ന് കിം ജോങ് ഉൻ

By Web TeamFirst Published Aug 9, 2021, 12:56 PM IST
Highlights

ആഗസ്റ്റ് 10 വരെ കനത്ത മഴ പ്രവചിക്കപ്പെടുന്നു. ഇത് കിഴക്കൻ പ്രദേശങ്ങളെ കൂടുതലായി ബാധിക്കുമെന്ന് രാജ്യത്തെ കാലാവസ്ഥാ ഏജൻസി പറഞ്ഞു. ആണവപദ്ധതി കാരണം ഉത്തരകൊറിയ അന്താരാഷ്ട്ര ഉപരോധം നേരിട്ടുകൊണ്ടിരിക്കുകയാണ്. 

നോർത്ത് കൊറിയയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ആയിരത്തിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും അയ്യായിരത്തോളം പേരെ ഒഴിപ്പിക്കുകയും ചെയ്തതായി ഈ ആഴ്ച ആദ്യം സംസ്ഥാന ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. സാമ്പത്തിക പ്രതിസന്ധിയും, ഭക്ഷ്യക്ഷാമവും നേരിടുന്നതിന്റെ ഇടയിലാണ് ഇത്. കാർഷിക ഇടങ്ങളും വെള്ളം കയറി നശിച്ചു. ജൂണിൽ രാജ്യം ഭക്ഷ്യക്ഷാമം നേരിടുന്നതായി കിം ജോങ്-ഉൻ അറിയിച്ചിരുന്നു.

കഴിഞ്ഞ വർഷം ഉണ്ടായ ചുഴലിക്കാറ്റും, അതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കവും വിളവുകൾ നശിപ്പിച്ചു. ഇത് കടുത്ത ഭക്ഷ്യക്ഷാമത്തിലേയ്ക്ക് നാടിനെ നയിച്ചു. എന്നാൽ, ഇപ്രാവശ്യം അതെല്ലാം ശരിയാക്കിയെടുക്കാം എന്നതായിരുന്നു ആകെയുണ്ടായിരുന്ന പ്രതീക്ഷ. സർക്കാർ ഉടമസ്ഥതയിലുള്ള കെസിടിവിയിൽ നിന്നുള്ള ഫൂട്ടേജുകളിൽ തെക്കൻ ഹാംഗ്യോങ്ങിന്റെ കിഴക്കൻ പ്രവിശ്യയിലെ തകർന്ന പാലങ്ങളും, റെയിൽറോഡുകളും, വെള്ളത്തിനടിയിലായ വീടുകളും കാണാം. ഏകദേശം 17 കിലോമീറ്റർ ദൂരത്തിൽ റോഡുകളും പാലങ്ങളും തകർന്നതായും അതിൽ പറയുന്നു.

ഇതിന് പുറമെ നൂറുകണക്കിന് ഹെക്ടർ കൃഷിഭൂമിയും വെള്ളം കയറി നശിച്ചതായി റിപ്പോർട്ടിൽ പറയുന്നത്. ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ സെൻട്രൽ മിലിട്ടറി കമ്മീഷൻ വ്യാഴാഴ്ച ദുരന്തത്തിൽ നിന്ന് കരകയറുന്നതിനെക്കുറിച്ച് ചർച്ച ചെയ്തുവെന്ന് ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. എന്നാൽ കിം യോഗത്തിൽ പങ്കെടുത്തില്ല. പകരം സൈന്യം ഈ മേഖലയിൽ ആവശ്യമായ സാധനങ്ങൾ എത്തിക്കണമെന്ന അദ്ദേഹത്തിന്റെ ഒരു സന്ദേശം മാത്രമാണ് പുറത്ത് വന്നത്. ഇനിയും മഴ കനത്താൽ നാശനഷ്ടങ്ങളും കൂടും.  

ആഗസ്റ്റ് 10 വരെ കനത്ത മഴ പ്രവചിക്കപ്പെടുന്നു. ഇത് കിഴക്കൻ പ്രദേശങ്ങളെ കൂടുതലായി ബാധിക്കുമെന്ന് രാജ്യത്തെ കാലാവസ്ഥാ ഏജൻസി പറഞ്ഞു. ആണവപദ്ധതി കാരണം ഉത്തരകൊറിയ അന്താരാഷ്ട്ര ഉപരോധം നേരിട്ടുകൊണ്ടിരിക്കുകയാണ്. കൂടാതെ കൊവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി രാജ്യം അതിർത്തികൾ അടച്ചിരിക്കുന്നു. ഭക്ഷണം, വളം, ഇന്ധനം എന്നിവയ്ക്ക് ഉത്തര കൊറിയ പ്രധാനമായും ആശ്രയിക്കുന്നത് ചൈനയെയാണ്. എന്നാൽ, അതിർത്തികൾ അടച്ചതോടെ ചൈനയുമായുള്ള വ്യാപാരത്തിൽ വൻ ഇടിവ് നേരിടുന്നു. മുൻപ് സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം 1990 -കളിലാണ് ഉത്തരകൊറിയ രാജ്യവ്യാപകമായി ക്ഷാമം അനുഭവിച്ചത്. ആ സമയത്ത് പട്ടിണി കിടന്ന് മരണമടഞ്ഞവരുടെ ആകെ എണ്ണം അറിവായിട്ടില്ലെങ്കിലും ഏകദേശം 30 ലക്ഷത്തിനടുത്ത് വരുമെന്നാണ്  അനുമാനിക്കുന്നത്.  

click me!