
രണ്ട് ആമകളെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്ത്രീ പിടിയിൽ. സംഭവത്തിൽ പിന്നീട് സോഷ്യൽ മീഡിയാ പോസ്റ്റുമായി അധികൃതർ. മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഇവരെ പിടികൂടിയത്.
യുഎസ് ആസ്ഥാനമായുള്ള സുരക്ഷാ ഏജൻസിയായ ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (ടിഎസ്എ) പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ബ്രായ്ക്കുള്ളിലാണ് ഇവർ ആമകളെ ഒളിപ്പിച്ചിരുന്നത്. എന്നാൽ, വിമാനത്താവളത്തിൽ നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടയിൽ ഇവർ പിടിയിലാവുകയായിരുന്നു. ആമകളിൽ ഒന്ന് ജീവനില്ലാത്ത അവസ്ഥയിലായിരുന്നുവെന്നും ടിഎസ്എ വ്യക്തമാക്കി.
സുരക്ഷാ ഏജൻസിയുടെ നൂതന സ്‌ക്രീനിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പരിശോധനയിൽ സ്ത്രീയുടെ നെഞ്ചിന് സമീപത്തായി ഒളിപ്പിച്ച നിലയിൽ ഒരു വസ്തു കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇവരെ സ്വകാര്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ആമകളെ കണ്ടെത്തുകയും ചെയ്തു. പ്ലാസ്റ്റിക്കിൽ അതിവിദഗ്ധമായി പൊതിഞ്ഞ നിലയിലായിരുന്നു ആമകളെ സൂക്ഷിച്ചിരുന്നത്.
സോഷ്യൽ മീഡിയയിലൂടെയാണ് ടിഎസ്എ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. ആമകൾ ഉൾപ്പടെയുള്ള വളർത്തുമൃഗങ്ങളെ സുരക്ഷാ ചെക്ക്‌പോസ്റ്റുകളിലൂടെ സുരക്ഷിതമായി കൊണ്ടുപോകാൻ കഴിയുമെന്നും അവയെ എവിടെയും ഒളിപ്പിക്കേണ്ടതില്ലെന്നും യാത്രക്കാരെ അറിയിക്കുന്നതിനായി കൂടി ഈ അവസരം ഉപയോഗിക്കുകയാണെന്നും ടിഎസ്‍എ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സുരക്ഷാ ഏജൻസിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ഇങ്ങനെയായിരുന്നു: 'നിങ്ങളുടെ വളർത്തുമൃഗങ്ങളുമായി നിങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ദയവായി അവയുമായി സുരക്ഷിതമായി യാത്ര ചെയ്യുക. വിമാനങ്ങളിൽ വളർത്തുമൃഗങ്ങളെ കൊണ്ടുപോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ദയവായി നിങ്ങൾ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന എയർലൈനുമായി ബന്ധപ്പെടുക. ടിഎസ്എ സ്ക്രീനിംഗിൽ ചെറിയ മൃഗങ്ങളെ ഞങ്ങളുടെ ചെക്ക് പോയിന്റിൽ നിങ്ങൾക്കൊപ്പം കടത്തിവിടാൻ ഞങ്ങൾ അനുവദിക്കും. പക്ഷേ അവയെ ഒരിക്കലും മറച്ചുവെച്ചുകൊണ്ട് വരരുത്. കാരിയറുകളിൽ നിന്നും നീക്കം ചെയ്ത് സുരക്ഷാ പരിശോധനയ്ക്ക് ഹാജരാക്കണം. ഒരു കാരണവശാലും നിങ്ങളുടെ വസ്ത്രത്തിനടിയിലും അവയെ മറയ്ക്കരുത് എന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു"
സ്ത്രീയിൽ നിന്നും പിടികൂടിയ ആമകളിൽ ജീവനോടെ രക്ഷപ്പെട്ട ആമയെ മത്സ്യ-വന്യജീവി വകുപ്പിന് കൈമാറിയതായും ടിഎസ്എ സ്ഥിരീകരിച്ചു.