
സാഹസികത നിറഞ്ഞ കാര്യങ്ങൾ ചെയ്യാനിഷ്ടപ്പെടുന്ന അനേകം ആളുകൾ നമ്മുടെ ലോകത്തുണ്ട്. അതേ സമയം തന്നെ ആ സാഹസികത കൊണ്ടുതന്നെ ജീവൻ നഷ്ടപ്പെടുന്നവരും അനേകം. കെന്റക്കിയിൽ നിന്നുള്ള ഫ്ലോയ്ഡ് കോളിൻസിന്റെ അവസ്ഥയും അതിൽ നിന്നും വ്യത്യസ്തമായിരുന്നില്ല. 50,000 ആളുകൾ നോക്കിനിൽക്കെ ഒരു ഗുഹയ്‍ക്കകത്തായിരുന്നു കൊളിൻസിന്റെ അന്ത്യം. ആ ഗുഹയ്‍ക്കകത്ത് 17 ദിവസങ്ങൾ അദ്ദേഹം ജീവനുവേണ്ടി പൊരുതി നിന്നു.
ആറാമത്തെ വയസ് മുതൽ തന്നെ കോളിൻസ് ഗുഹാ പര്യവേക്ഷണം നടത്താനിഷ്ടപ്പെട്ടിരുന്നു എന്ന് പറയുന്നവരുണ്ട്. 1920 -കളിൽ ഇവിടെയുള്ള പ്രദേശവാസികൾ വിനോദസഞ്ചാരികളെ ആകർഷിക്കാനും ലാഭം നേടാനും വേണ്ടി നിഗൂഢമായ സ്ഥലങ്ങൾ കണ്ടെത്തുന്നതിന് വേണ്ടി മത്സരിച്ചിരുന്നു.
വിവിധ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, 1917 -ലാണ് കോളിൻസ് തന്റെ പിതാവിന്റെ ഫാമിന് താഴെ ഒരു ഗുഹ കണ്ടെത്തിയത്. താമസിയാതെ അദ്ദേഹം അതിനെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയും ചെയ്തു. പക്ഷേ, അത് ഒരു പ്രാന്തപ്രദേശമായിരുന്നു എന്നതിനാൽ തന്നെ ആളുകളെ വേണ്ടത്ര ആകർഷിച്ചിരുന്നില്ല. പിന്നീടാണ്, കേവ് സിറ്റി റോഡിൽ ഒരു കർഷകന്റെ സ്ഥലത്ത് ഒരു ഗുഹ കോളിൻസ് കണ്ടെത്തിയത്. എന്നാൽ, കർഷകനുമായി എന്തെങ്കിലും കരാറിലെത്താൻ കോളിൻസിന് സാധിച്ചില്ല.
പിന്നീട്, 1925 ജനുവരി 30 -ന് കോളിൻസ് ആ ഗുഹയിൽ ആദ്യമായി കയറി. ഒരു മണ്ണെണ്ണ വിളക്കുമായിട്ടാണ് അയാൾ അതിന്റെ ഇടുങ്ങിയ വഴികളിലൂടെ സഞ്ചരിച്ചത്. എന്നാൽ, വിളക്ക് അണഞ്ഞുപോകും എന്ന് മനസിലായ സമയത്ത് അയാൾ തിരികെ പോകാൻ തീരുമാനിച്ചു. ആ സമയത്താണ് വിളക്ക് കോളിൻസിന്റെ കയ്യിൽ നിന്നും വീണുപോയത്. അത് തിരികെയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കോളിൻസ് അവിടെയുള്ള ഒരു പാറയിൽ തട്ടുകയും അത് അവിടെ നിന്നു മാറിപ്പോവുകയും ചെയ്തു. 60 അടി താഴ്ചയിലേക്ക് കോളിൻസ് വീണു. പാറയുടെ അടിയിലായിരുന്നു അയാളുടെ കാൽ.
പിറ്റേദിവസം മാത്രമാണ് കോളിൻസ് ഗുഹയിൽ വീണ് കിടക്കുന്നത് ഒരാളുടെ ശ്രദ്ധയിൽ പതിഞ്ഞത്. അതോടെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. നിരവധിപ്പേർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകാനും കുറേപ്പേർ അത് കാണാനും എത്തിച്ചേർന്നു. എന്നാൽ, കാലാവസ്ഥ വഷളായതും കനത്ത മഴയും രക്ഷാപ്രവർത്തനം അതീവദുഷ്കരമാക്കി.
ഒടുവിൽ, 75 പേരടങ്ങുന്ന ഒരു സംഘം കോളിൻസിനെ രക്ഷപ്പെടുത്തുന്നതിനായി രാപ്പകലില്ലാതെ പ്രവർത്തിക്കാൻ തുടങ്ങി. 10,000-50,000 ആളുകൾ ആ സ്ഥലത്ത് ഇതെല്ലാം കാണാനുള്ള കൗതുകവുമായി എത്തിച്ചേർന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ നാഷണൽ ഗാർഡിനെ വിളിക്കേണ്ടി വന്നു. കാലാവസ്ഥ പ്രതികൂലമായതിനാൽ ഫെബ്രുവരി 16 വരെ രക്ഷാപ്രവർത്തകർക്ക് കോളിൻസിന്റെ അടുത്തെത്താനായില്ല.
ഒടുവിൽ, എത്തുമ്പോഴേക്കും സംഭവസ്ഥലത്ത് തന്നെ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തി. പാറയുടെ അടിയിൽ കാൽ കുടുങ്ങിയതിനാൽ തന്നെ, കോളിൻസിന്റെ മൃതദേഹം നീക്കം ചെയ്യുന്നത് അപകടകരമാണെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. ഒടുവിൽ, അദ്ദേഹത്തിന്റെ മൃതദേഹം കുടുംബത്തിന്റെ സമ്മതത്തോടെ അവിടെ തന്നെ ഉപേക്ഷിക്കുകയായിരുന്നു.
1925 ഏപ്രിലിൽ, കോളിൻസിന്റെ കുടുംബം അദ്ദേഹത്തിന്റെ മൃതദേഹം ഗുഹയിൽ നിന്ന് പുറത്തെടുക്കുകയും ഫാമിലി ഫാമിൽ അടക്കുകയും ചെയ്തു. അതും വലിയ വാർത്തയായി. കുടുംബം അവരുടെ ഫാം വിറ്റ് രണ്ട് വർഷത്തിന് ശേഷം ഫാമിന്റെ പുതിയ ഉടമ കോളിൻസിന്റെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കുഴിച്ചെടുക്കുകയും സന്ദർശകർക്കായി ഒരു ഗ്ലാസ് ശവപ്പെട്ടിയിൽ അത് പ്രദർശിപ്പിക്കുകയും ചെയ്തു.
കോളിൻസിന്റെ മൃതദേഹം മോഷ്ടിക്കാനുള്ള ശ്രമങ്ങളും ആളുകൾ തുടങ്ങി. 1927 സെപ്റ്റംബറിലായിരുന്നു ആദ്യ ശ്രമം. അത് വിജയിച്ചില്ലെങ്കിലും രണ്ട് വർഷത്തിന് ശേഷം രണ്ടാം ശ്രമം വിജയിച്ചു. പിന്നീട്, അത് വീണ്ടെടുക്കാൻ ബ്ലഡ്‌ഹൗണ്ടിനെ ഉപയോഗിച്ചു. 1989 -ൽ നാഷണൽ പാർക്ക് സർവീസ്, മാമോത്ത് കേവ് ബാപ്റ്റിസ്റ്റ് ചർച്ചിൽ കോളിൻസിന്റെ അന്തിമ സംസ്ക്കാരം നടത്തി.