
പലതരം അലര്‍ജികൾ നമ്മുക്കെല്ലാമുണ്ട്. ചിലര്‍ക്ക് പൊടി, മറ്റ് ചിലര്‍ക്ക് ഭക്ഷണം. ഭക്ഷണത്തില്‍ തന്നെ കടല്‍ വിഭവങ്ങൾ മാത്രം അലര്‍ജിയായിട്ടുള്ളവരുമുണ്ട്. എന്നാല്‍, യുഎസ് യുവതി ബീയ്ക്ക് കഴിക്കുന്നതെന്തും അലര്‍ജിയായിരുന്നു.
ചീസ്, ബ്രെഡ്, കാപ്പി, പച്ചക്കറികൾ, പഴങ്ങൾ അങ്ങനെ ഒട്ടുമിക്ക ഭക്ഷണവും ബീയ്ക്ക് അലര്‍ജിയായിരുന്നു. ഈ ഭക്ഷണങ്ങൾ എന്ത് കഴിച്ചാലും ശരീരത്തിന് നീര് വയ്ക്കുക, ചൊറിച്ചിൽ, വയറുവേദന എന്നിവയുൾപ്പെടെയുള്ള അലർജികളാല്‍ അവരേറെ കഷ്ടപ്പെട്ടു. ഒടുവിൽ ബ്രോക്കോളി, തേങ്ങ, കുറച്ച് ചിക്കൻ എന്നിവ മാത്രമേ അലര്‍ജിയില്ലാതെ കഴിക്കാനായി ബീയ്ക്ക് അവശേഷിച്ചിരുന്നൊള്ളൂ. തന്‍റെ ശാരീരിക പ്രവര്‍ത്തനങ്ങൾ ഏതാണ്ട് അവസാനിച്ചെന്നായിരുന്നു ഈ അവസ്ഥയെ കുറിച്ച് വിവരിക്കവെ ബീ, ന്യൂസ് വീക്കിനോട് പറഞ്ഞത്.
'എന്‍റെ ജീവിതം യുഎസിൽ ഉപേക്ഷിക്കാൻ ഞാൻ ആഗ്രഹിച്ചില്ല, പക്ഷേ എനിക്ക് മറ്റ് മാർഗമില്ലെന്ന് എനിക്ക് തോന്നി. എന്‍റെ നെഞ്ചിലും മുഖത്തും ചുവന്ന ചൊറിച്ചിലുള്ള ചുണങ്ങുകൾ പ്രത്യക്ഷപ്പെടും. ഈ സമയങ്ങളിൽ എനിക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകും. എന്‍റെ അടിവയറ്റിൽ കുത്തുന്ന വേദന അനുഭവപ്പെടും. ഇതിനെല്ലാം പറുമേ, മൈഗ്രെയ്ൻ, ടിന്നിടസ്, സന്ധി വേദന, തലച്ചോർ മൂടുന്നത് പോലെ അനുഭവപ്പെടുക, എന്‍റെ തലയിൽ എനിക്കെന്‍റെ ഹൃദയമിടിപ്പ് കേൾക്കാൻ കഴിയും' അവര്‍ സ്വന്തം അനുഭവം വിവരിക്കവെ പറഞ്ഞു.
യൂറോപ്പിലേക്ക് താമസം മാറിയ ശേഷം അവര്‍ ഒരിക്കൽ തക്കാളി സോസ് ചേർത്ത് പാകം ചെയ്ത ഒരു ബ്രോക്കോളി വിഭവം കഴിച്ചു. സാധാരണ ഗതിയില്‍ അലര്‍ജിയുണ്ടാക്കേണ്ട വസ്തുക്കൾ. പക്ഷേ, ചികിത്സിച്ചിരുന്ന ഡോക്ടര്‍മാരെ പോലും അത്ഭുതപ്പെടുത്തി അവര്‍ അലര്‍ജിയുടെ ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചില്ല. സാധാരണയായി ഭക്ഷണത്തിന് ശേഷം അലർജി ഒഴിവാക്കാനായി എപ്പിപെൻ, ഇൻഹേലർ, ബെനാഡ്രിൽ, ബേക്കിംഗ് സോഡ എന്നിവ ഉപയോഗിച്ചിരുന്ന തനിക്ക് അന്ന് അതിന്‍റെയൊന്നും ആവശ്യമുള്ളതായി തോന്നിയില്ലെന്നും അവർ പറഞ്ഞു. പതുക്കെ അതുവരെ കഴിക്കാതിരുന്ന പലതും അവര്‍ പരീക്ഷിച്ചു. അപ്പോഴെല്ലാം അലര്‍ജി ഒഴിഞ്ഞ് നിന്നു. പിന്നാലെ വിശദമായ പരിശോധനയ്ക്ക് വിധേയമായപ്പോഴാണ് ഒക്രാടോക്സിൻ എ, അഫ്ലാറ്റോക്സിൻസ്, ട്രൈക്കോതെസീൻസ്, ഗ്ലയോടോക്സിൻ, സിയറലെനോൺ എന്നിവയുൾപ്പെടെയുള്ള ചില പൂപ്പൽ വിഷവസ്തുക്കളുടെ ഉയർന്ന അളവിലുള്ള സാന്നിധ്യം ഡോക്ടര്‍മാര്‍ ബീയിൽ കണ്ടെത്തിയത്.
കാർഷിക ഉൽപ്പന്നങ്ങളിൽ വളരാൻ കഴിയുന്ന ഈ പൂപ്പലുകളെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യുന്നത് തടയുന്ന ഒരു പ്രത്യേക ജീൻ ബീയ്ക്കുണ്ടെന്ന് ഡോക്ടർമാർ അങ്ങനെയാണ് കണ്ടെത്തിയതും. ഭക്ഷണമല്ല, മറിച്ച് ഈ പൂപ്പലാണ് ബീയുടെ രോഗമെന്ന് ഒടുവിൽ ഡോക്ടര്‍മാര്‍ വിധിച്ചു. എന്നാല്‍, ഡോക്ടർമാരെ അത്ഭുപ്പെടുത്തിയത് മറ്റൊന്നായിരുന്നു. യൂറോപ്പില്‍ വച്ച് പാലും പാല്‍ ഉത്പന്നങ്ങളും ബീ അലര്‍ജിയില്ലാതെ കഴിച്ചു. എന്നാൽ അതേ ഉത്പന്നങ്ങൾ യുഎസില്‍ നിന്ന് കഴിച്ചപ്പോഴെല്ലാം ബീയ്ക്ക് ശക്തമായ അലര്‍ജി അനുഭവപ്പെട്ടു. ഇത്തരം അനുഭവങ്ങൾ നിരന്തരമായതോടെ ബീ, യുഎസിലെ ഭക്ഷ്യോത്പന്നങ്ങളില്‍ ചില പരിശോധനങ്ങൾ നടത്തി. ഇതിലൂടെ. യുഎസിലെ ഭക്ഷണത്തിൽ പലപ്പോഴും ഉയർന്ന അളവിൽ പൂപ്പൽ വിഷവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നും അവ തന്നില്‍ മാസ്റ്റ് സെൽ ആക്ടിവേഷൻ സിൻഡ്രോം (Mast Cell Activation Syndrome - MCAS) എന്ന രോഗത്തിന് കാരണമാക്കുന്നുവെന്നും അവര്‍ കണ്ടെത്തി. ഇതോടെ താന്‍ യൂറോപ്പിലേക്ക് സ്ഥിരമായി താമസം മാറിയെന്നും ബീ, തന്‍റെ അനുവഭങ്ങളെ കുറിച്ച് വിശദീകരിക്കവെ ന്യൂസ് വീക്കിനോട് പറഞ്ഞു.