
വിദേശ രാജ്യങ്ങളിലെ ആരോഗ്യ മേഖലയിലെ സമീപനങ്ങളെക്കുറിച്ച് പലപ്പോഴും വിമർശനങ്ങൾ ഉയരാറുണ്ട്. മൂന്ന് കുട്ടികളുടെ അച്ഛനും ഇന്ത്യക്കാരനുമായ പ്രശാന്ത് ശ്രീകുമാർ കഴിഞ്ഞ ദിവസമാണ് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിന് പിന്നാലെ കാനഡയിലെ ആശുപത്രിയിലെത്തിയത്. എന്നാൽ അദ്ദേഹത്തെ എട്ട് മണിക്കൂറോളം അത്യാഹിത വിഭാഗത്തിന് മുന്നിൽ ഇരുത്തി. ഇതിന് പിന്നാലെ ഹൃദയാഘാതം മൂലം പ്രശാന്ത് മരണത്തിന് കീഴടങ്ങി. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചതിന് പിന്നാലെയാണ് അമേരിക്കയിൽ ആരോഗ്യ രംഗത്ത് താൻ നേരിട്ട പ്രതിസന്ധികളെ തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ഒരു പ്രവാസി ഇന്ത്യക്കാരന്‍റെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത്.
അമേരിക്കൻ ആരോഗ്യരംഗത്തെ രൂക്ഷമായി വിമർശിച്ച അദ്ദേഹം "ഇന്ത്യ എന്നെ സുഖപ്പെടുത്തി" എന്നാണ് തന്‍റെ അനുഭവത്തെക്കുറിച്ച് പറഞ്ഞത്. വിദ്യാഭ്യാസത്തിനും കരിയറിനും അമേരിക്ക വലിയ സഹായമായെങ്കിലും, അവിടുത്തെ ആരോഗ്യ സംവിധാനങ്ങളോടുള്ള മടുപ്പും നീണ്ടുനിന്ന ആരോഗ്യപ്രശ്നങ്ങളുമാണ് 10 വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാൻ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വിശദീകരിക്കുന്നു. തനിക്ക് 'സ്കിസോഅഫക്റ്റീവ് ഡിസോർഡർ എന്ന രോഗമാണെന്ന് 2018 -ൽ അമേരിക്കയിലെ ഡോക്ടർമാർ വിധിയെഴുതി. അവിടെ ഡാറ്റാ സയന്‍റിസ്റ്റായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ഈ രോഗ നിർണയത്തിൽ അദ്ദേഹം ആദ്യഘട്ടത്തിൽ തന്നെ സംശയമുന്നയിച്ചിരുന്നു. ശരിക്കും സ്കിസോഫ്രീനിയ ഉണ്ടായിരുന്നെങ്കിൽ ഇത്രയും വലിയൊരു ജോലിയും ബിരുദവും പൂർത്തിയാക്കാൻ കഴിയില്ലായിരുന്നുവെന്നും അദ്ദേഹം എഴുതി.
ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം ബാംഗ്ലൂരിലെ പ്രമുഖ സൈക്യാട്രിക് ആശുപത്രിയിൽ രണ്ടാമതൊരു അഭിപ്രായം തേടി. അവിടെ നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് കേവലം മൂഡ് ഡിസോർഡറും നേരിയ ഉത്കണ്ഠയും മാത്രമാണ് ഉള്ളതെന്ന് വ്യക്തമായി. ഞാൻ രോഗമുക്തനായിരിക്കുന്നു. എങ്കിലും എന്നിൽ മാറ്റങ്ങളൊന്നും വന്നിട്ടില്ല. രോഗികളെ പണം സമ്പാദിക്കാനുള്ള യന്ത്രങ്ങളായി കാണാത്ത കരുതലുളള ഡോക്ടർമാരും ആരോഗ്യ സംവിധാനവും എനിക്ക് ലഭ്യമായി എന്നതാണ് ഏക വ്യത്യാസമെന്നും അദ്ദേഹം കുറിച്ചു. ഈ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ഇന്ത്യൻ ആരോഗ്യരംഗത്തെ വൈദഗ്ധ്യത്തെയും കുറഞ്ഞ ചികിത്സാ ചെലവിനെയും പലരും പ്രശംസിച്ചു. ഇൻഷുറൻസ് പ്രീമിയങ്ങളും മറ്റ് അധിക ചെലവുകളും കാരണം അമേരിക്കയിൽ സാധാരണക്കാർക്ക് ചികിത്സ എത്രത്തോളം ദുസഹമാണെന്ന വസ്തുതയും പലരും ചൂണ്ടിക്കാട്ടി.