സാധാരണക്കാരനെ വിവാഹം ചെയ്ത രാജകുമാരി ഒടുവില്‍ രാജ്യം വിട്ടു, ഇനി വാസം വാടക ഫ്‌ളാറ്റില്‍

By Web TeamFirst Published Nov 14, 2021, 10:50 PM IST
Highlights

അമേരിക്കയില്‍ ലീഗല്‍ ക്ലാര്‍ക്കായി ജോലി ചെയ്യുന്ന ഭര്‍ത്താവിനൊപ്പം ന്യൂയോര്‍ക്കിലെ ഒരു വാടക അപാര്‍ട്ട്‌മെന്റിലാവും ഇനി രാജകുമാരിയുടെ താമസം. 

പ്രണയത്തിനായി രാജ്യവും രാജാധികാരവും ത്യജിച്ച രാജകുമാരി ഒടുവില്‍ ജപ്പാന്‍ വിട്ടു.  ജപ്പാനീസ് രാജകുടുംബത്തിലെ അംഗമായ മാകോ രാജകുമാരിയാണ് രാജ്യം വിട്ട് അമേരിക്കയിലേക്ക് തിരിച്ചത്. രാജകുടുംബത്തിനു പുറത്തുള്ളവരെ വിവാഹം ചെയ്യരുതെന്ന രാജകീയ തിട്ടൂരം മറികടന്ന് സാധാരണക്കാരനായ കാമുകനൊപ്പം കൊട്ടാരം വിട്ടിറങ്ങിയ രാജകുമാരി ഇന്നലെയാണ് ടോക്കിയോ വിമാനത്താവളത്തില്‍നിന്നും അമേരിക്കയിലേക്ക് പുറപ്പെട്ടത്. അമേരിക്കയില്‍ ലീഗല്‍ ക്ലാര്‍ക്കായി ജോലി ചെയ്യുന്ന ഭര്‍ത്താവിനൊപ്പം ന്യൂയോര്‍ക്കിലെ ഒരു വാടക അപാര്‍ട്ട്‌മെന്റിലാവും ഇനി രാജകുമാരിയുടെ താമസം. 

വലിയ വിവാദങ്ങള്‍ക്കിടയിലാണ് രാജകുമാരി കോളജ് കാലത്തെ കൂട്ടുകാരനും കാമുകനുമായ കെയി കൊമുറോയെ വിവാഹം ചെയ്തത്. ജപ്പാനില്‍, രാജകുടുംബത്തിനു പുറത്തുള്ളവരെ വിവാഹം ചെയ്യുന്ന രാജകുമാരിമാര്‍ക്ക് രാജപദവി നഷ്ടമാവുമെന്നാണ് വ്യവസ്ഥ. എന്നാല്‍, ഈ നിയമം രാജകുടുംബത്തിലെ പുരുഷന്‍മാര്‍ക്ക് ബാധകമല്ല. 

 

സാധാരണ കുടുംബത്തില്‍ പിറന്ന കെയി കൊമുറോയെയാണ് രാജകുമാരി വിവാഹം ചെയ്തത്. കോളജ് കാലം മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. കെയിയെ വിവാഹം ചെയ്യാനുള്ള രാജകുമാരിയുടെ തീരുമാനം വലിയ എതിര്‍പ്പുകള്‍ക്ക് കാരണമായിരുന്നു. രാജഭക്തരും രാജഭക്തിയില്‍ അഭിരമിക്കുന്ന മാധ്യമങ്ങളും രാജകുമാരിയെ നിശിതമായി വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. അതിനാല്‍, ഇവരുടെ വിവാഹം ഏറെ കാലമായി നീണ്ടുപോയി. എന്നാല്‍, എല്ലാ എതിര്‍പ്പുകളെയും മറികടന്ന് രാജകുമാരി ഒക്‌ടോബര്‍ 26-ന് കെയിയെ വിവാഹം ചെയ്തു. 

രാജകീയ പദവി ഉപേക്ഷിച്ച് പുറത്തുള്ളവരെ വിവാഹം ചെയ്യുന്ന രാജകുമാരിമാര്‍ സാധാരണ രാജകീയ രീതിയിലാണ് വിവാഹം ചെയ്യാറുള്ളത്. ഇങ്ങനെ പുറത്തുപോവുന്നവര്‍ക്ക് പ്രത്യേക സാമ്പത്തിക ആനുകൂല്യങ്ങള്‍ കൊട്ടാരം അനുവദിക്കാറുണ്ട്. എന്നാല്‍, ഇതു രണ്ടും ഒഴിവാക്കിയാണ് രാജകുമാരി വിവാഹിതയായത്. രാജകീയ വിവാഹ ആചാരങ്ങള്‍ വെടിഞ്ഞ് അവര്‍ കല്യാണം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. രാജകീയ പദവി നഷ്ടമാവുന്നവര്‍ക്ക് അനുവദിക്കുന്ന സാമ്പത്തിക ആനുകൂല്യങ്ങളും രാജകുമാരി സ്വീകരിച്ചില്ല. ജപ്പാനീസ് രാജകുടുംബത്തില്‍നിന്നും ഈ രണ്ട് കാര്യങ്ങളും ഉപേക്ഷിക്കുന്ന ആദ്യത്തെ ആളാണ് മോകോ രാജകുമാരി.  


Read More: രാജ്യം വേണ്ട, രാജാവകാശവും; പ്രണയത്തിനായി എല്ലാം ഉപേക്ഷിച്ച് ഒരു രാജകുമാരി
 


ടോക്കിയോ വിമാനത്താവളത്തില്‍നിന്നും ഇന്ന് കാലത്താണ് രാജകുമാരി കെയിയ്‌ക്കൊപ്പം അമേരിക്കയ്ക്ക് തിരിച്ചത്. പൊലീസും കൊട്ടാരം സുരക്ഷാ ഉദ്യോഗസ്ഥരും ഒരുക്കിയ കനത്ത സുരക്ഷയിലാണ് രാജകുമാരി വിമാനത്താവളത്തില്‍ എത്തിയത്. നൂറു കണക്കിന് മാധ്യമപ്രവര്‍ത്തകരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. എന്നാല്‍, രാജകുമാരിയോ ഭര്‍ത്താവോ ചോദ്യങ്ങളോടൊന്നും പ്രതികരിച്ചില്ല. 

സാധാരണക്കാരനായ കെയിയുമായുള്ള പ്രണയബന്ധവും വിവാഹ താല്‍പ്പര്യവും പുറത്തുവന്നതിനെ തുടര്‍ന്ന് വ്യാപകമായ വിമര്‍ശനങ്ങള്‍ രാജകുമാരിക്ക് എതിരെ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന്, രാജകുമാരി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലും വിഷാദത്തിലുമായതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഭര്‍ത്താവിനെതിരെ ജപ്പാനീസ് മാധ്യമങ്ങള്‍ നിരന്തരം ആരോപണങ്ങള്‍ ഉയര്‍ത്തി. അമേരിക്കയില്‍ അഭിഭാഷകനായി ജോലി ചെയ്യുന്നതിനുള്ള പരീക്ഷയില്‍ കെയി പരാജയപ്പെട്ടതായി ഈയടുത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇതൊരു സാധാരണ കാര്യമാണെന്നും നിലവില്‍ നിയമരംഗത്തുതന്നെ ജോലി ചെയ്യുകയാണ് കെയ് എന്നും വിശദീകരണമുണ്ടായി. വിവാഹത്തിനായി അമേരിക്കയില്‍നിന്നും നാട്ടിലേക്ക് എത്തിയ കൊയിയുടെ പോണിടെയില്‍ മുടിയും ജപ്പാനീസ് സോഷ്യല്‍ മീഡിയ വിമര്‍ശനത്തിന് ഇരയാക്കിയിരുന്നു. ജപ്പാനീസ് ആചാരങ്ങള്‍ക്ക് വിരുദ്ധമാണ് ഇതെന്നായിരുന്നു ആരോപണം. 

2017-ലാണ് രാജകുമാരി കെയിയുമായുള്ള വിവാഹം നിശ്ചയിച്ചത്. ഇതും വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു. രാജകുമാരി പുറത്തുനിന്നും വിവാഹം കഴിക്കുന്നതിന് എതിരെ വലിയ വിമര്‍ശനങ്ങള്‍ ഉണ്ടായി. അടുത്ത വര്‍ഷം തന്നെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചുവെങ്കിലും പല തരം എതിര്‍പ്പുകളെ തുടര്‍ന്ന് വിവാഹം നീളുകയായിരുന്നു. വരന്റെ മാതാവിന് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടെന്ന മറ്റൊരാരോപണം ഇതിനിടയില്‍ പുറത്തുവന്നിരുന്നു. ഇതു പരിഹരിച്ചശേഷമാണ് വിവാഹം നടന്നത്. 

click me!