രാജ്യം വേണ്ട, രാജാവകാശവും; പ്രണയത്തിനായി എല്ലാം ഉപേക്ഷിച്ച് ഒരു രാജകുമാരി
ജപ്പാനില്‍ കഴിഞ്ഞ ദിവസം അസാധാരണമായ ഒരു വിവാഹം നടന്നു. ജപ്പാനീസ് രാജകുടുംബത്തിലെ അംഗമായ മാകോ രാജകുമാരിയുടെ വിവാഹം. പതിവില്‍നിന്നും വ്യത്യസ്തമായി രാജകുടുംബത്തിനു പുറത്തുള്ള ഒരാളെയാണ് രാജകുമാരി വിവാഹം ചെയ്തത്. ജപ്പാനീസ് രാജകുടുംബത്തിന്റെ വ്യവസ്ഥകള്‍ അനുസരിച്ച് ഇതോടെ രാജകുമാരി രാജകീയ പദവിയില്‍നിന്നും പുറത്തായി. വലിയ വിവാദങ്ങള്‍ക്കിടയിലാണ് രാജകുമാരി കോളജ് കാലത്തെ കൂട്ടുകാരനും കാമുകനുമായ കെയി കൊമുറോയെ വിവാഹം ചെയ്തത്.
ജപ്പാന്‍ രാജകുടുംബത്തിലെ ഇളമുറക്കാരിയായ മാകോ രാജകുമാരിയുടെ രാജപദവി നഷ്ടമായി. സാധാരണക്കാരനായ കാമുകെന വിവാഹം ചെയ്തതിനെ തുടര്‍ന്നാണ് ഇത്.
ജപ്പാനില്‍, രാജകുടുംബത്തിനു പുറത്തുള്ളവരെ വിവാഹം ചെയ്യുന്ന രാജകുമാരിമാര്‍ക്ക് രാജപദവി നഷ്ടമാവുമെന്നാണ് വ്യവസ്ഥ. എന്നാല്‍, ഈ നിയമം രാജകുടുംബത്തിലെ പുരുഷന്‍മാര്‍ക്ക് ബാധകമല്ല.
സാധാരണ കുടുംബത്തില്‍ പിറന്ന കെയി കൊമുറോയെയാണ് രാജകുമാരി വിവാഹം ചെയ്തത്. കോളജ് കാലം മുതലുള്ള പ്രണയബന്ധത്തിന്റെ തുടര്‍ച്ചയായിരുന്നു ഇത്.
രാജകുടുംബത്തിനകത്തു നിന്നും പുറത്തുനിന്നും വലിയ പ്രതിഷേധവും എതിര്‍പ്പും ഉണ്ടായതിനെ തുടര്‍ന്ന് നീട്ടിവെച്ചിരുന്ന വിവാഹമാണ്, ഇന്നലെ വിവാദങ്ങള്‍ക്കിടയില്‍ നടന്നത്.
രാജകീയ പദവി ഉപേക്ഷിച്ച് പുറത്തുള്ളവരെ വിവാഹം ചെയ്യുന്ന രാജകുമാരിമാര്‍ സാധാരണ രാജകീയ രീതിയിലാണ് വിവാഹം ചെയ്യാറുള്ളത്. ഇങ്ങനെ പുറത്തുപോവുന്നവര്‍ക്ക് പ്രത്യേക സാമ്പത്തിക ആനുകൂല്യങ്ങള്‍ കൊട്ടാരം അനുവദിക്കുന്നുണ്ട്.
എന്നാല്‍, ഇതു രണ്ടും ഒഴിവാക്കിയാണ് രാജകുമാരി വിവാഹിതയായത്. ജപ്പാനീസ് രാജകുടുംബത്തില്‍നിന്നും ഈ രണ്ട് കാര്യങ്ങളും ഉപേക്ഷിക്കുന്ന ആദ്യത്തെ ആളാണ് മോകോ രാജകുമാരി.
രാജകീയ വിവാഹ ആചാരങ്ങള്‍ വെടിഞ്ഞ് അവര്‍ കല്യാണം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. രാജകീയ പദവി നഷ്ടമാവുന്നവര്‍ക്ക് അനുവദിക്കുന്ന സാമ്പത്തിക ആനുകൂല്യങ്ങളും രാജകുമാരി സ്വീകരിച്ചില്ല.
വിവാഹശേഷം രാജകുമാരി അമേരിക്കയിലേക്ക് പോവും. അവിടെ അഭിഭാഷകനായി ജോലി ചെയ്യുകയാണ് വരന്‍ കെയി. ജപ്പാന്‍ വിട്ടു പോവുന്ന രാജകുമാരിയുടെ നടപടിയിലും പ്രതിഷേധമുയര്‍ന്നിരുന്നു.
അമേരിക്കയില്‍നിന്നും നാട്ടിലേക്ക് എത്തിയ കൊയിയുടെ പോണിടെയില്‍ മുടി ഈയടുത്ത് വിവാദമായിരുന്നു. ജപ്പാനീസ് ആചാരങ്ങള്‍ക്ക് വിരുദ്ധമാണ് ഇതെന്നാണ് ചില ടാബ്ലോയിഡുകളും സോഷ്യല്‍ മീഡിയയിലെ ചിലരും ആരോപിച്ചത്. ഇൗ സംഭവത്തില്‍ പ്രതിഷേധവും നടന്നിരുന്നു.
സാധാരണക്കാരനായ കെയിയുമായുള്ള പ്രണയബന്ധവും വിവാഹ താല്‍പ്പര്യവും പുറത്തുവന്നതിനെ തുടര്‍ന്ന് വ്യാപകമായ വിമര്‍ശനങ്ങള്‍ രാജകുമാരിക്ക് എതിരെ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന്, രാജകുമാരി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലും വിഷാദത്തിലുമായതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
2017-ലാണ് രാജകുമാരി കെയിയുമായുള്ള വിവാഹം നിശ്ചയിച്ചത്. ഇതും വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു. രാജകുമാരി പുറത്തുനിന്നും വിവാഹം കഴിക്കുന്നതിന് എതിരെ വലിയ വിമര്‍ശനങ്ങള്‍ ഉണ്ടായി.
അടുത്ത വര്‍ഷം തന്നെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചുവെങ്കിലും പല തരം എതിര്‍പ്പുകളെ തുടര്‍ന്ന് വിവാഹം നീളുകയായിരുന്നു. വരന്റെ മാതാവിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന മറ്റൊരാരോപണം ഇതിനിടയില്‍ പുറത്തുവന്നിരുന്നു. ഇതു പരിഹരിച്ചശേഷമാണ് ഇപ്പോള്‍ വിവാഹം നടന്നത്.
താന്‍ കാരണം ഉണ്ടായ ബുദ്ധിമുട്ടുകളില്‍ രാജകുമാരി ജനങ്ങളോട് ക്ഷമ ചോദിച്ചു. കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്തു.
ജപ്പാന്‍ രാജകുടുംബത്തിലെ ഇളമുറക്കാരിയായ മാകോ രാജകുമാരിയുടെ രാജപദവി നഷ്ടമായി. സാധാരണക്കാരനായ കാമുകെന വിവാഹം ചെയ്തതിനെ തുടര്‍ന്നാണ് ഇത്.
''എനിക്ക് കെയിയെ ഒരിക്കലും ഒഴിവാക്കാനാവില്ല. വിവാഹമല്ലാതെ മറ്റൊരു മാര്‍ഗം ഞങ്ങളുടെ മുന്നിലില്ല.'' എന്നും വിവാഹത്തിനു ശേഷം വിളിച്ചു ചേര്‍ത്ത പ്രത്യേക വാര്‍ത്താ സമ്മേളനത്തില്‍ രാജകുമാരി പറഞ്ഞു.
കൊട്ടാരത്തില്‍ നടന്ന ചടങ്ങുകളില്‍ പ്രിയപ്പെട്ടവരെ ആലിംഗനം ചെയ്തും രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കു മുന്നില്‍ തലകുനിച്ചു നിന്നുമാണ് തന്റെ രാജകീയ ജീവിതത്തില്‍നിന്നും രാജകുമാരി ഇറങ്ങിയത്.