പാന്‍റിന്‍റെ പോക്കറ്റിൽ മറന്ന് വച്ചത് 57 കോടിയുടെ ഭാഗ്യം; ലോട്ടറി അടിച്ചിട്ടും വിവരമറിഞ്ഞില്ല, ഒടുവിൽ സംഭവിച്ചത്!

Published : May 20, 2026, 11:52 AM IST
lottery

Synopsis

യുഎസ് സ്വദേശിക്ക് പഴയ പാന്‍റിന്‍റെ പോക്കറ്റിൽ നിന്ന് 57.11 കോടി രൂപയുടെ ലോട്ടറി ടിക്കറ്റ് ലഭിച്ചു. ഒരു വർഷം മുൻപെടുത്ത ടിക്കറ്റിന്‍റെ കാലാവധി തീരാൻ എട്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ്, അവകാശികളെ തേടിയുള്ള പരസ്യം കണ്ട് നടത്തിയ തിരച്ചിലിൽ അദ്ദേഹം ഭാഗ്യം കണ്ടെത്തിയത്.

 

അലമാരയിൽ കിടന്ന പഴയൊരു പാന്‍റിന്‍റെ പോക്കറ്റിൽ നിന്ന് കണ്ടെടുത്ത ലോട്ടറി ടിക്കറ്റിലൂടെ യുഎസ് സ്വദേശിക്ക് ലഭിച്ചത് 5.9 മില്യൺ ഡോളർ (ഏകദേശം 57.11 കോടി രൂപ). ടിക്കറ്റിന്‍റെ കാലാവധി അവസാനിക്കാൻ വെറും എട്ട് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഈ അത്ഭുത ഭാഗ്യം യുവാവിനെ തേടിയെത്തിയത്. 'പീപ്പിൾ മാഗസിൻ' ആണ് ഈ അപൂർവ വാർത്ത റിപ്പോർട്ട് ചെയ്തത്.

അവകാശികളെത്തിയില്ലെന്ന് പരസ്യം

അമേരിക്കയിലെ ന്യൂജേഴ്സിയിലുള്ള ഒരു പെട്രോൾ പമ്പിൽ നിന്നാണ് ഇയാൾ കഴിഞ്ഞ വർഷം മെയ് മാസത്തിൽ 'പിക്ക്-6' (Pick-6) എന്ന ലോട്ടറി ടിക്കറ്റ് എടുത്തത്. ടിക്കറ്റ് വാങ്ങിയ ഉടൻ തന്നെ പാന്‍റിന്‍റെ പോക്കറ്റിൽ ഇട്ടെങ്കിലും പിന്നീടത് എവിടെ വച്ചെന്ന് ഓർത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പിന്നീട് ഒരു വർഷത്തോളം ഇതിനെക്കുറിച്ച് ഇയാൾ മറന്ന് പോവുകയും ചെയ്തു. ഒടുവിൽ കഴിഞ്ഞ മാസം, ജാക്ക്പോട്ട് അടിച്ച ടിക്കറ്റിന്‍റെ അവകാശികൾ ആരും ഇതുവരെ എത്തിയിട്ടില്ലെന്നും കാലാവധി ഉടൻ അവസാനിക്കുമെന്നും ലോട്ടറി വകുപ്പ് അധികൃതർ പരസ്യം നൽകി. ഈ പരസ്യത്തിലൂടെ താൻ സ്ഥിരമായി പോകാറുള്ള പെട്രോൾ പമ്പിൽ നിന്നാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റുപോയതെന്ന് അദ്ദേഹം മനസിലാക്കി. അപ്പോഴാണ് താനും ഒരു ടിക്കറ്റ് അതേ പെട്രോൾ പമ്പിൽ നിന്നും എടുത്ത കാര്യം അയാൾ ഓർത്തത്.

 

 

പഴയൊരു പാന്‍റിന്‍റെ പോക്കറ്റിൽ

പിന്നാലെ പെട്രോൾ പമ്പിലെത്തി അവിടുത്തെ ജീവനക്കാരുമായി സംസാരിച്ചപ്പോൾ, വളരെ കുറച്ച് ഉപഭോക്താക്കൾ മാത്രമാണ് ഈ 'പിക്ക്-6' ലോട്ടറി എടുക്കാറുള്ളതെന്നും, അതിനാൽ വീട്ടിൽ പോയി സൂക്ഷ്മമായി പരിശോധിക്കാനും അവർ നിർദ്ദേശിച്ചു. വീട്ടിലെത്തിയ യുവാവ് മേശവലിപ്പുകളും ഷെൽഫുകളും സ്റ്റോറേജ് റൂമുകളുമെല്ലാം അരിച്ചുപെറുക്കി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഒടുവിൽ, അലമാരയിൽ കിടന്ന പഴയ വസ്ത്രങ്ങൾ പരിശോധിക്കുന്നതിനിടയിലാണ്, ഒരു പഴയ പാന്‍റിന്‍റെ പോക്കറ്റിൽ ചുരുട്ടി കൂടിയ നിലയിൽ സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് ഇയാളുടെ ശ്രദ്ധയിൽപ്പെട്ടത്.

ഒടുവിൽ, സമ്മാനം അക്കൗണ്ടിൽ

ടിക്കറ്റിലെ നമ്പറുകൾ ഒത്തുനോക്കിയപ്പോഴാണ് 5.9 മില്യൺ ഡോളറിന്‍റെ ബമ്പർ സമ്മാനം അടിച്ച ടിക്കറ്റാണ് തന്‍റെ കൈയ്യിലിരിക്കുന്നതെന്ന് ഇയാൾ മനസിലാക്കി. ഒട്ടും സമയം കളയാതെ ഇയാൾ ലോട്ടറി ആസ്ഥാനത്തെത്തി സമ്മാനത്തുക കൈപ്പറ്റുകയായിരുന്നു. ലോട്ടറിയുടെ കാലാവധി തീരാൻ വെറും എട്ട് ദിവസങ്ങൾ മാത്രമായിരുന്നു അപ്പോൾ ബാക്കിയുണ്ടായിരുന്നത്. പലപ്പോഴും ആളുകൾ ലോട്ടറി ടിക്കറ്റുകൾ വാങ്ങി എവിടെയെങ്കിലും വെച്ച് മറന്നുപോകുന്നതുകൊണ്ട് വൻ തുകകളുടെ സമ്മാനങ്ങൾ അവകാശികളില്ലാതെ പോകാറുണ്ടെന്നും, അതിനാൽ പഴയ ടിക്കറ്റുകൾ കൃത്യമായി പരിശോധിക്കാൻ മടിക്കരുതെന്നും ലോട്ടറി അധികൃതർ ഇതിന് പിന്നാലെ ജനങ്ങളോട് അഭ്യർത്ഥിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

കറിക്ക് നിറവ്യത്യാസം, രുചിച്ചപ്പോൾ നാവ് മരവിച്ചു, വിഷം ചേർത്ത സഹപ്രവർത്തകയ്‍ക്കെതിരെ കേസ്
യുവതിയെ പിന്തുടർന്ന് ശല്ല്യം ചെയ്തു, ഭീഷണിപ്പെടുത്തി, ഇന്ത്യൻ വംശജനായ സര്‍ക്കാരുദ്യോഗസ്ഥന്‍റെ ജാമ്യാപേക്ഷ തള്ളി