
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നും ഇതുവരെ കണ്ടെത്തിയ ഏറ്റവും പഴക്കമുള്ള ഫോസില്‍ 'വാസുകി ഇൻഡിക്കസ്' (Vasuki Indicus) എന്ന് വിളിക്കൂന്ന കൂറ്റന്‍ പാമ്പിന്‍റെ ഫോസിലായിരുന്നു. പടിഞ്ഞാറൻ ഇന്ത്യയില്‍ സജീവമായിരുന്ന ചതുപ്പ് നിറഞ്ഞ നിത്യഹരിത വനങ്ങളിൽ 4.7 കോടി വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഒരു കൂറ്റന്‍ അനാക്കോണ്ടയാണ് വാസുകി ഇന്‍ഡിക്കസ്. ലഭിച്ച ഫോസിലുകൾ പ്രകാരം വാസുകിക്ക് 36 അടി (11 മീറ്റർ) മുതൽ 50 അടി (15 മീറ്റർ) വരെ നീളമുണ്ടായിരുന്നതായി കണക്കാക്കുന്നു. എന്നാല്‍, വാസുകി ഇന്‍ഡിക്കസിനെ പിന്തള്ളി പുതിയൊരു ജീവിയുടെ ഫോസില്‍ രാജസ്ഥാനില്‍ നിന്നും കണ്ടെത്തിയിരിക്കുന്നു. പഴക്കം 20 കോടി വര്‍ഷം!
രാജസ്ഥാനിലെ ജയ്‌സാൽമീർ ജില്ലയിലെ മേഘ ഗ്രാമത്തില്‍ നിന്നാണ് ഈ ഫോസില്‍ കണ്ടെത്തിയിരിക്കുന്നത്. മുതലയുടേത് പോലുള്ള ഒരു ജീവിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് കഴിഞ്ഞ ആഴ്ച ചില ഗ്രാമീണരാണ് ആദ്യമായി വിവരം പറഞ്ഞത്. തുടർന്ന് പാലിയന്‍റോളജിസ്റ്റുകൾ അടക്കമുള്ള ഗവേഷക സംഘം ഈ ഫോസില്‍ പരിശോധിച്ചു. ജുറാസിക് കാലഘട്ടത്തിലെ അപൂർവ മുതലയുടെ ഫോസിലാണിതെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. 'ഫൈറ്റോസോർ' (Phytosaur) എന്നറിയപ്പെടുന്ന ഈ ഫോസിലിന് 1.5 മുതൽ രണ്ട് മീറ്റർ വരെ നീളമുണ്ടെന്നും 200 ദശലക്ഷം വർഷത്തിലേറെ പഴക്കമുണ്ടാകുമെന്നും ഗവേഷകർ കൂട്ടിച്ചേര്‍ത്തു.
പരിണാമ ചരിത്രത്തെക്കുറിച്ച് സുപ്രധാനവും കൗതുകകരവുമായ വിവരങ്ങൾ നൽകാൻ കഴിയുന്ന മറഞ്ഞിരിക്കുന്ന നിരവധി ഫോസിലുകൾ ഈ പ്രദേശങ്ങളില്‍ ഉണ്ടെന്ന് ഫോസില്‍ പരിശോധിച്ച സംസ്ഥാന ജലവകുപ്പിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. നാരായൺദാസ് ഇങ്കിയ പറഞ്ഞു. ഫോസിൽ ടൂറിസത്തിന് ഒരു പ്രധാന സ്ഥലമായി പ്രദേശം തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫൈറ്റോസോർ ജലത്തിലും കരയിലും ഒരു പോലെ ജീവിച്ച ഒരു ഉഭയജീവിയായിരുന്നെന്ന് ഭൗമശാസ്ത്രജ്ഞനായ സി പി രാജേന്ദ്രൻ പറഞ്ഞു. ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ നിന്ന് ഇതുവരെ ഫൈറ്റോസോറിന്‍റെ കുറച്ച് ഭാഗങ്ങൾ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. അതുകൊണ്ട് ഇപ്പോൾ ലഭിച്ച ഫോസില്‍ ഒരുപക്ഷേ അപൂർവ ഫോസിൽ മാതൃകയായിരിക്കാമെന്നും കാലക്രമേണ ഈ ജീവിവര്‍ഗമാണ് ഇന്ന് കാണുന്ന മുതലകളായി പരിണമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ആഴ്ച ഗ്രാമത്തില്‍ ഒരു തടാകത്തിനായി കുഴിയെടുക്കുന്നതിനിടെ ചില ഗ്രാമീണരാണ് ഫോസില്‍ ആദ്യമായി കണ്ടെത്തിയതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് പരിശോധന നടത്തിയ ഗവേഷകര്‍ മുട്ടയ്ക്ക് സമാനമായ ഒന്ന് കണ്ടെത്തിയിരുന്നു. ഇത് ഫൈറ്റോസോറിന്‍റെ മുട്ടയാകാമെന്നാണ് ഗവേഷകരുടെ നിഗമനം. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഇവിടുത്തെ നദിക്കരയിൽ ജീവിച്ചിരുന്നതും അതിജീവിക്കാൻ മത്സ്യം കഴിച്ചതുമായ ഒരു ഇടത്തരം വലിപ്പമുള്ള ഫൈറ്റോസോറിന്‍റെ ഫോസിലാണ് അതെന്നാണ് സൂചനകളെന്ന് ഗവേഷണത്തിന് നേതൃത്വം നൽകുന്ന മുതിർന്ന പാലിയന്‍റോളജിസ്റ്റ് വി.എസ്. പരിഹാർ പറഞ്ഞു.
2018-ൽ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞർ ഇവിടെ വച്ച് കണ്ടെത്തിയതിൽ ഏറ്റവും പഴക്കം ചെന്ന സസ്യഭുക്കായ ദിനോസറിന്‍റെ ഫോസിലുകൾ കണ്ടെത്തിയിരുന്നു. 2023-ൽ, ജയ്‌സാൽമീറിൽ നിന്ന് ഒരു ദിനോസറിന്‍റെതെന്ന് കരുതുന്ന ഒരു ഫോസിലൈസ് ചെയ്ത മുട്ട ഡോ. നാരായൺദാസ് ഇങ്കിയ കണ്ടെത്തിയിരുന്നു. രാജസ്ഥാനിലെ ഈ പ്രദേശം ഒരുകാലത്ത് ഒരു വശത്ത് നദിയുടെ മറുവശത്ത് കടലും ഉണ്ടായിരുന്ന പ്രദേശമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.