വൈറലായി 25 ലക്ഷം രൂപ ശമ്പളമുള്ള ജോലി. അതിനൊപ്പം കമ്പനി ഓഹരികൾ, പെർഫോമൻസ് അനുസരിച്ച് ഇൻസെന്റീവുകൾ, ജോയിനിംഗ് ബോണസ്, റീലൊക്കേഷൻ ബോണസ് എന്നിവയും ഈ ഓഫറിൽ ഉൾപ്പെടുന്നു. ഇവയെല്ലാം ചേർക്കുമ്പോൾ ആദ്യ വർഷത്തെ ആകെ പാക്കേജ് ഏകദേശം 35 ലക്ഷം രൂപയോളം വരും.

സ്ഥിരതയുള്ളതും മികച്ച ശമ്പളമുള്ളതുമായ ഒരു ജോലി കണ്ടെത്തുക എന്നത് ഇന്നത്തെ കാലത്ത് കടുത്ത വെല്ലുവിളിയായി മാറിയിരിക്കുകയാണ്. തൊഴിൽ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ, ഉദ്യോഗാർത്ഥികളെ അമ്പരപ്പിക്കുന്ന ഒരു തൊഴിൽ പരസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ട ഒരു സ്ക്രീൻഷോട്ട് പ്രകാരം, പുതുതായി ബിരുദം കഴിഞ്ഞിറങ്ങിയവർക്ക് സ്വപ്നം കാണാൻ മാത്രം കഴിയുന്ന പ്രതിഫലമാണ് ഒരു സോഫ്റ്റ്‌വെയർ ഡെവലപ്പർ തസ്തികയ്ക്കായി വാഗ്ദാനം ചെയ്യുന്നത്. ബെംഗളൂരുവിലെ ഒരു എസ്‌ഡിഇ 1 തസ്തികയിലേക്ക് പ്രതിവർഷം 25 ലക്ഷം രൂപ എന്ന അമ്പരപ്പിക്കുന്ന ശമ്പളമാണ് ഈ പോസ്റ്റിൽ എടുത്തുപറയുന്നത്. അത് മാത്രമല്ല, കമ്പനി ഓഹരികൾ, പെർഫോമൻസ് അനുസരിച്ച് ഇൻസെന്റീവുകൾ, ജോയിനിംഗ് ബോണസ്, റീലൊക്കേഷൻ ബോണസ് എന്നിവയും ഈ ഓഫറിൽ ഉൾപ്പെടുന്നു. ഇവയെല്ലാം ചേർക്കുമ്പോൾ ആദ്യ വർഷത്തെ ആകെ പാക്കേജ് ഏകദേശം 35 ലക്ഷം രൂപയോളം വരും.

ശമ്പളത്തിന് പുറമെയുള്ള അധിക ആനുകൂല്യങ്ങൾ കണ്ട് ആളുകൾ കൂടുതൽ അമ്പരന്നു. ജിം അംഗത്വം, സൗജന്യ ഫോൺ-ഇന്റർനെറ്റ്, വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങൾക്കായി അലവൻസ്, ഓരോ മൂന്ന് വർഷത്തിലും പുതിയ ഫോൺ, കൂടാതെ ദിവസേനയുള്ള ഫുഡ് ക്രെഡിറ്റ്സ് എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

Scroll to load tweet…

ഈ പോസ്റ്റ് പങ്കുവച്ചതിലൂടെ, ഐടി തൊഴിൽ വിപണിയിലെ വളരെ പ്രകടമായ ചില പ്രശ്നങ്ങളും യൂസർ ചൂണ്ടികാട്ടി. പല കമ്പനികളും ജീവനക്കാരെ പിരിച്ചുവിട്ടു കൊണ്ടിരിക്കുമ്പോൾ, മറ്റു ചില കമ്പനികൾ യാതൊരു പ്രായോഗിക പരിചയവുമില്ലാത്ത തുടക്കക്കാർക്ക് അവിശ്വസനീയമായ ശമ്പളം വാഗ്ദാനം ചെയ്യുന്നത് ആശയകുഴപ്പമുണ്ടാക്കുന്നതാണെന്നാണ് പോസ്റ്റിൽ പറയുന്നത്. ഇതേ സ്ഥാപനങ്ങളിൽ വർഷങ്ങളായി ജോലി ചെയ്യുന്ന പരിചയസമ്പന്നരായ ജീവനക്കാർക്ക് ഇതിലും വളരെ കുറഞ്ഞ ശമ്പളം മാത്രമാണ് ലഭിക്കുന്നതെങ്കിൽ ഇത് അനീതിയാണെന്നും പോസ്റ്റിൽ ചൂണ്ടികാട്ടുന്നു.

ഒരു കമ്പനിയോടും അമിതമായ വിശ്വസ്തത കാണിക്കാൻ നിൽക്കരുത്. എവിടെയാണോ നിങ്ങൾക്ക് കൂടുതൽ അംഗീകാരവും മൂല്യവും ലഭിക്കുന്നത് അവിടേക്ക് മാറുക, എന്നായിരുന്നു പോസ്റ്റ് വൈറലായതോടെ നെറ്റിസൺസ് അഭിപ്രായപ്പെട്ടത്.