വാട്ട്സാപ്പ് ചാറ്റിൽ ജീവനക്കാരനെ പിരിച്ചുവിട്ട് സ്റ്റാർട്ടപ്പ് സ്ഥാപകൻ, ഇത് അഹങ്കാരമെന്ന് നെറ്റിസൺസ്

Published : Apr 10, 2026, 11:09 AM IST
whatsapp chat screenshot

Synopsis

ഗുഡ്‍ഗാവിലെ സ്റ്റാർട്ടപ്പ് സ്ഥാപകനായ നിഖിൽ റാണ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇവന്‍റില്‍ പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ച ജീവനക്കാരനെ വാട്ട്സാപ്പ് ചാറ്റിലൂടെ പിരിച്ചുവിട്ടതിനെ കുറിച്ചാണ് റാണ എഴുതുന്നത്. 

ഗുഡ്ഗാവിലെ ഒരു സ്റ്റാർട്ടപ്പ് സ്ഥാപകൻ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. നോട്ടീസ് പീരിയഡുകളൊക്കെ വെറും പ്രഹസനമാണെന്നും സ്റ്റാർട്ടപ്പുകൾക്ക് വേണ്ടത് ഉത്തരവാദിത്തബോധമുള്ള ആളുകളെയാണെന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. 'ദി 15' എന്ന സ്ഥാപനത്തിന്റെ സ്ഥാപകനായ നിഖിൽ റാണയാണ് ലിങ്ക്ഡ്ഇന്നിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഒരു ഇവന്റിന് വരാൻ കഴിയില്ലെന്ന് അറിയിച്ച ജീവനക്കാരനെ അപ്പോൾ തന്നെ പിരിച്ചുവിടുന്ന വാട്സാപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ടും പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്.

ഇന്ന് നടക്കാനിരിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ തനിക്ക് കഴിയില്ല. പകരം റിമോട്ടായി ജോലിയിൽ സഹായിക്കാമെന്നും പറഞ്ഞാണ് ജീവനക്കാരൻ നിഖിൽ റാണയ്ക്ക് മെസ്സേജ് അയച്ചത്. എന്നാൽ ഇതിന് മറുപടിയായി 'നീ ഇനി പുറത്താണ്. ഇന്ന് നിന്റെ അവസാന പ്രവൃത്തിദിവസമായി കണക്കാക്കാം' എന്നാണ് നിഖിൽ റാണ മറുപടി അയച്ചത്.

സ്റ്റാർട്ടപ്പുകൾക്ക് വേണ്ടത് സാഹചര്യങ്ങൾ നോക്കാതെ കാര്യങ്ങൾ ഭംഗിയായി നടത്തിക്കൊണ്ടുപോകുന്ന ആളുകളെയാണെന്നാണ് പിരിച്ചുവിട്ടതിന് റാണ പറയുന്ന വാദം. നിലവിൽ കഴിവുകൾക്ക് വലിയ വിലയില്ല, അവ എവിടെയും ലഭ്യമാണ്. ഉടമയ്ക്ക് വിശ്വസിക്കാനാവുന്ന, സ്വന്തം നിലയിൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നവരാണ് ഇന്നത്തെ കാലത്ത് വേണ്ടതെന്നും നിഖിൽ പറയുന്നു. 'നോട്ടീസ് പീരിയഡ് എന്നത് വെറും സമയം കളയലാണ്' എന്നും പോസ്റ്റിൽ കുറിച്ചിരിക്കുന്നതായി കാണാം.

പോസ്റ്റ് വൈറലായതോടെ രൂക്ഷമായ വിമർശനമാണ് നിഖിൽ റാണയ്ക്കെതിരെ ഉയരുന്നത്. ഇത് ടോക്സിക്കാണ് എന്നും റാണയുടേത് അഹങ്കാരമാണെന്നും പലരും അഭിപ്രായപ്പെട്ടു. കഴിവുകൾക്ക് വിലയില്ലെങ്കിൽ 24 മണിക്കൂറും ഉടമ പറയുന്നതെന്തും കേട്ട് നിൽക്കുന്ന യന്ത്രങ്ങളെയാണോ നിങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് പലരും ചോദിച്ചു. മാത്രമല്ല, ഒരു ജീവനക്കാരനെ സംബന്ധിച്ച് ഇത്തരത്തിൽ ഒരു തീരുമാനം എടുക്കുമ്പോൾ അതിൽ ജീവനക്കാരനും അതുപോലെ പങ്കാളിയായിരിക്കണം അല്ലാതെ ഉടമ തനിയെ തോന്നുന്നത് പോലെ തീരുമാനിക്കുന്നത് ശരിയല്ല എന്നും ആളുകൾ അഭിപ്രായപ്പെട്ടു. ഇങ്ങനെയാണെങ്കിൽ മിടുക്കരായ ഉദ്യോ​ഗാർത്ഥികൾ ഇത്തരം സ്റ്റാർട്ടപ്പുകളിൽ നിന്നും അകന്ന് നിൽക്കുമെന്നും അഭിപ്രായമുയർന്നു.

 

PREV
Read more Articles on
click me!

Recommended Stories

ഇറാൻ യുദ്ധം; ട്രംപ്, ഇറാനിലേക്ക് കരസേനയെ അയക്കുമെന്ന പ്രവചനവുമായി 'ചൈനയുടെ നോസ്ട്രഡാമസ്' ജിയാങ് ഷുക്കിൻ
യുഎസ് സൈന്യം 'അടുത്ത അധിനിവേശത്തിന്' തയ്യാറായി ഇറാന് സമീപം തുടരുമെന്ന് ട്രംപ്, വെടിനിർത്തലിൽ 'അവിശ്വാസ'ത്തോടെ ഇറാൻ