
വന്ദേ ഭാരതിൽ ലഭിക്കുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തെ കുറിച്ചുള്ള പരാതികൾ ദിനംപ്രതി ഉയരുകയാണ്. ഇത്തവണ ഒരു ട്രെയിനിലെ ഒരു കോച്ചിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്നും രണ്ട് യാത്രക്കാർക്ക് പാറ്റകളെ ലഭിച്ചെന്നാണ് പരാതി. പിന്നാലെ ആ കോച്ചിലെ ആളുകളെല്ലാം ഭക്ഷണം കഴിക്കുന്നത് നിർത്തിയെന്നും സമൂഹ മാധ്യമത്തിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോയിലും കുറിപ്പിലും പറയുന്നു. സമൂഹ മാധ്യമത്തിലെ കുറിപ്പ് വൈറലായതോടെ കരാറുകാരന് 10 ലക്ഷം രൂപ പിഴയിട്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
ഏപ്രിൽ 6 -ാം തിയതി. അതായത് കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അഹമ്മദാബാദിൽ നിന്നും മുംബൈയ്ക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസിലെ യാത്രക്കാരനായിരുന്ന മുംബൈ സ്വദേശിയും വ്യവസായിയുമായ ആദിത്യ ദിദ്വാനിയയാണ് തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് എക്സിൽ കുറിപ്പെഴുതിയത്. അദ്ദേഹം തനിക്ക് വന്ദേ ഭാരതിൽ ലഭിച്ച ഭക്ഷണത്തിൽ നിന്നും ചത്ത പാറ്റയെ എടുത്ത് കളയുന്ന വീഡിയോയും ചിത്രങ്ങളും പങ്കുവച്ചു. 'ഈ കോച്ചിൽ കുറഞ്ഞത് രണ്ട് പേർക്കെങ്കിലും സമാന അനുഭവമുണ്ടായി. പിന്നാലെ എല്ലാവരും ഭക്ഷണം കഴിക്കുന്നത് നിർത്തി' അദ്ദേഹം വീഡിയോ പങ്കുവച്ച് കൊണ്ട് എഴുതി. ആർ കെ ഗ്രൂപ്പിന്‍റെ ഭാഗമായ എം/എസ് ബ്രിന്ദാവൻ ഫുഡ് പ്രോഡക്റ്റാണ് ഭക്ഷണ വിതരണക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീഡിയോയും കുറിപ്പും വൈറലായതിന് പിന്നാലെ ഇന്ത്യൻ റെയിൽവേയിൽ, പ്രത്യേകിച്ചും വന്ദേ ഭാരതിൽ യാത്രക്കാർക്ക് വിളമ്പുന്ന ഭക്ഷണത്തിന്‍റെ ഗുണമേന്മയെ കുറിച്ച് സമൂഹ മാധ്യമ ഉപയോക്താക്കൾ അസ്വസ്ഥരായി. വന്ദേ ഭാരതിൽ ഭക്ഷണം വിളമ്പുന്ന കാരാറുകാരനെതിരെ ശക്തമായ നടപടി വേണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ടാഗ് ചെയ്തു കൊണ്ട് ആദിത്യ ആവശ്യപ്പെട്ടു. FSSAI -യുടെ മാർഗ നിർദ്ദേശങ്ങൾക്ക് അനുസരിച്ചല്ല ഭക്ഷണം പാചകം ചെയ്യുന്നതെന്നും കുറ്റം തെളിഞ്ഞാൽ കരാറുകാരന്‍റെ ലൈസന്‍സ് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹ മാധ്യത്തിൽ കുറിപ്പിന് മറുപടിയുമായി എത്തിയ ഐആർസിടിസി, അത്തരമൊരു അനുഭവം നേരിടേണ്ടിവന്നതിന് ആദിത്യയോട് ക്ഷമ ചോദിച്ചു. ഒപ്പം ഭക്ഷണ വിതരണം നടത്തിയ കാരാറുകാരനെതിരെ നടപടി എടുത്തെന്നും അറിയിച്ചു. കാരാറുകാരനിൽ നിന്നും 10 ലക്ഷം നഷ്ടപരിഹാരം വിധിച്ചെന്നും അയാളുടെ കോണ്‍ട്രാക്റ്റ് റദ്ദാക്കിയെന്നും കുറിപ്പിൽ അറിയിച്ചു. ഒപ്പം യാത്രക്കാരുടെ സുരക്ഷയിലും ശുചിത്വത്തിലും വിട്ടുവീഴ്ചയില്ലെന്നും കൂട്ടിച്ചേർത്തു. അതേസമയം ചില സമൂഹ മാധ്യമ ഉപയോക്താക്കൾ കാരാറികാരിനിൽ നിന്നും 10 ലക്ഷം രൂപ പിഴയിട്ട റെയിവേ, ആ ട്രെയിൻ കമ്പാർട്ട്മെന്‍റിലെ എല്ലാ യാത്രക്കാർക്കും നഷ്ടപരിഹാരം നൽകാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.