കാളപ്പോരിനിടെ നാലുമരണം, മുന്നൂറിലധികം പേർക്ക് പരിക്കും

Published : Jun 28, 2022, 01:26 PM IST
കാളപ്പോരിനിടെ നാലുമരണം, മുന്നൂറിലധികം പേർക്ക് പരിക്കും

Synopsis

മരിച്ചവരിൽ രണ്ട് സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയും ഉൾപ്പെടുന്നുവെന്ന് ടോളിമ ഗവർണർ ജോസ് റിക്കാർഡോ ഒറോസ്കോ പറഞ്ഞു. 

കാളപ്പോരിനിടെ സ്റ്റാൻഡ് തകർന്നു വീണ് നാലുപേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കുമേറ്റു. കൊളംബിയയിലാണ് സ്റ്റാൻഡ് തകർന്നു വീണ് മുന്നൂറിലധികം പേർക്ക് പരിക്കേറ്റിരിക്കുന്നത്. ടോളിമ ഡിപ്പാർട്ട്‌മെന്റിലെ എൽ എസ്പിനലിലെ ഒരു സ്റ്റേഡിയത്തിലാണ് കാണികളാൽ നിറഞ്ഞിരിക്കുന്ന മൂന്ന് നിലകളുള്ള തടി സ്റ്റാൻഡ് പെട്ടെന്ന് നിലംപതിച്ചത്. 

ആളുകൾ അവിടെനിന്നും ഓടിപ്പോകാൻ ശ്രമിച്ചു. അതിനിടയിൽ ഒരു കാള വളയത്തിൽ തന്നെ കിടന്ന് ഓടുകയായിരുന്നു. പരമ്പരാഗതമായി നടക്കുന്ന കൊറലേജ എന്ന പരിപാടിയിൽ പൊതുജനങ്ങളും പങ്കെടുക്കാറുണ്ട്. മരിച്ചവരിൽ രണ്ട് സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയും ഉൾപ്പെടുന്നുവെന്ന് ടോളിമ ഗവർണർ ജോസ് റിക്കാർഡോ ഒറോസ്കോ പറഞ്ഞു. 322 പേരെ ആശുപത്രികൾ ചികിത്സിച്ചിട്ടുണ്ടെന്നും അവരിൽ നാല് പേർ തീവ്രപരിചരണ വിഭാഗത്തിലാണെന്നും മേഖലയിലെ ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രശസ്തമായ സാൻ പെഡ്രോ ഫെസ്റ്റിവലിന്റെ ആഘോഷങ്ങളുടെ ഭാഗമായിരുന്നു ഞായറാഴ്ചത്തെ പരിപാടി. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഇവാൻ ഡ്യൂക്ക് അന്വേഷണം ഉണ്ടാകുമെന്ന് പറഞ്ഞു. അതേസമയം നിയുക്ത പ്രസിഡന്റ് ഗുസ്താവോ പെട്രോ അത്തരം പരിപാടികൾ നിരോധിക്കാൻ പ്രാദേശിക ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചു. 

ആളുകളുടെയോ മൃ​ഗങ്ങളുടെയോ ജീവനെ ബാധിക്കുന്ന അത്തരം പരിപാടികൾ അനുവദിക്കരുത് എന്ന് താൻ മേയറോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ഇത് ആദ്യമായിട്ടല്ല അത്തരത്തിൽ ഒരു അപകടം നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച എൽ എസ്പിനാലിൽ കാളപ്പോരിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഈ മാസമാദ്യം റിപെലോൺ പട്ടണത്തിൽ ഇതേ പരിപാടിക്കിടെ കാളയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. 

കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയിലെ നഗരത്തിന്റെ മേയറായിരിക്കെ അവിടുത്തെ പ്രധാന കാളപ്പോര് നിയുക്ത പ്രസിഡണ്ട് പെട്രോ നിരോധിച്ചിരുന്നു.

PREV
click me!

Recommended Stories

നാലാമതും ഗർഭിണിയായ ഭാര്യയോട് ബിസിനസ് ടൂറെന്ന് പറഞ്ഞു, വെള്ളപ്പൊക്കത്തിൽപ്പെട്ടു; അന്വേഷിച്ചപ്പോൾ കാമുകിയുടെ കൂടെ ഹോട്ടലിൽ
'വെറുപ്പ് സഹായിക്കില്ല'; സ്വന്തം രാജ്യത്തെ കുറിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിക്കരുതെന്ന് ഇന്ത്യക്കാരോട് ഫ്രഞ്ച് യുവതിയുടെ ഉപദേശം