അബദ്ധത്തിൽ തൊഴിലാളിയുടെ അക്കൗണ്ടിലേക്ക് വന്നത് ശമ്പളത്തിന്റെ 286 ഇരട്ടിയിലധികം രൂപ, രാജിവച്ച് മുങ്ങി

By Web TeamFirst Published Jun 28, 2022, 12:42 PM IST
Highlights

എന്നാൽ അയാൾ പണം തിരികെ അടച്ചില്ല. പണം അക്കൗണ്ടിൽ എത്തിയില്ലെന്ന് സിയാലിന്റെ സാമ്പത്തിക വിഭാഗം കണ്ടെത്തിയതിനെത്തുടർന്ന്, അവർ വീണ്ടും തൊഴിലാളിയെ ബന്ധപ്പെടാൻ ശ്രമിച്ചു. വിളിക്കുമ്പോൾ റിങ് പോകുന്നുണ്ടെങ്കിലും, ഉത്തരം ലഭിച്ചില്ല.

കഴിഞ്ഞ മാസം അബദ്ധത്തിൽ ഒരു ചിലിക്കാരന്റെ സാലറി അക്കൗണ്ടിൽ വന്ന് വീണത് ശമ്പളത്തിന്റെ 286 ഇരട്ടിയിലധികം രൂപ. കമ്പനി അധികമായി ട്രാൻസ്ഫർ ചെയ്ത തുക തിരികെ നൽകാമെന്ന് തൊഴിലാളി വാഗ്ദാനം ചെയ്തുവെങ്കിലും, സമയമായപ്പോൾ അയാളുടെ പൊടി പോലുമില്ല കണ്ടുപിടിക്കാൻ. ഒരു രാജിക്കത്തും നൽകി, അയാൾ ആ പണവും കൊണ്ട് അപ്രത്യക്ഷമായി. കമ്പനി ഇപ്പോൾ അയാളെ കണ്ടെത്താൻ സാധിക്കാതെ വെള്ളം കുടിച്ച് കൊണ്ടിരിക്കയാണ്.

ചിലിയിലെ കൺസോർസിയോ ഇൻഡസ്ട്രിയൽ ഡി അലിമെന്റോസ് (സിയാൽ) എന്ന കമ്പനിയ്ക്കാണ് ഈ അബദ്ധം പറ്റിയത്. അവർ കഴിഞ്ഞ മാസം ഒരു ജീവനക്കാരന്റെ അകൗണ്ടിലേയ്ക്ക് ഒരു കോടി 41 ലക്ഷം രൂപ തെറ്റി അയച്ചു. അബദ്ധം പറ്റിയതാണെന്നും, അധികമായി വന്ന് ചേർന്ന പണം തിരികെ നല്കണമെന്നും കമ്പനി ആവശ്യപ്പെട്ടു. എന്നാൽ ആ വ്യക്തി പണം തിരികെ നൽകിയില്ല. എന്ന് മാത്രവുമല്ല, തന്റെ ജോലി രാജിവെക്കുകയും, ആരോടും ഒന്നും പറയാതെ രായ്ക്കുരാമാനം അവിടെ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്‌തു. കമ്പനിയാകട്ടെ അയാളെ കണ്ടെത്താൻ കഴിയാതായതോടെ ആകെ കുഴപ്പത്തിലായി.  

കഴിഞ്ഞ മെയ് മുപ്പത്തിനാണ് സംഭവം ഉണ്ടായത്. സിയാലിലെ ഒരു ഓഫീസ് അസിസ്റ്റന്റ് തന്റെ അക്കൗണ്ടിൽ ഭീമമായ തുക വന്നത് എങ്ങനെയാണ് എന്നറിയാൻ കമ്പനിയുടെ ഒരു ഡെപ്യൂട്ടി മാനേജരെ സമീപിച്ചു. അക്കൗണ്ട് പരിശോധിച്ച ശേഷം, ദശലക്ഷക്കണക്കിന് പെസോ ശമ്പള ഇനത്തിൽ ജീവനക്കാരന് അധികമായി നൽകിയതായി മാനേജർ മനസിലാക്കി. രേഖകൾ പരിശോധിച്ചപ്പോൾ, അയാളുടെ മാസശമ്പളത്തിന്റെ ഏകദേശം 286 ഇരട്ടിയായിരുന്നു ജീവനക്കാരന് അബദ്ധത്തിൽ നൽകിയിട്ടുള്ളതെന്ന് സിയാൽ മാനേജ്മെന്റ് തിരിച്ചറിഞ്ഞു. അധികമായി നൽകിയ പണം തിരികെ നൽകേണ്ടതുണ്ടെന്ന് അയാളെ കമ്പനി അറിയിക്കുകയും ചെയ്തു. അടുത്ത ദിവസം നേരത്തെ തന്നെ ബാങ്കിൽ പോയി തൊഴിലുടമയ്ക്ക് പണം തിരികെ നൽകാമെന്ന് ജീവനക്കാരൻ സമ്മതിച്ചു.

എന്നാൽ അയാൾ പണം തിരികെ അടച്ചില്ല. പണം അക്കൗണ്ടിൽ എത്തിയില്ലെന്ന് സിയാലിന്റെ സാമ്പത്തിക വിഭാഗം കണ്ടെത്തിയതിനെത്തുടർന്ന്, അവർ വീണ്ടും തൊഴിലാളിയെ ബന്ധപ്പെടാൻ ശ്രമിച്ചു. വിളിക്കുമ്പോൾ റിങ് പോകുന്നുണ്ടെങ്കിലും, ഉത്തരം ലഭിച്ചില്ല. കുറച്ച് കഴിഞ്ഞ്, അയാൾ മാനേജരെ തിരിച്ച് വിളിച്ചു. താൻ ഉറങ്ങി പോയതാണെന്നും, ഉടൻ ബാങ്കിൽ പോയി പണമടക്കാമെന്നും ഫോണിലൂടെ തൊഴിലാളി ഉറപ്പ് നൽകി. എന്നാൽ അയാൾ ബാങ്കിൽ പോയില്ല. 

പകരം ജൂൺ 2 -ന് ഒരു നിയമ സ്ഥാപനം മുഖേന അയാൾ രാജിക്കത്ത് കൈമാറുകയായിരുന്നു. അയാളെ കുറിച്ച് പിന്നീട് യാതൊരു വിവരവുമില്ല. നിയമത്തിന്റെ വഴിയെ പോകാനാണ് കമ്പനി ഇപ്പോൾ ആലോചിക്കുന്നത്. നിയമനടപടി സ്വീകരിച്ച് തൊഴിലാളിയുടെ കൈവശമുള്ള അധിക തുക വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

click me!