മൂന്ന് കിലോമീറ്റർ നടന്ന് 78 -ാം വയസിൽ സ്കൂളിലേക്ക്; പഠനം പൂർത്തിയാക്കാൻ പ്രായമൊരു തടസമല്ലെന്ന് മിസോറാംകാരൻ

Published : Aug 04, 2023, 05:00 PM IST
മൂന്ന് കിലോമീറ്റർ നടന്ന് 78 -ാം വയസിൽ സ്കൂളിലേക്ക്; പഠനം പൂർത്തിയാക്കാൻ പ്രായമൊരു തടസമല്ലെന്ന് മിസോറാംകാരൻ

Synopsis

ഈ വർഷം ഏപ്രിലിൽ ലാൽറിംഗ്താര രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ ഹൈസ്കൂളിൽ പ്രവേശനം നേടാനായി എത്തി. ആദ്യം സ്കൂൾ അധികൃതർ അമ്പരന്ന് പോയെങ്കിലും അദ്ദേഹത്തിന് അവിടെ പ്രവേശനം നൽകി. ഒപ്പം തന്നെ യൂണിഫോമും ആവശ്യത്തിനുള്ള പുസ്തകങ്ങളും നൽകി. 

പഠിക്കുന്നതിന് ഒരു പ്രത്യേക പ്രായപരിധി ഉണ്ടോ? ഹേയ് അങ്ങനെ ഒന്നും ഇല്ല അല്ലേ? മരണം വരെ നമ്മൾ എന്തെങ്കിലും ഒക്കെ പുതിയ പുതിയ കാര്യങ്ങൾ പഠിച്ചു കൊണ്ടേ ഇരിക്കുകയാണ്. അതുപോലെ വിദ്യാഭ്യാസം മുടങ്ങിപ്പോയവർക്കും ചിലപ്പോൾ അത് പൂർത്തിയാക്കാൻ ആ​ഗ്രഹം കാണും. ഏതായാലും, മിസോറാമിൽ നിന്നുള്ള ലാൽറിംഗ്താര തന്റെ 78-ാം വയസ്സിൽ 9 -ാം ക്ലാസിൽ ചേർന്നിരിക്കുകയാണ്. 

1945 -ൽ മിസോറാം-മ്യാൻമർ അതിർത്തിയോട് ചേർന്നുള്ള ചമ്പായി ജില്ലയിലെ ഖുവാങ്‌ലെങ് ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. അന്ന് അദ്ദേഹത്തിന് രണ്ടാം ക്ലാസ് വരെ മാത്രമേ പഠിക്കാൻ കഴിഞ്ഞുള്ളൂ. വളരെ ചെറുപ്പത്തിൽ തന്നെ അച്ഛനെ നഷ്ടപ്പെട്ടതിനാൽ കുടുംബം കടുത്ത ദാരിദ്ര്യത്തിലേക്ക് വീണതായിരുന്നു അതിന് കാരണം. രണ്ടാമത്തെ വയസിലാണ്  ലാൽറിംഗ്താരയ്ക്ക് തന്റെ അച്ഛനെ നഷ്ടപ്പെടുന്നത്. പിന്നാലെ തന്നെ അമ്മയ്‍ക്കൊപ്പം അവനും പാടത്തിറങ്ങി. 

രണ്ടാം ക്ലാസ് വരെ ഖുവാങ്‌ലെങ്ങിലാണ് ലാൽറിംഗ്താര പഠിച്ചത്. എന്നാൽ, 1995 -ൽ അമ്മ ന്യൂ ഹ്രുയിക്കാം ഗ്രാമത്തിലേക്ക് മാറിയതോടെ അവന്റെ പഠനത്തിന് ഒരു ഇടവേളയുണ്ടായി. പിന്നെ മൂന്ന് വർഷം കഴിഞ്ഞാണ് അമ്മ 
അവനെ വീണ്ടും സ്കൂളിൽ ചേർക്കുന്നത്. എങ്കിലും അമ്മയോടൊപ്പം പാടത്ത് പണിക്ക് പോകേണ്ടി വന്നത് പിന്നെയും പഠനത്തിൽ തടസമുണ്ടാക്കി. ശേഷം അദ്ദേഹം പ്രദേശത്തെ പ്രെസ്ബിറ്റീരിയൻ പള്ളിയിലെ ​ഗാർഡായി ജോലിക്ക് കയറി. അതേ ജോലിയാണ് അദ്ദേഹം തുടരുന്നതും. 

ഇത്രയേറെ തടസങ്ങൾ ഉണ്ടായെങ്കിലും മിസോ ഭാഷ പഠിച്ചെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 2018 -ൽ 70 വർഷത്തിന് ശേഷം അദ്ദേഹം എട്ടാം ക്ലാസ് പൂർത്തിയാക്കി. തുടർന്നും പഠിക്കണം എന്ന് ആ​ഗ്രഹിച്ചിരുന്നു എങ്കിലും അവിടെ തുടർന്ന് പഠിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. അതിനാൽ ഈ വർഷം ഏപ്രിലിൽ ലാൽറിംഗ്താര രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ ഹൈസ്കൂളിൽ പ്രവേശനം നേടാനായി എത്തി. ആദ്യം സ്കൂൾ അധികൃതർ അമ്പരന്ന് പോയെങ്കിലും അദ്ദേഹത്തിന് അവിടെ പ്രവേശനം നൽകി. ഒപ്പം തന്നെ യൂണിഫോമും ആവശ്യത്തിനുള്ള പുസ്തകങ്ങളും നൽകി. 

ഇന്ന് ദിവസവും മൂന്ന് കിലോമീറ്റർ നടന്നാണ് അദ്ദേഹം സ്കൂളിൽ പോകുന്നത്. അതിനി എത്ര മഴയാണെങ്കിലും വെയിലാണെങ്കിലും അദ്ദേഹം ദിവസവും സ്കൂളിൽ എത്തുന്നു. പഠിക്കാനുള്ള ആ​ഗ്രഹം ഉണ്ടെങ്കിൽ അതിന് പ്രായം ഒരു തടസമേ അല്ല എന്നാണ് ലാൽറിംഗ്താര പറയുന്നത്. 

PREV
Read more Articles on
click me!

Recommended Stories

എഐ ചിത്രങ്ങളോടുള്ള പ്രതിഷേധം: സഹപാഠിയുടെ കലാസൃഷ്ടികൾ ചവച്ചരച്ച് വിഴുങ്ങി വിദ്യാർത്ഥി, പിന്നാലെ അറസ്റ്റിൽ
ഇരട്ട സഹോദരന്മാരെ ഒരേസമയം ഡേറ്റ് ചെയ്ത് യുവതി; പിന്തുണച്ച് ഇരുകുടുംബങ്ങളും