Latest Videos

4 ട്രെയിൻ, 1 ഫ്ലൈറ്റ്, 5 മണിക്കൂർ, കാമുകിയെ കാണാൻ ദിവസം ജോലിസ്ഥലത്ത് നിന്നും തിരികെ എത്തുന്ന യുവാവ്

By Web TeamFirst Published May 1, 2024, 3:05 PM IST
Highlights

മറ്റൊരു വീഡിയോയിൽ, ജർമ്മൻ സമയം പുലർച്ചെ 4:34 ന് യാത്ര ആരംഭിക്കുന്നത് കാണാം. ആദ്യത്തെ ട്രെയിനിൽ കയറാൻ വേണ്ടി സൈക്കിളിലാണ് സ്റ്റേഷനിലേക്ക് പോകുന്നത്. തുടർന്ന് ട്രെയിൻ കയറി പുലർച്ചെ 5.33 ഓടെ വിമാനത്താവളത്തിലെത്തുന്നതും കാണാം.

ജോലി സ്ഥലത്തേക്ക് ഒരുപാട് ദൂരമുണ്ടെങ്കിൽ ശരിക്കും മടുപ്പ് തോന്നും. എന്നാൽ, ജർമ്മനിയിൽ നിന്നുള്ള ഈ യുവാവിന്റെ കാര്യം വിചിത്രമാണ്. ടിക് ടോക്ക് ഇൻഫ്ലുവൻസറായ സെബ് എന്ന യുവാവ് ജോലി സ്ഥലത്ത് നിന്നും തിരികെ കാമുകിയുടെ അടുത്തെത്തുന്നതിനായി ദിവസം 5 മണിക്കൂറാണ് യാത്ര ചെയ്യുന്നത്. 

തീർന്നില്ല, ഇതിനായി ഒരു ഫ്ലൈറ്റും നാല് ട്രെയിനുകളും കയറിയാണ് അയാൾ സഞ്ചരിക്കുന്നത്. ജർമ്മനിയിലെ ഹാംബർഗിൽ നിന്നാണ് സെബിന്റെ യാത്ര ആരംഭിക്കുന്നത്. ലണ്ടനിലെ കാനറി വാർഫിലാണ് ആ യാത്ര അവസാനിക്കുക. വാടക നല്കാനുള്ള പണം ലാഭിക്കാൻ വേണ്ടിയല്ല താനീ യാത്ര ചെയ്യുന്നത് എന്നും മറിച്ച് ഹാംബർഗിൽ താമസിക്കുന്ന തന്റെ കാമുകിയോടുള്ള സ്നേഹം കൊണ്ടാണ് താനിത് ചെയ്യുന്നത് എന്നും സെബ് പറയുന്നു. 

തൻ്റെ ടിക് ടോക്ക് വീഡിയോയിൽ സെബ് പറയുന്നത്, കാനറി വാർഫിലെ തൻ്റെ ഓഫീസിൽ നിന്ന് വൈകുന്നേരം 5 മണിക്ക് താൻ പുറപ്പെട്ടു എന്നാണ്. രണ്ട് ട്രെയിനുകൾ പിടിച്ച് ഒരു മണിക്കൂറിനുള്ളിൽ ഹീത്രൂവിൽ എത്തിയെന്നും സെബ് പറയുന്നു. വിമാനം പുറപ്പെടുക ഒരു മണിക്കൂറിന് ശേഷമാണ്. അതിനുള്ളിൽ കുറച്ച് ഭക്ഷണം കഴിച്ചു. ഹാംബർഗിൽ എത്തിയ സെബ് പറയുന്നത് "ഡോച്ച്‌ലാൻഡിലെ യൂറോപ്യൻ മണ്ണിൽ താൻ തിരിച്ചെത്തി" എന്നാണ്. ശേഷം ഓടിയാണ് മൂന്നാമത്തേയും നാലാമത്തേയും ട്രെയിൻ പിടിക്കുന്നത്. 

നാല് മണിക്കൂറും 57 മിനിറ്റുമാണ് ഇയാൾ ഇപ്പോൾ വീട്ടിലെത്താൻ ഉപയോ​ഗിച്ചിരിക്കുന്ന ഏറ്റവും കുറഞ്ഞ സമയം. എല്ലാ ദിവസവും സെബിന് ഈ യാത്ര വേണ്ടതില്ല. തിങ്കൾ മുതൽ വ്യാഴം വരെയാണ് ഈ യാത്ര. മറ്റൊരു വീഡിയോയിൽ, ജർമ്മൻ സമയം പുലർച്ചെ 4:34 ന് യാത്ര ആരംഭിക്കുന്നത് കാണാം. ആദ്യത്തെ ട്രെയിനിൽ കയറാൻ വേണ്ടി സൈക്കിളിലാണ് സ്റ്റേഷനിലേക്ക് പോകുന്നത്. തുടർന്ന് ട്രെയിൻ കയറി പുലർച്ചെ 5.33 ഓടെ വിമാനത്താവളത്തിലെത്തുന്നതും കാണാം.

എന്തായാലും, വീഡിയോ കണ്ടവർ അമ്പരന്നിരിക്കുകയാണ്. ഇങ്ങനെ യാത്ര ചെയ്ത് എങ്ങനെ ജോലി ചെയ്യും എന്നാണ് പലരുടേയും സംശയം. ഒപ്പം യാത്രക്ക് വേണ്ടി വരുന്ന ചിലവിനെ കുറിച്ചും പലരും ചോദിക്കുന്നുണ്ട്. 

tags
click me!