ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി ചെയ്‍താൽ മതി, ജീവനക്കാരെ ഹാപ്പിയാക്കാൻ 100 കമ്പനികൾ

By Web TeamFirst Published Dec 1, 2022, 2:50 PM IST
Highlights

നാലുദിനം മാത്രം പ്രവൃത്തിദിനം എന്നതിനെ പിന്തുണയ്ക്കുന്നവർ പറയുന്നത് അഞ്ചും ആറും ദിവസം ജോലി ചെയ്യുക എന്നതൊക്കെ കാലഹരണപ്പെട്ട സം​ഗതിയാണ് എന്നാണ്.

ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി ചെയ്താൽ മതിയാവും എന്ന് വന്നാൽ എന്ത് നല്ല അവസ്ഥയായിരിക്കും അല്ലേ? മിക്കവരും ജോലി ചെയ്യേണ്ട അഞ്ചോ ആറോ ദിവസം കഷ്ടപ്പെട്ടാവും തള്ളി നീക്കുന്നത്. എന്നാലിപ്പോൾ ലോകത്തിന്റെ പല ഭാ​ഗത്തും ആഴ്ചയിൽ നാല് ദിവസം ജോലി മൂന്ന് ദിവസം അവധി എന്ന സാഹചര്യം വന്നിട്ടുണ്ട്. പല കമ്പനികളും ഇത് നടപ്പിലാക്കുന്നുമുണ്ട്. യുകെ -യിൽ നൂറ് കമ്പനികൾ തങ്ങളുടെ ജോലിക്കാർ ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി ചെയ്താൽ മതിയെന്ന് അം​ഗീകരിച്ചിരിക്കുകയാണ് ഇപ്പോൾ. 

ഇങ്ങനെ നാല് ദിവസം മാത്രം ജോലി ചെയ്താൽ ശമ്പളത്തിൽ കുറവുണ്ടാകുമോ എന്നാണോ ചിന്തിക്കുന്നത്. ശമ്പളത്തിൽ യാതൊരു കുറവുമില്ലാതെയാണ് ആ നാലുദിനം മാത്രം പ്രവൃത്തി ദിനം ആക്കിയിരിക്കുന്നത്. മൊത്തത്തിൽ യുകെ -യിൽ ആളുകൾക്ക് ജോലിയോടും അവധി ദിനങ്ങളോടും ഉള്ള കാഴ്ചപ്പാട് വ്യക്തമാക്കുന്നതാണ് ഈ പുതിയ നീക്കം. 

100 കമ്പനികളിലെ 2,600 ജീവനക്കാർ എന്നത് യുകെയിൽ നിലവിൽ ജോലി ചെയ്യുന്ന ജനസംഖ്യയുടെ ഒരു ചെറിയ ശതമാനത്തെ മാത്രമേ കാണിക്കുന്നുള്ളൂ. എന്നാൽ പോലും ഈ നാല് ദിവസം മാത്രം പ്രവൃത്തിദിനം എന്നത് മാറ്റത്തിന് വേണ്ടിയുള്ള ഒരു പുതിയ കാമ്പയിനിന്റെ തുടക്കമാവും എന്നാണ് കരുതുന്നത്. 

ടെക്നോളജി, ഇവന്റ്സ്, മാർക്കറ്റിം​ഗ് എന്നീ മേഖലയിൽ പ്രവർത്തിക്കുന്ന ഓർ​ഗനൈസേഷനുകളാണ് കൂടുതലായി നിലവിൽ ഈ മാറ്റം നടപ്പിൽ വരുത്തിയിരിക്കുന്നത്. എന്നാൽ, നിർമ്മാണ മേഖലയിലെ തൊഴിലാളികളും ഇതിന്റെ ഭാ​ഗമാകുന്നു എന്നാണ് പറയുന്നത്. 

നാലുദിനം മാത്രം പ്രവൃത്തിദിനം എന്നതിനെ പിന്തുണയ്ക്കുന്നവർ പറയുന്നത് അഞ്ചും ആറും ദിവസം ജോലി ചെയ്യുക എന്നതൊക്കെ കാലഹരണപ്പെട്ട സം​ഗതിയാണ് എന്നാണ്. നാല് ദിനം മാത്രം ജോലി ചെയ്യുമ്പോൾ ആളുകളിലെ പ്രൊഡക്ടിവിറ്റി കൂടുമെന്നും അഞ്ച് ദിവസം കൊണ്ട് ചെയ്യേണ്ട ജോലി നാല് ദിനം കൊണ്ട് ചെയ്യാൻ ജോലിക്കാർക്ക് സാധിക്കും എന്നും പറയുന്നു. 

ആദ്യമായി ഇതു നടപ്പിലാക്കിയ കമ്പനികൾ അത് സത്യമാണ് എന്നും വളരെ അധികം ​ഗുണപ്രദമാണ് എന്നുമാണ് പറയുന്നത്. 450 ജോലിക്കാരുള്ള Atom ബാങ്കും ആഗോള മാർക്കറ്റിംഗ് കമ്പനിയായ അവിനും നാലുദിനം മാത്രം പ്രവൃത്തി ദിനമെന്നത് നടപ്പിലാക്കാൻ പോകുന്ന കമ്പനികളാണ്. 

ഗാർഡിയനിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഒരു തിങ്ക് ടാങ്ക് പ്രകാരം വിലക്കയറ്റം മൂലമുണ്ടാകുന്ന നിലവിലെ സാമ്പത്തിക പ്രശ്‌നം പരിഹരിക്കാൻ ഈ നാല് ദിവസം മാത്രം ജോലി എന്നത് സഹായിക്കുമെന്ന് പറയുന്നു.

tags
click me!