
ഒരു നാലുവയസുകാരന്റെ സമയോചിതമായ ഇടപെടൽ അമ്മയെ മരണത്തിൽ നിന്നും രക്ഷിച്ചു. അവൻ എന്ത് ചെയ്തു എന്നല്ലേ? കൃത്യസമയത്ത് ആംബുലൻസ് വിളിച്ചു. അതും എങ്ങനെയാണ് ഒരു അത്യാവശ്യ ഘട്ടത്തിൽ ആംബുലൻസ് വിളിക്കേണ്ടത് എന്ന് തലേ ദിവസം മാത്രമാണ് അവൾ മകന് പഠിപ്പിച്ച് കൊടുക്കുന്നത്.
മോണ്ടി കോക്കർ എന്ന നാല് വയസുകാരൻ ആഗസ്ത് 27 ബുധനാഴ്ചയാണ് നാഷണൽ എമർജൻസി നമ്പറിലേക്ക് വിളിക്കുന്നത്. വിളിച്ച ഉടനെ അമ്മ വീണു എന്ന് അവൻ അവരോട് പറയുകയായിരുന്നു. "ഞങ്ങൾ ആ വിലാസത്തിൽ എത്തിയപ്പോൾ, അവൻ ജനാലയ്ക്കരികിൽ നിൽപ്പുണ്ടായിരുന്നു. അവൻ ഞങ്ങൾക്ക് നേരെ കൈവീശി കാണിച്ചു" പാരാമെഡിക്കൽ മാർക്ക് സ്മോൾ പറഞ്ഞു.
വീടിനുള്ളിൽ, മോണ്ടി ആംബുലൻസ് ജീവനക്കാരെ സഹായിച്ചു, അവന്റെ അമ്മ വെൻഡിക്ക് അപസ്മാരം വന്നതായിരുന്നു. അവന്റെ പെട്ടെന്നുള്ള പ്രവൃത്തി ഒരു വലിയ മാറ്റമുണ്ടാക്കി എന്ന് സ്മോൾസ് പറഞ്ഞു: "പ്രത്യേകിച്ച് നിങ്ങൾ വീഴുമ്പോൾ നിങ്ങളുടെ തല ഇടിക്കുകയോ അല്ലെങ്കിൽ നിങ്ങൾക്ക് ദീർഘനേരം അപസ്മാരം ഉണ്ടാകുകയോ ചെയ്താൽ, അത് വളരെ ഗുരുതരമായിരിക്കും" എന്നും അദ്ദേഹം പറഞ്ഞു.
പിന്നീട്, പാരാമെഡിക്സ് ടീം അവന്റെ വീട്ടിലെത്തി അവനെ അഭിനന്ദിച്ച് കൊണ്ടുള്ള ഒരു സർട്ടിഫിക്കറ്റും നൽകി. മോണ്ടിക്ക് താൻ ചെയ്തത് നല്ല ഒരു കാര്യം ആണ് എന്ന് അറിയാമെന്നും എന്നാൽ, അതിൽ വളരെ അധികം ആഹ്ലാദമൊന്നും അവൻ പ്രകടിപ്പിക്കുന്നില്ല എന്നും അവന്റെ അമ്മ പറയുന്നു.
കഴിഞ്ഞ ദിവസം അവന്റെ മുത്തശ്ശി വീട്ടിലെത്തുകയും 'എവിടെ സൂപ്പർ ഹീറോ എവിടെ' എന്ന് അന്വേഷിക്കുകയും ചെയ്തപ്പോൾ അവൻ പറഞ്ഞത്, 'താൻ സൂപ്പർ ഹീറോ ഒന്നും അല്ല വെറും ഹീറോ മാത്രമാണ്' എന്നാണത്രെ.