പണമില്ലാത്തതുകൊണ്ട് ​ഗർഭം ധരിക്കരുത്, ​25 -ൽ താഴെ പ്രായമുള്ളവര്‍ക്ക് ഗർഭനിരോധനമാർ​ഗങ്ങൾ സൗജന്യമാക്കി ഫ്രാൻസ്

Published : Sep 10, 2021, 11:16 AM ISTUpdated : Sep 10, 2021, 11:17 AM IST
പണമില്ലാത്തതുകൊണ്ട് ​ഗർഭം ധരിക്കരുത്, ​25 -ൽ താഴെ പ്രായമുള്ളവര്‍ക്ക് ഗർഭനിരോധനമാർ​ഗങ്ങൾ സൗജന്യമാക്കി ഫ്രാൻസ്

Synopsis

ഫ്രാൻസിൽ 12 -നും 14 -നും ഇടയിൽ പ്രായമുള്ള ആയിരത്തോളം പെൺകുട്ടികൾ ഗർഭിണികളാണെന്നും അതില്‍ 770 പേര്‍ ഗർഭച്ഛിദ്രം നേരിടേണ്ടി വന്നുവെന്നും സർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. 

ഒരു സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് ഫ്രാൻസിലെ ഭരണകൂടം. മറ്റൊന്നുമല്ല, അടുത്ത വർഷം മുതൽ ഫ്രഞ്ച് യുവതികൾക്ക് സൗജന്യമായി ഗർഭനിരോധനാമാര്‍ഗങ്ങള്‍ നല്‍കുമെന്ന് ഫ്രാന്‍സിലെ ആരോഗ്യ മന്ത്രി അറിയിച്ചിരിക്കുന്നു. 25 വയസ്സിന് താഴെയുള്ളവർക്ക് മെഡിക്കൽ അപ്പോയിന്റ്‌മെന്റുകൾ, ടെസ്റ്റുകൾ, അല്ലെങ്കിൽ ഗർഭനിരോധനവുമായി ബന്ധപ്പെട്ട മറ്റ് മെഡിക്കൽ നടപടിക്രമങ്ങൾ എന്നിവയ്ക്ക് പണം ഈടാക്കില്ലെന്ന് ഒലിവിയർ വാരൻ പറയുന്നു. 

"ഇത് ഗർഭനിരോധനം, അതുമായി ബന്ധപ്പെട്ട പരിശോധനകൾ, ഗർഭനിരോധനത്തിന്റെ കുറിപ്പടി തുടങ്ങി, 25 വയസ്സ് വരെ ഗർഭനിരോധനവുമായി ബന്ധപ്പെട്ട എല്ലാ പരിചരണങ്ങളും ഉൾക്കൊള്ളുന്നു" എന്ന് ഫ്രാൻസ് 2 -ന് നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു. 

"ഒരു നിശ്ചിത എണ്ണം യുവതികൾക്കിടയിൽ ഗർഭനിരോധനമാർ​ഗങ്ങൾ ഉപയോഗിക്കുന്നത് കുറയുന്നു. ഇതിന് പ്രധാന കാരണം സാമ്പത്തികമാണ്. ഇതിന് വളരെയധികം ചിലവ് വരും. സ്ത്രീകൾക്ക് സ്വയം പരിരക്ഷിക്കാൻ കഴിയില്ല എന്നത് അംഗീകരിക്കാനാകില്ല. പണമില്ലാത്തതുകൊണ്ട് മാത്രം ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കാനാവാതെ വരുന്ന അവസ്ഥയുണ്ടാവാന്‍ പാടില്ല” എന്നും വാരൻ കൂട്ടിച്ചേർത്തു.

എന്തുകൊണ്ടാണ് സർക്കാർ 25 എന്നൊരു പ്രായപരിധി തിരഞ്ഞെടുത്തതെന്ന് ചോദിച്ചപ്പോൾ, ഇത് കൂടുതൽ ആളുകള്‍ സ്വതന്ത്രമായി നില്‍ക്കുന്ന പ്രായവുമായി ബന്ധപ്പെട്ടതാണെന്നും 25 -ൽ ആളുകൾക്ക് അവരുടെ മാതാപിതാക്കളുടെ 'മ്യൂട്ടുവെൽ' എന്ന കോംപ്ലിമെന്‍ററി ഹെല്‍ത്ത് ഇൻഷുറൻസ് പരിരക്ഷയില്ലാത്തതിനാലാണ് ഇത് എന്നും വാരന്‍ പറയുന്നു. 

പല സ്ത്രീകളും ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപേക്ഷിക്കുന്ന പ്രായവും ഇതുതന്നെയാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവർക്ക് കുട്ടികളുണ്ടാകാനുള്ള ആഗ്രഹം കൊണ്ടല്ല, മറിച്ച് ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ചെലവേറിയതായതു കൊണ്ടാണ് പല സ്ത്രീകളും അമ്മയാവുന്നത് എന്നും അദ്ദേഹം പറയുന്നു. 

ഗുളിക, ഐയുഡി ഉപകരണങ്ങൾ, ഗർഭനിരോധന ഇംപ്ലാന്റുകൾ എന്നിവ ഉൾക്കൊള്ളുന്ന ഈ നടപടിക്ക് ഫ്രാൻസിന്റെ ആരോഗ്യ സംവിധാനമായ അഷ്വറൻസ് മാലാഡിക്ക് പ്രതിവർഷം 21 മില്യൺ പൗണ്ട് ചിലവാകും എന്നാണ് കരുതുന്നത്. 2013 മുതൽ 15 -നും 18 -നും ഇടയിൽ പ്രായമുള്ളവർക്കും 2020 ആഗസ്റ്റ് മുതൽ 15 വയസ്സിന് താഴെയുള്ളവർക്കും ഫ്രാൻസിൽ ഗർഭനിരോധനം സൗജന്യമായിരുന്നു. ഇത് ഗർഭച്ഛിദ്രങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാക്കി എന്നാണ് കണക്കുകൾ പറയുന്നത്.

ഫ്രാൻസിൽ 12 -നും 14 -നും ഇടയിൽ പ്രായമുള്ള ആയിരത്തോളം പെൺകുട്ടികൾ ഗർഭിണികളാണെന്നും അതില്‍ 770 പേര്‍ ഗർഭച്ഛിദ്രം നേരിടേണ്ടി വന്നുവെന്നും സർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. 15 മുതൽ 18 വയസ്സുവരെയുള്ളവർക്ക് സൗജന്യ ഗർഭനിരോധനം വാഗ്ദാനം ചെയ്തതിനാൽ, ഔദ്യോഗിക കണക്കുകൾ പ്രകാരം 2012 -ൽ 1000 ഗർഭിണികൾക്ക് 9.5 -ൽ നിന്ന് 2018 -ൽ ആറിലേക്ക് ഗർഭച്ഛിദ്രം കുറഞ്ഞിരുന്നു എന്നും കണക്കുകള്‍ പറയുന്നു. ഈ പുതിയ തീരുമാനം ​ഗർഭച്ഛിദ്രത്തിന്റെ എണ്ണം വീണ്ടും കുറയ്ക്കുമെന്നാണ് കരുതുന്നത്. 


 

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം