മൃ​ഗശാലയിൽ കൂട് തകർത്ത് പുറത്തിറങ്ങി കാണ്ടാമൃ​ഗം, ജീവനും കൊണ്ടോടി സന്ദർശകർ

By Web TeamFirst Published Sep 10, 2021, 9:29 AM IST
Highlights

അത് മറ്റിടങ്ങളിൽ അലഞ്ഞുതിരിയാതിരിക്കാൻ ജീവനക്കാർ ട്രക്കുകൾ ഉപയോഗിച്ച് പ്രതിരോധം തീർത്തു. സ്റ്റാഫ് അംഗങ്ങൾ ഭക്ഷണം കാണിച്ചും മറ്റ് തന്ത്രങ്ങൾ പയറ്റിയും മൃഗത്തെ അതിന്റെ കൂട്ടിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിച്ചു. 

കുട്ടികൾക്ക് ഏറെ കൗതുകം നിറഞ്ഞ ഒരിടമാണ് മൃഗശാല. കൂടിനകത്ത് കിടക്കുന്ന മൃഗങ്ങൾ ഒരേസമയം കൗതുകവും, ഭയവും ഉണർത്തുന്നു. എന്നാൽ, അവ എപ്പോഴെങ്കിലും കൂട് തകർത്ത് പുറത്തിറങ്ങുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? യുഎസ്സിലെ ഒമാഹയിലെ ഹെൻറി ഡോർലി മൃഗശാലയിൽ കഴിഞ്ഞ ദിവസം അത്തരമൊരു സംഭവമാണ് അരങ്ങേറിയത്. കൂട്ടിനകത്തായിരുന്നു 5,000 പൗണ്ട് ഭാരമുള്ള കാണ്ടാമൃഗം അതിൽ നിന്ന് രക്ഷപ്പെട്ട് പുറത്തിറങ്ങിയതോടെ സന്ദർശകർ ഭയന്ന് ജീവനും കൊണ്ട് ഓടി ഒളിച്ചു. ആളുകളോട് കെട്ടിടങ്ങൾക്കുള്ളിൽ തന്നെ തുടരാൻ മൃഗശാല ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.  

ജോന്തു എന്ന ഇന്ത്യൻ കാണ്ടാമൃഗമാണ് അതിന്റെ കൂട്ടിൽ നിന്ന് രക്ഷപ്പെട്ട് ഉച്ചയ്ക്ക് ഒരു മണിയോടെ പക്ഷിനിരീക്ഷണത്തിന് പിന്നിലുള്ള പാതയിൽ എത്തിയത്. തുടർന്ന് സന്ദർശകരെയും, ജീവനക്കാരെയും പെട്ടെന്ന് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുകയായിരുന്നു. കൂടാതെ, മൃഗശാലയിലേക്കുള്ള എല്ലാ പ്രവേശന പോയിന്റുകളും അടച്ചു. അതേസമയം ഈ കോലാഹലമെല്ലാം നടക്കുമ്പോഴും കാണ്ടാമൃഗം അതൊന്നും ശ്രദ്ധിക്കാതെ പ്രദേശത്തെ പുല്ലിൽ മേഞ്ഞു നടക്കുകയായിരുന്നു. അത് മറ്റിടങ്ങളിൽ അലഞ്ഞുതിരിയാതിരിക്കാൻ ജീവനക്കാർ ട്രക്കുകൾ ഉപയോഗിച്ച് പ്രതിരോധം തീർത്തു. സ്റ്റാഫ് അംഗങ്ങൾ ഭക്ഷണം കാണിച്ചും മറ്റ് തന്ത്രങ്ങൾ പയറ്റിയും മൃഗത്തെ അതിന്റെ കൂട്ടിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിച്ചു. ആവശ്യമെങ്കിൽ അവസാന ആശ്രയമായി ഉപയോഗിക്കാൻ മയക്ക് വെടികളും വെറ്റുകൾ കരുതിയിരുന്നു.  

എന്നിട്ടും ഏകദേശം 50 മിനിറ്റോളം അത് പുറത്തായിരുന്നു. ഒടുവിൽ പുറത്തെ കാഴ്ചകൾ കണ്ട് മടുത്തപ്പോൾ അത് തിരികെ കൂട്ടിലേക്ക് പോവുകയും ചെയ്തു. സംഭവത്തിൽ ഭാഗ്യവശാൽ മൃഗങ്ങൾ ഉൾപ്പെടെ ആർക്കും പരിക്കേറ്റിട്ടില്ല. എന്നാലും, ഇത്തരമൊരു കാര്യം വീണ്ടും സംഭവിക്കാതിരിക്കാൻ, കാണ്ടാമൃഗത്തെ കണ്ടെത്തിയ തുറന്ന പ്രദേശം കൊട്ടിയടക്കുമെന്ന് മൃഗശാല പറഞ്ഞു. ജോന്തു ശരിയായി പൂട്ടിയിട്ടില്ലാത്ത കൂടിന്റെ വാതിൽ തന്റെ മൂക്ക് ഉപയോഗിച്ച് തുറന്നുവെന്നാണ് അധികൃതർ വിശ്വസിക്കുന്നത്. അവൻ രക്ഷപ്പെട്ട വാതിലിന്റെ പൂട്ട് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.  

(ചിത്രത്തിൽ ഇന്ത്യൻ കാണ്ടാമൃ​ഗം, പ്രതീകാത്മകചിത്രം)

click me!